കാഞ്ഞങ്ങാട് ∙ റെയിൽവേ പാലക്കാട് ഡിവിഷനൽ മാനേജർ മധുകർ റൗട്ട് ഇന്നലെ ജില്ലയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ സന്ദർശനം നടത്തി. വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഡിവിഷനൽ റെയിൽവേ മാനേജരും സംഘവും സന്ദർശനം നടത്തിയത്.
കാഞ്ഞങ്ങാട് സ്റ്റേഷനിൽ നിന്നു പഴയ റെയിൽവേ ഗേറ്റ് വരെ പാർക്കിങ് സൗകര്യം നീട്ടാൻ അദ്ദേഹം നിർദേശം നൽകി. ഈ ഭാഗം ഇപ്പോൾ കാടുമൂടി കിടക്കുകയാണ്.
സ്റ്റേഷനിൽ റസ്റ്ററന്റ് ആരംഭിക്കാനുള്ള സ്ഥലവും അദ്ദേഹം സന്ദർശിച്ചു.
സ്റ്റേഷനിൽ നടക്കുന്ന വികസന പ്രവൃത്തികൾ വിലയിരുത്തി. ഏകദേശം 14 കോടിയുടെ വികസന പ്രവൃത്തികളാണ് റെയിൽവേ സ്റ്റേഷനിൽ നടക്കാൻ പോകുന്നത്. പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം, കാഞ്ഞങ്ങാട് ഡവലപ്മെന്റ് ഫോറം ഭാരവാഹികളായ കെ.മുഹമ്മദ് കുഞ്ഞി, കെ.പി.മോഹനൻ എന്നിവരും വികസന ആവശ്യങ്ങൾ ഡിവിഷനൽ മാനേജരുടെ ശ്രദ്ധയിൽപെടുത്തി.
നീലേശ്വരത്ത് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നമുറയ്ക്ക് ഒന്നാം പ്ലാറ്റ്ഫോമിന്റെ വീതികൂട്ടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പാക്കുമെന്നും എൻആർഡിസി ഭാരവാഹികളുമായുള്ള ചർച്ചയിൽ അദ്ദേഹം പറഞ്ഞു. ബേക്കൽ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് കോട്ടിക്കുളം റെയിൽവേ സ്റ്റേഷന്റെ പ്രാധാന്യം പരിഗണിച്ച് പരശുറാം, ഏറനാട് എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടിക്കുളം റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ (കെആർപിഎ) അദ്ദേഹത്തിന് നിവേദനം നൽകി.
ഗേറ്റ് അടഞ്ഞുകിടക്കുമ്പോൾ പ്ലാറ്റ്ഫോം മാറിക്കടക്കാൻ നടപ്പാത ഉണ്ടെങ്കിലും അത് ഉപയോഗിക്കാൻ യാത്രക്കാരും പൊതുജനങ്ങളും പ്രായാധിക്യമുള്ളവരും പ്രയാസപ്പെടുന്നതിനാൽ ഇരുഭാഗത്തും എലിവേറ്റർ സംവിധാനം ഒരുക്കുക, കാരണങ്ങൾ ഇല്ലാതെ നിർത്തലാക്കിയ റിസർവേഷൻ സൗകര്യം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
അസോസിയേഷൻ സെക്രട്ടറി അജിത് കുമാർ ബേലൂർ, ട്രഷറർ കാപ്പിൽ മുഹമ്മദ് സിയാസ് എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

