പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ന്യൂസിലൻഡിൽ ഔദ്യോഗിക സന്ദർശനത്തിനെത്താനിരിക്കെ, രാജ്യത്തെ കുടിയേറ്റ നിയമങ്ങൾ പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണമുന്നണിയിൽ കടുത്ത അഭിപ്രായ ഭിന്നത ഉടലെടുക്കുന്നു. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരെ മാത്രം ലക്ഷ്യമിട്ട് ഇമിഗ്രേഷൻ നിയമങ്ങളിൽ മാറ്റം വരുത്താനുള്ള നീക്കമാണ് മന്ത്രിമാർക്കിടയിൽ തർക്കത്തിന് വഴിവെച്ചിരിക്കുന്നത്.
ഇമിഗ്രേഷൻ മന്ത്രി എറീക്ക സ്റ്റാൻഫോഡ് തയ്യാറാക്കിയ കരട് ബില്ലാണ് വിവാദത്തിന് തുടക്കമിട്ടത്. നിർദ്ദിഷ്ട
നിയമ ഭേദഗതിയുടെ കരട് മറ്റ് മന്ത്രിമാർക്ക് കൈമാറിയതിന് പിന്നാലെ വിദേശകാര്യ മന്ത്രി വിൻസ്റ്റൺ പീറ്റേഴ്സ് ശക്തമായ എതിർപ്പുമായി രംഗത്തെത്തി. മറ്റ് രാജ്യങ്ങളെ ഒഴിവാക്കി ഇന്ത്യക്കാരെ മാത്രം പ്രത്യേകമായി നിയമപരിധിയിൽ കൊണ്ടുവരുന്നതിലെ യുക്തിയാണ് അദ്ദേഹം ചോദ്യം ചെയ്തത്.
നിയമ മാറ്റത്തിന് ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ലെന്നും ഇല്ലാത്ത പ്രശ്നങ്ങൾ ഉയർത്തുകയാണെന്നുമാണ് എറീക്ക സ്റ്റാൻഫോഡ് ഇതിന് മറുപടി നൽകിയത്. എന്നാൽ കരട് ബില്ല് മന്ത്രിമാർക്ക് ലഭിച്ച സാഹചര്യത്തിൽ ഇത് അവിശ്വസനീയമാണെന്ന് പീറ്റേഴ്സ് തിരിച്ചടിച്ചു.
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഉഭയകക്ഷി സ്വതന്ത്ര വ്യാപാരക്കരാർ (FTA) നടപ്പിലാകുന്നതിന് മുൻപ് ഇത്തരമൊരു നീക്കം വരുന്നത് നയതന്ത്ര ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്ന് വിൻസ്റ്റൺ പീറ്റേഴ്സ് ആശങ്ക പ്രകടിപ്പിച്ചു. “ഇന്ത്യയും ന്യൂസിലൻഡും തമ്മിലെ ബന്ധം മോശമാകുമോ എന്നു തനിക്ക് ഭയമുണ്ടെന്നും ബില്ലിനെക്കുറിച്ച് മോദി അറിയാതിരിക്കുന്നതാണ് നല്ലതെന്നും” അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിസിനസ് സൗഹൃദ രാജ്യമെന്ന ന്യൂസിലൻഡിന്റെ പ്രതിച്ഛായയെയും ഇത് ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. പുതിയ ഭേദഗതി പ്രകാരം ഇന്ത്യയിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികളുടെ വീസ പ്രതിവർഷം 5000 ആയി പരിമിതപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
ഐടി, ഹെൽത്ത്കെയർ, പാചകവിദഗ്ധർ, യോഗ ഇൻസ്ട്രക്ടർമാർ തുടങ്ങിയവരെയാണ് ഇത് പ്രധാനമായും ബാധിക്കുക. കൂടാതെ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനും കർശന നിയന്ത്രണങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്.
നേരത്തെ, മന്ത്രി ഷെയ്ൻ ജോൺസ് എഫ്ടിഎക്കെതിരെയും ഇന്ത്യൻ കുടിയേറ്റത്തിനെതിരെയും കടുത്ത പരാമർശം നടത്തിയിരുന്നു. “നിയന്ത്രണമില്ലാത്ത കുടിയേറ്റം രാജ്യത്ത് വേതനം കുറയാനും റോഡുകളും ആശുപത്രികളും പൊതുസേവന സ്ഥാപനങ്ങളും തിരക്കേറിയതാകാനും ഇടവരുത്തും.
ഈ ബട്ടർ ചിക്കൻ സൂനാമിയെ ഞാൻ ഒരിക്കലും അംഗീകരിക്കില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിലവിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം ശക്തമാണ്.
2024-25 കാലയളവിൽ 130 കോടി ഡോളറിന്റെ ഉൽപന്ന വ്യാപാരവും 124 കോടി ഡോളറിന്റെ സേവന വ്യാപാരവുമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളത്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ വിവാദപരമായ കുടിയേറ്റ നിയമ നിർമ്മാണത്തിൽ നിന്ന് സർക്കാർ പിന്മാറുമെന്നാണ് ഇന്ത്യൻ പ്രവാസികളുടെ പ്രതീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

