നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ ഉയർന്ന ബന്ധുനിയമന വിവാദത്തിൽ മൗനം പാലിച്ച് മന്ത്രി സണ്ണി ജോസഫ്. വകുപ്പിലെ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നുവെന്നാരോപിച്ച് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിനിടെയാണ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് സഹോദരി ഭർത്താവിനെ നിയമിച്ച വിഷയം പ്രതിപക്ഷം സഭയിൽ ഉന്നയിച്ചത്.
മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി കോൺഗ്രസ് നേതാവായ ബെന്നി തോമസിനെ നിയമിച്ചതാണ് പുതിയ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. ഇടതുപക്ഷ ഭരണകാലത്ത് നടന്ന ബന്ധുനിയമനങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്ന യുഡിഎഫ്, അധികാരത്തിൽ എത്തിയപ്പോൾ അതേ പാത പിന്തുടരുകയാണെന്ന് പ്രതിപക്ഷം വിമർശിച്ചു.
എംഎൽഎ വി ജോയ് ആണ് ഈ വിഷയം സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ പാർലമെന്ററികാര്യ മന്ത്രിയാണ് മറുപടി നൽകിയതെങ്കിലും, ബന്ധുനിയമനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മന്ത്രി സണ്ണി ജോസഫ് നേരിട്ട് മറുപടി നൽകാൻ തയ്യാറായില്ല.
ജീവനക്കാരെ പ്രതികാരബുദ്ധിയോടെയാണ് സ്ഥലം മാറ്റുന്നതെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. “ഭരണാനുകൂല സംഘനകളുടെ അപേക്ഷയിൽ ജീവനക്കാരെ തെരഞ്ഞ് പിടിച്ചുമാറ്റുന്നു, രോഗികളെയും വിടുന്നില്ല.
വിരമിക്കാൻ നാളുകൾ മാത്രമുള്ളവരെയും ദൂരേക്ക് മാറ്റുന്നു, സോഷ്യൽ മീഡിയ പോസ്റ്റിൻ്റെ പേരിൽ വരെ നടപടി” എന്നിങ്ങനെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന വിമർശനങ്ങൾ. എന്നാൽ, ഇത് സ്വാഭാവികമായ ഭരണപരമായ നടപടികൾ മാത്രമാണെന്നും, മുൻകാലങ്ങളിൽ ഇടതുപക്ഷ സംഘടനകളിൽപ്പെട്ടവർക്കെതിരെ നടന്ന സ്ഥലംമാറ്റങ്ങൾ ചൂണ്ടിക്കാട്ടി, തങ്ങൾ ആ ശൈലി പിന്തുടരില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
അതേസമയം, ഡിസിസി ജനറൽ സെക്രട്ടറിയായ ബെന്നി തോമസിന്റെ ദീർഘകാലത്തെ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം പരിഗണിച്ചാണ് നിയമനം നടത്തിയതെന്ന് മന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു. കെപിസിസി പ്രസിഡന്റ് ആയ കാലയളവിൽ മന്ത്രിയുടെ സഹായിയായി പ്രവർത്തിച്ച യൂത്ത് കോൺഗ്രസ് നേതാവ് സുദീപ് ജെയിംസ് ഉൾപ്പെടെ 13 പേരെയാണ് പുതിയ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ വിഷയത്തിൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം തള്ളിയതോടെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

