കാസർകോട് ∙ പെൻഷൻ മണിയോർഡർ എത്തിക്കാൻ വൈകിയെന്ന കാരണമുന്നയിച്ച് സർവീസിൽനിന്ന് 12 വർഷം മുൻപു മാറ്റിനിർത്തിയ പോസ്റ്റ്മാൻ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ഹെഡ്പോസ്റ്റ് ഓഫിസിനു മുന്നിൽ സത്യഗ്രഹം നടത്തി. ചേരൂരിലെ പോസ്റ്റ്മാൻ ആയിരുന്ന പെരുമ്പള ആമ്പിലാടി ഹൗസിൽ എൻ.ദാമോദരനാണ് ഏകദിന സത്യഗ്രഹം നടത്തിയത്.
60 വയസ്സ് തികയാൻ ഒരുമാസം ശേഷിക്കെ ഈ ആവശ്യമുന്നയിച്ച് ഇതാദ്യമായാണ് ഏകാംഗ സമരത്തിനിറങ്ങിയത്. പെൻഷൻ മണിയോർഡർ വൈകിയതുമായി ബന്ധപ്പെട്ടു പരാതി നൽകിയതായി പറയപ്പെടുന്ന വ്യക്തിയുടെ വീട്ടിൽ മണിയോർഡർ കൊടുക്കാൻ രണ്ടുതവണ പോയിരുന്നുവെന്നും ആളില്ലാത്തതിനാൽ മടങ്ങിയെന്നുവെന്നാണു ദാമോദരൻ പറയുന്നത്.
മൂന്നാമത്തെ ദിവസം ചേരൂർ ഭാഗങ്ങളിൽ കൂടുതൽ തപാൽ ഉരുപ്പടികളെത്തിക്കാൻ ഉണ്ടായിരുന്നതിനാൽ പിന്നീടുള്ള രണ്ടുദിവസം പോയില്ല.
രണ്ടുദിവസം കഴിഞ്ഞു നേരിട്ടുനൽകി. ഇതു നൽകുന്നതിനു രണ്ടുദിവസം മുൻപു മണിയോർഡർ അന്വേഷിച്ച് അവർ പോസ്റ്റ് ഓഫിസിൽ എത്തിയിരുന്നു.
അന്നേരം താൻ ഉണ്ടായിരുന്നില്ല. അവിടെയുണ്ടായിരുന്ന പോസ്റ്റ്മാസ്റ്റർ പെൻഷൻ മണിയോർഡർ കിട്ടാൻ അപേക്ഷ തയാറാക്കി നൽകാൻ ആവശ്യപ്പെട്ടു.
അതാണ് പിന്നീടു പരാതിയായി മാറിയത്. താൻ കൊടുത്തത് പരാതിയല്ലെന്നും പെൻഷൻ മണിയോർഡർ കിട്ടാനുള്ള അപേക്ഷയാണെന്നും മണിയോർഡർ ഗുണഭോക്താവ് കാസർകോട് പോസ്റ്റൽ സൂപ്രണ്ടിനു രേഖാമൂലം കത്തു നൽകിയിരുന്നതായി ദാമോദരൻ പറഞ്ഞു.
കുറച്ചുമാസത്തേക്കു താങ്കളെ സർവീസിൽനിന്നു മാറ്റി നിർത്തുന്നുവെന്നും പിന്നീട് സർവീസിൽ തിരിച്ചെടുക്കാമെന്നും പറഞ്ഞു പോസ്റ്റ് ഓഫിസ് അസിസ്റ്റന്റ് സൂപ്രണ്ട് സസ്പെൻഡ് ചെയ്തതെന്നാണു ദാമോദരന്റെ വിശദീകരണം.
12 വർഷം പിന്നിട്ടുവെങ്കിലും തിരിച്ചെടുത്തില്ല. 20 വർഷത്തിലേറെ ചേരൂർ പോസ്റ്റ് ഓഫിസിൽ പോസ്റ്റ്മാനായിരുന്നു.
2013 മേയ് 20ന് ആണ് സസ്പെൻഡ് ചെയ്തത്. ഒരുവർഷത്തിനുശേഷവും തിരികെ എടുക്കാതിരുന്നതോടെ ഉപജീവനംതേടി കാൽനടയായി ലോട്ടറി ടിക്കറ്റ് വിൽപന ആരംഭിച്ചു.
സസ്പെൻഷൻ സമയത്ത് അധികൃതർ നൽകിയ ഉറപ്പ് പാലിക്കണമെന്നാവശ്യപ്പെട്ട് നീതിതേടി കോഴിക്കോട്, തിരുവനന്തപുരം ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ ഉൾപ്പെടെ ഓഫിസുകൾ കയറിയിറങ്ങിയെങ്കിലും വെറുതെയായി. ഇപ്പോഴും ദാമോദരൻ ലോട്ടറി ടിക്കറ്റ് വിൽപന തുടരുന്നു.
1993 ഫെബ്രുവരി 17ന് പോസ്റ്റ് മാൻ ജോലിയിൽ കയറുമ്പോൾ 700 രൂപയായിരുന്നു പ്രതിമാസ വേതനം. സസ്പെൻഡ് ചെയ്യുമ്പോൾ 9000 രൂപയോളം കിട്ടിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

