സംസ്ഥാന സർക്കാരിന്റെ ബജറ്റിലെ മുൻഗണനാ പദ്ധതികളുടെ നടത്തിപ്പ് ചുമതല ലണ്ടൻ ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട് ഇതുവരെയും ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. പ്രതിപക്ഷത്തിന്റെ ശക്തമായ വിമർശനങ്ങൾ നിലനിൽക്കെയാണ് കൺസൽട്ടൻസി ഏജൻസികളുടെ നിയമനത്തിൽ മുൻകാല ഇടത് സർക്കാരുകളുടെ അതേ വഴി തന്നെ യുഡിഎഫ് സർക്കാരും പിന്തുടരുന്നത്.
മുൻകാലങ്ങളിൽ വിവിധ പദ്ധതികളുടെ നടത്തിപ്പിൽ കെപിഎംജി, പിഡബ്ളുസി, ബിട്രേയിറ്റ് തുടങ്ങിയ കൺസൽട്ടൻറ് കമ്പനികളെ നിയോഗിച്ചതിനെതിരെ ശക്തമായ നിലപാടെടുത്ത കോൺഗ്രസ്, ഭരണത്തിലെത്തിയതോടെ സമാനമായ രീതി തുടരുന്നതാണ് ഇപ്പോൾ രാഷ്ട്രീയ ചർച്ചയാകുന്നത്. സംസ്ഥാന സർക്കാരിന്റെ മുൻഗണനാ പദ്ധതികളുടെ നിർവഹണ രീതികൾ രൂപപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച മൂന്നു ദിവസത്തെ വട്ടമേശ സമ്മേളനത്തിന്റെ നടത്തിപ്പു ചുമതലയാണ് ലണ്ടൻ ആസ്ഥാനമായ ബഹുരാഷ്ട്ര പ്രഫഷനൽ സർവീസസ് ശൃംഖലയായ ഗ്രാന്റ് തോൺടൺ കമ്പനിക്ക് നൽകിയത്.
ജിഎസ്ടി ഉൾപ്പെടെ അരക്കോടിയോളം രൂപ പ്രതിഫലം നൽകിയാണ് കമ്പനിയെ സമ്മേളനത്തിന്റെ ‘നോളജ് പാർട്ണർ’ ആയി ഉൾപ്പെടുത്തിയത്. തലസ്ഥാനത്തെ ഒരു സ്വകാര്യ ഹോട്ടലിൽ ‘റീ ഇമാജിനിങ് കേരളം’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ വകുപ്പുകൾ അവതരിപ്പിച്ച റിപ്പോർട്ടുകളും ചർച്ചകളും ക്രോഡീകരിച്ചത് ഈ ഏജൻസിയാണ്.
സമ്മേളനത്തിന്റെ രഹസ്യാത്മകത ചൂണ്ടിക്കാട്ടി ഉദ്ഘാടന, സമാപന ചടങ്ങുകൾ ഒഴികെയുള്ള സമയങ്ങളിൽ മാധ്യമങ്ങളെ പൂർണ്ണമായും ഒഴിവാക്കിയിരുന്നെങ്കിലും, കമ്പനിയുടെ നാൽപതോളം ജീവനക്കാർ മൂന്നു ദിവസവും യോഗങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. സർക്കാർ ആവശ്യപ്രകാരം നോളജ് പാർട്ണറെ കണ്ടെത്താനായി കെഎസ്ഐഡിസി ആണ് താൽപര്യപത്രം ക്ഷണിച്ചത്.
തുടർന്ന് ഗ്രാൻഡ് തോൺടൺ, ഏണസ്റ്റ് ആൻഡ് യങ്ങ് എന്നിവരുടെ താൽപര്യപത്രങ്ങൾ പരിശോധിച്ച ശേഷമാണ് ചുമതല കൈമാറിയത്. ബജറ്റ് രഹസ്യങ്ങൾ ഉൾപ്പെടെയുള്ള പ്രധാന വിവരങ്ങൾ ബഹുരാഷ്ട്ര കമ്പനിക്ക് ചോർത്തി നൽകിയെന്ന ആക്ഷേപവുമായി പ്രതിപക്ഷ നേതാവ് ഉൾപ്പെടെ രംഗത്തെത്തിയിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് മറുപടിയൊന്നും ഉണ്ടായിട്ടില്ല.
കൂടാതെ, ഈ സമ്മേളനത്തിലെ ചർച്ചകളുടെ അടിസ്ഥാനത്തിലുള്ള തുടർ പ്രവർത്തനങ്ങളിലും കമ്പനിക്ക് നിർണായക പങ്കുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

