അമൃത എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതികളുടെ സ്മാർട്ട്ഫോണുകൾ മോഷ്ടിച്ച കേസിൽ പ്രതി റെയിൽവേ പൊലീസിന്റെ പിടിയിലായി. അസം നാഗോൺ സമഗുരി സ്വദേശി അസറുൾ ഇസ്ലാം (29) ആണ് അറസ്റ്റിലായത്.
കുറ്റകൃത്യം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് ആലുവയിൽ നിന്ന് പ്രതിയെ പൊലീസ് പിടികൂടിയത്. 29ന് പുലർച്ചെ 4.30നായിരുന്നു സംഭവം നടന്നത്.
ട്രെയിനിന്റെ പിൻഭാഗത്തെ ജനറൽ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന ഇടുക്കി മുട്ടം വണ്ണപ്പുറം സ്വദേശി ചിന്നു, ആലുവ സ്വദേശി ജിഷ എന്നിവരുടെ ഫോണുകളാണ് നഷ്ടപ്പെട്ടത്. യാത്രക്കിടെ ചാർജ് ചെയ്യാൻ വെച്ചിരുന്ന 30,000 രൂപ വിലമതിക്കുന്ന നത്തിങ് ഫോണും, 18,000 രൂപ വിലയുള്ള സാംസങ് ഫോണുമാണ് പ്രതി കൈക്കലാക്കിയത്.
ട്രെയിനിന്റെ വേഗത കുറഞ്ഞ സമയത്ത് കഴക്കൂട്ടം സ്റ്റേഷനിൽ ചാടിയിറങ്ങി ഇയാൾ രക്ഷപ്പെടുകയായിരുന്നു. മോഷണം തിരിച്ചറിഞ്ഞ ജിഷയെ ചിന്നു വിളിച്ചുണർത്തുന്നതിനിടയിലാണ് പ്രതി കടന്നുകളഞ്ഞത്.
സംഭവദിവസം മഞ്ഞയും കറുപ്പും കലർന്ന ബനിയൻ ധരിച്ച ഉയരം കുറഞ്ഞയാളാണ് മോഷണം നടത്തിയതെന്ന യുവതികളുടെ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്. സംഭവസ്ഥലത്ത് സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലാതിരുന്നതിനെ തുടർന്ന് റെയിൽവേ പൊലീസ് വിവിധ സ്റ്റേഷനുകളിലെ ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു.
ഇതിനിടയിൽ ആലുവ റെയിൽവേ സ്റ്റേഷനു സമീപം സമാനമായ വസ്ത്രം ധരിച്ച ഒരാൾ ഉറങ്ങുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മോഷ്ടിച്ച ഫോണുകൾ സുഹൃത്തിന് വിറ്റെന്നാണ് ചോദ്യം ചെയ്യലിൽ പ്രതി പൊലീസിന് നൽകിയ മൊഴി. എന്നാൽ ഫോണുകൾ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും, ഇവ വീണ്ടെടുക്കാനുള്ള അന്വേഷണം ഊർജ്ജിതമായി തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
ട്രെയിനുകളിൽ പുലർച്ചെയുള്ള സമയങ്ങളിൽ മോഷണം നടത്തുന്ന സ്ഥിരം കുറ്റവാളിയാണ് പ്രതിയെന്നും, ഇയാൾ ആദ്യമായാണ് നിയമത്തിന് മുന്നിൽ അകപ്പെടുന്നതെന്നും റെയിൽവേ പൊലീസ് വ്യക്തമാക്കി. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
റെയിൽവേ പൊലീസ് എസ്.എച്ച്.ഒ ബാലു ബി. നായർ, എ.എസ്.ഐ വിജയകുമാർ, സി.പി.ഒമാരായ സരിൻ, വിനീഷ്, ഹെഡ് കോൺസ്റ്റബിൾ ജോസ്, കോൺസ്റ്റബിൾ മനോജ് എന്നിവരടങ്ങിയ സംഘമാണ് ഈ കേസിൽ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

