ഡൽഹിയിൽ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥനായ അങ്കിത് ശർമ കൊല്ലപ്പെട്ട കേസിൽ ആം ആദ്മി പാർട്ടി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് ഡൽഹി കർകർദൂമ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
2020ലെ ഡൽഹി കലാപത്തിനിടയിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ അഞ്ച് പ്രതികൾക്കും കോടതി ഒരേപോലെ ജീവപര്യന്തം ശിക്ഷയാണ് നൽകിയിട്ടുള്ളത്.
കൊലപാതകത്തിന് ശേഷവും പ്രതികളുടെ ക്രൂരത അവസാനിച്ചില്ലെന്നും വെറുപ്പ് അടങ്ങാത്തത് പോലെ മൃതദേഹം വലിച്ചിഴച്ച് ഓടയിലേക്ക് എറിയുകയാണുണ്ടായതെന്നും വിധി പ്രസ്താവിക്കവെ അഡീഷണൽ സെഷൻസ് ജഡ്ജി പ്രവീൺ സിങ് വ്യക്തമാക്കുകയുണ്ടായി. ഈ കേസ് അപൂർവങ്ങളിൽ അപൂർവമായ ഒന്നായി പരിഗണിക്കാമെന്നും കോടതി നിരീക്ഷിച്ചു.
ഐബി സെക്യൂരിറ്റി അസിസ്റ്റന്റായിരുന്ന ഇരുപത്താറുകാരനായ അങ്കിത് ശർമ 2020 ഫെബ്രുവരി 25നാണ് കൊല്ലപ്പെടുന്നത്. ചന്ദ് ബാഗ് പുലിയ, മെയിൻ കരാവൽ നഗർ റോഡ് പരിസര പ്രദേശങ്ങളിൽ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും എതിർത്തും രംഗത്തുവന്ന വിഭാഗങ്ങൾ തമ്മിൽ കല്ലേറും സംഘർഷങ്ങളും നിലനിന്നിരുന്നു.
അന്ന് മുൻസിപ്പൽ കൗൺസിലറായിരുന്ന താഹിർ ഹുസൈൻന്റെ ഓഫിസിന് മുന്നിൽ തടിച്ചുകൂടിയ വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിക്കവേയാണ് ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. തുടർന്ന് ആൾക്കൂട്ടം അങ്കിത് ശർമയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
കത്തികൾ, കമ്പികൾ, ഇരുമ്പുവടികൾ, കല്ലുകൾ എന്നിവയുപയോഗിച്ചാണ് അങ്കിത് ശർമയെ അക്രമികൾ ആക്രമിച്ചത്. ആക്രമണത്തിന് ശേഷം മൃതദേഹം ഓടയിൽ തള്ളുകയായിരുന്നു.
പിറ്റേ ദിവസമാണ് മൃതദേഹം കണ്ടെടുത്തത്. അങ്കിത് ശർമയുടെ ശരീരത്തിൽ കത്തി കൊണ്ടുള്ള 51 മുറിവുകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ, കൊലപാതകത്തിൽ താഹിർ ഹുസൈന് നേരിട്ട് പങ്കില്ലെന്നും ആൾക്കൂട്ടത്തിനൊപ്പം നിൽക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നുമാണ് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

