കടയ്ക്കൽ: ദീർഘകാലത്തെ ചികിത്സയ്ക്ക് ശേഷം വീൽചെയറിൽ വിദ്യാലയത്തിലേക്ക് മടങ്ങിയെത്തിയ പാർവതിയുടെ തിരിച്ചുവരവ് വയലാ എൻവി യുപി സ്കൂളിലെ പ്രവേശനോത്സവത്തിന് നൊമ്പരവും സന്തോഷവും പകരുന്ന നിമിഷമായി. കൂട്ടുകാർക്കൊപ്പം പഠിക്കാനും കളിക്കാനുമുള്ള കുട്ടിയുടെ അതിയായ ആഗ്രഹം നിറവേറ്റിയാണ് കഴിഞ്ഞ ദിവസം പ്രവേശനോത്സവത്തിൽ പാർവതി പങ്കെടുത്തത്.
കഴിഞ്ഞ വർഷം ജൂലൈ 31-ന് കിളിമാനൂരിന് സമീപം പൊരുന്തമണിൽ വെച്ചുണ്ടായ ദാരുണമായ ബൈക്ക് അപകടത്തിൽ പാർവതിയുടെ അച്ഛൻ പി.അനിൽ കുമാർ മരണപ്പെട്ടിരുന്നു. ഈ അപകടത്തിൽ അമ്മ സിജിക്കും പാർവതിക്കും ഗുരുതരമായി പരിക്കേൽക്കുകയും തുടർന്ന് പാർവതിയുടെ ചലനശേഷിക്ക് ഭാഗികമായി ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്തു.
ചികിത്സ പൂർത്തിയാക്കി വീട്ടിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് കുട്ടി സ്കൂളിലെത്തിയത്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ തിരുവനന്തപുരം ദന്താശുപത്രിയിലേക്ക് യാത്ര ചെയ്യവേയാണ് പാർവതി അപകടത്തിൽപ്പെട്ടത്.
ചികിത്സാ കാലയളവിൽ അധ്യാപകരും സഹപാഠികളും ഫോൺ കോളുകളിലൂടെയും വീഡിയോ കോളുകളിലൂടെയും സ്കൂളിലെ വിശേഷങ്ങൾ പാർവതിയെ അറിയിച്ചിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പൂജപ്പുര ഗവ.
ആയുർവേദ ആശുപത്രിയിലുമായിരുന്നു തുടർചികിത്സ. അഞ്ചാം ക്ലാസിലേക്ക് എത്തിയ പാർവതിയെ സഹപാഠികൾ സമ്മാനങ്ങൾ നൽകിയാണ് സ്വീകരിച്ചത്.
വയ്യാനം കുമാർ ഭവനിലാണ് അമ്മ സിജിക്കും സഹോദരി ലക്ഷ്മിക്കുമൊപ്പം പാർവതി താമസിക്കുന്നത്. പാർവതിയുടെ തുടർപഠനത്തിനായി സ്കൂൾ അധികൃതർ പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

