ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന എച്ച്.പി.വി വാക്സിനേഷന് ക്യാംപയിന്റെ കാലാവധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. നേരത്തെ ഓഗസ്റ്റ് 31 വരെയായിരുന്നു വാക്സിനേഷനായി നിശ്ചയിച്ചിരുന്ന അവസാന തീയതി.
സംസ്ഥാനത്ത് 14 വയസ്സുള്ള പെണ്‍കുട്ടികള്‍ക്കാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി സൗജന്യമായും ആരോഗ്യകേന്ദ്രങ്ങള്‍ മുഖേനയും ഈ പ്രതിരോധ കുത്തിവെപ്പ് ലഭ്യമാക്കുന്നത്. ജില്ലയിലെ എല്ലാ രക്ഷിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് വാക്സിന് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.
എല്‍.ടി സരിത കുമാരി വ്യക്തമാക്കി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിന് തികച്ചും സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
കോഴിക്കോട് ജില്ലയില്‍ ഇതുവരെ ആകെ 12,944 (49%) കുട്ടികളാണ് വാക്സിന് സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ 1,499 കുട്ടികള്‍ക്ക് സ്കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രത്യേക വാക്സിനേഷന് ക്യാമ്പയിനിലൂടെയാണ് കുത്തിവെപ്പ് നല്‍കിയത്.
ഗര്‍ഭാശയഗള കാന്‍സറിനെതിരെയുള്ള വാക്സിന് കൂടി ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആദ്യഘട്ടമെന്ന നിലയില്‍ 14 വയസ്സുള്ള പെണ്‍കുട്ടികള്‍ക്ക് എച്ച്.പി.വി വാക്സിന് നല്‍കുന്നത്. ഗര്‍ഭാശയഗള കാന്‍സറും പ്രതിരോധവും ഗര്‍ഭാശയത്തിന്റെ താഴ്ഭാഗത്തെ ബാധിക്കുന്ന (സെര്‍വിക്സ്) കാന്‍സറാണ് ഗര്‍ഭാശയഗള കാന്‍സര്‍.
99.7 ശതമാനം ഗര്‍ഭാശയഗള കാന്‍സറുകളും ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്.പി.വി) കാരണമാണ് ഉണ്ടാകുന്നത്. ഇന്ത്യയില്‍ സ്ത്രീകളെ ബാധിക്കുന്ന ക്യാന്‍സറുകളില്‍ ഇത് രണ്ടാം സ്ഥാനത്താണ് ഉള്ളത്.
ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധിക്കാന്‍ നിലവില്‍ രാജ്യത്തുള്ള വാക്സിനാണ് എച്ച്.പി.വി വാക്സിന്. വിപണിയില്‍ 4000 രൂപ വിലവരുന്ന വാക്സിനാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സൗജന്യമായി നല്‍കുന്നത്.
എച്ച്.പി.വി വൈറസ് മൂലമുണ്ടാകുന്ന അണുബാധയില്‍നിന്ന് സുരക്ഷയൊരുക്കുന്ന ആന്റിബോഡികള്‍ വാക്സിന് സ്വീകരിക്കുന്നയാളുടെ ശരീരത്തില്‍ സൃഷ്ടിക്കപ്പെടുന്നു. സമയബന്ധിതമായ വാക്സിനേഷനും സെര്‍വിക്കല്‍ സ്ക്രീനിങ്ങും വഴി സെര്‍വിക്കല്‍ ക്യാന്‍സറിനുള്ള സാധ്യത വലിയ തോതില്‍ കുറക്കാനാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

