പാലാ നിയോജക മണ്ഡലത്തിൽ വിവിധ കാരണങ്ങളാൽ സ്തംഭിച്ചുപോയ പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുനരാരംഭിക്കുമെന്ന് മാണി സി.കാപ്പൻ എംഎൽഎ വ്യക്തമാക്കി. യുഡിഎഫ് സർക്കാർ അധികാരമേറ്റെടുത്തതിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി.സതീശനെയും വിവിധ വകുപ്പ് മന്ത്രിമാരെയും നേരിൽ കണ്ടും ഉദ്യോഗസ്ഥ തലത്തിൽ യോഗങ്ങൾ വിളിച്ചുചേർത്തും കെട്ടിക്കിടന്ന ഫയലുകൾക്ക് ജീവൻ നൽകിയതായി അദ്ദേഹം അറിയിച്ചു.
അന്തരിച്ച മുൻ മന്ത്രി കെ.എം.മാണി ആരംഭിക്കുകയും എന്നാൽ പൂർത്തീകരിക്കാൻ സാധിക്കാതെ വരികയും ചെയ്ത പദ്ധതികൾക്കാണ് പ്രഥമ പരിഗണന നൽകുന്നത്. മുൻപ് ഭരണ മുന്നണിയുടെ ഭാഗമായിരുന്ന ഒന്നര വർഷത്തെ കാലയളവിൽ ജനറൽ ആശുപത്രിയുടെയും സമാന്തര റോഡിന്റെയും പണികൾ ഭാഗികമായി യാഥാർത്ഥ്യമാക്കാൻ സാധിച്ചിരുന്നു.
എങ്കിലും, രാഷ്ട്രീയ തലത്തിലുണ്ടായ സംഭവവികാസങ്ങൾ മണ്ഡലത്തിലെ വികസനങ്ങളെ പ്രതികൂലമായി ബാധിച്ചു. 12 കോടി രൂപ മുടക്കി നിർമാണം പൂർത്തിയാക്കിയ ഇലവീഴാപൂഞ്ചിറ റോഡ് അടക്കം എട്ട് റോഡുകളും സിവിൽ സ്റ്റേഷൻ അനക്സും എത്രയും പെട്ടെന്ന് ഉദ്ഘാടനം ചെയ്യണമെന്ന് മുൻ വർഷങ്ങളിൽ പല തവണ നേരിട്ടും അല്ലാതെയുമുള്ള അഭ്യർത്ഥനകൾ നടത്തിയിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയുമുണ്ടായില്ല.
ഇതിനുപുറമെ, തുക അനുവദിച്ച് കിട്ടിയിരുന്ന റിവർവ്യൂ റോഡ്, സമാന്തര റോഡ്, കളരിയാംമാക്കൽ പാലം, ഇല്ലിക്കൽക്കല്ല്, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളിലെ ടൂറിസം വികസന പദ്ധതികൾ തുടങ്ങിയവയെല്ലാം രാഷ്ട്രീയ തടസ്സവാദങ്ങൾ ഉന്നയിച്ച് മനപ്പൂർവ്വം വൈകിപ്പിക്കുകയായിരുന്നു. എന്നാൽ നിലവിലെ യുഡിഎഫ് സർക്കാരിന്റെ വരവോടെ വികസന മേഖലയിൽ അനുകൂലമായ മാറ്റങ്ങൾ പ്രകടമായി തുടങ്ങി.
ഏകദേശം പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് യാതൊരുവിധ അപ്രോച്ച് റോഡുമില്ലാതെ നിർമിക്കപ്പെട്ട കളരിയാംമാക്കൽ പാലം ഗതാഗത യോഗ്യമാക്കുന്നതിന്റെ ഭാഗമായി പൂവരണി വില്ലേജിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കമിട്ടിട്ടുണ്ട്.
മേലുകാവ് പഞ്ചായത്തിൽ തകർന്നുവീണ കുരിശുങ്കൽ പാലത്തിന്റെ പുനർനിർമാണ ജോലികൾ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. കൂടാതെ, 2022 ലെ പ്രളയത്തിൽ തകർന്നുപോയ മൂന്നിലവ് പഞ്ചായത്തിലെ കടവുപുഴ പാലം പുനർനിർമിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്.
ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും അടുത്ത മാസം തന്നെ നിർമാണ ജോലികൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലാ ജനറൽ ആശുപത്രിയിലേക്കുള്ള റോഡ് വിപുലീകരിച്ച് ടാറിങ് നടത്തുന്ന ജോലികൾ ഇപ്പോൾ അന്തിമ ഘട്ടത്തിലാണ്.
വർഷങ്ങളായി തടസ്സപ്പെട്ട് കിടക്കുന്ന റിവർവ്യൂ റോഡ് നിർമാണം പൂർത്തീകരിക്കാനുള്ള തീവ്രശ്രമങ്ങളും പുരോഗമിക്കുന്നു. ഇതിനായി ഒരു സ്വകാര്യ വ്യക്തിയുടെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട
തർക്കങ്ങൾ സൗഹൃദപരമായി പരിഹരിക്കാനുള്ള നടപടികളാണ് നടക്കുന്നത്. പാലായുടെ സമഗ്രമായ വികസന മുന്നേറ്റത്തിന് കരുത്തുപകരുന്ന നിർദിഷ്ട
എക്സ്പ്രസ് ഹൈവേ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് മാണി സി.കാപ്പൻ എംഎൽഎ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

