പ്രമുഖ ബോളിവുഡ് നടിയും ‘ഉറി: ദ് സർജിക്കൽ സ്ട്രൈക്ക്’ സിനിമയിലൂടെ ശ്രദ്ധേയുമായ കീർത്തി കുൽഹരി സൈബർ തട്ടിപ്പിനിരയായി. ക്രെഡിറ്റ് കാർഡ് വഴി ലക്ഷക്കണക്കിന് രൂപയാണ് താരത്തിന് നഷ്ടപ്പെട്ടത്.
ജൂലൈ 24ന് ആയിരുന്നു സംഭവം. മുംബൈ അന്ധേരി വെസ്റ്റിലെ മൾട്ടിപ്ലക്സിൽ സിനിമ കാണാൻ എത്തിയതായിരുന്നു നടി.
യാത്രാവേളയിൽ ബാങ്കിൽ നിന്ന് ഫോണിലേക്ക് വന്ന സന്ദേശമാണ് തട്ടിപ്പ് തിരിച്ചറിയാൻ കാരണമായത്. വിദേശത്തു നടന്ന ഒരു ഇടപാടിലൂടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കപ്പെട്ടു എന്നറിയിച്ചുകൊണ്ടുള്ളതായിരുന്നു സന്ദേശം.
ഏകദേശം 2.11 ലക്ഷം രൂപയുടേതായിരുന്നു ഈ ആദ്യ ഇടപാട്. ഉടൻതന്നെ കീർത്തി ബാങ്കിന്റെ കസ്റ്റമർ കെയറുമായി ബന്ധപ്പെടുകയും താൻ ഇത്തരത്തിലുള്ള ഒരു ഇടപാടും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
തുടർന്ന് ബാങ്ക് നടത്തിയ പരിശോധനയിൽ ഇതേ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് മിനിറ്റുകൾക്കകം മറ്റ് നാല് ഇടപാടുകൾ കൂടി നടന്നതായി കണ്ടെത്തി. ആകെ 2.44 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്.
കൂടുതൽ തുക നഷ്ടപ്പെടുന്നത് തടയാൻ ബാങ്ക് അധികൃതർ ഉടൻതന്നെ ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്യുകയായിരുന്നു. പിൻ നമ്പറോ പാസ്വേഡോ ഒടിപിയോ താൻ ആരുമായും പങ്കുവെച്ചിട്ടില്ലെന്നിരിക്കെ തട്ടിപ്പ് എങ്ങനെ നടന്നു എന്ന ആശങ്കയിലാണ് താരം.
നടിയുടെ പരാതിയിൽ മുംബൈ അംബോലി പൊലീസ് കേസെടുത്ത് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നടി മുൻപ് പർച്ചേസിങ് നടത്തിയിട്ടുള്ള ഏതെങ്കിലും വെബ്സൈറ്റിൽ നിന്ന് കാർഡ് വിവരങ്ങൾ ചോർന്നതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കൂടാതെ, നടിയുടെ മൊബൈൽ ഫോണിലേക്ക് തട്ടിപ്പുകാർ കടന്നുകയറിയിട്ടുണ്ടോയെന്ന സംശയവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ‘ഇന്ദു സർക്കാർ’, ‘മിഷൻ മംഗൾ’ തുടങ്ങിയവയാണ് 43കാരിയായ കീർത്തിയുടെ മറ്റ് പ്രധാന ചിത്രങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

