മാർച്ച് 9 മുതൽ വിഴിഞ്ഞം പുറംകടലിൽ നങ്കൂരമിട്ടിരുന്ന വിദേശ കപ്പലായ എംടി സോളിസിന് പുറപ്പെടാൻ അധികൃതർ അനുമതി നൽകി. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്നലെ രാത്രി 7.30-ഓടെ കപ്പൽ കൊളംബോയിലേക്ക് യാത്ര തിരിച്ചു.
കൊച്ചി മെർക്കന്റൈൽ മറൈൻ ഡിപ്പാർട്മെന്റ് ജോയിന്റ് ഡയറക്ടർ ജനറൽ (ടെക്) പ്രിൻസിപ്പൽ ഓഫിസർ ജെ.സെന്തിൽ കുമാറാണ് കപ്പലിന് യാത്രാനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. അപകടവുമായി ബന്ധപ്പെട്ട് കപ്പൽ ഉടമകളും അധികൃതരും തമ്മിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് കപ്പൽ വിട്ടയക്കാൻ തീരുമാനമായത്.
വിദേശ കപ്പൽ വിഴിഞ്ഞത്ത് നങ്കൂരമിട്ട വകയിൽ വാടക ഇനത്തിൽ 30 ലക്ഷം രൂപ വരുമാനം ലഭിച്ചതായി കേരള മാരിടൈം ബോർഡ് വിഴിഞ്ഞം തുറമുഖ പർസർ എസ്.വിനുലാൽ, അസിസ്റ്റന്റ് പോർട്ട് കൺസർവേറ്റർ എം.എസ്.അജീഷ് എന്നിവർ സ്ഥിരീകരിച്ചു.
മടക്കയാത്രയ്ക്ക് മുന്നോടിയായി കപ്പലിലേക്ക് ആവശ്യമായ പലവ്യഞ്ജനങ്ങളും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചിരുന്നു. മാർച്ച് 7-ന് കന്യാകുമാരി തീരത്തുണ്ടായ അപകടത്തിൽ കൊല്ലം സ്വദേശിയുടേതായ ‘സെന്റ് ജോസഫ്’ എന്ന ബോട്ടാണ് മുങ്ങിയത്.
ബോട്ടിലുണ്ടായിരുന്ന 11 പേരിൽ കൊൽക്കത്ത സ്വദേശികളായ ലഖാൻ ദാസ് (45), മകൻ ബാദൽ (23) എന്നിവരെ കടലിൽ കാണാതായിരുന്നു. മറ്റ് 9 പേർ പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
ക്യാപ്റ്റൻ ലെ വാൻ ട്യുവാൻ ഉൾപ്പെടെ 20 വിയറ്റ്നാം പൗരന്മാരാണ് നിലവിൽ എംടി സോളിസിൽ ജീവനക്കാരായി ഉള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

