ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ നിർണായക തീരുമാനങ്ങളുമായി അമേരിക്കൻ കേന്ദ്രബാങ്ക് രംഗത്ത്. ആഗോള സമ്പദ്വ്യവസ്ഥയെ സ്വാധീനിക്കുന്ന യുഎസിലെ ഫെഡറൽ റിസർവ് അൽപസമയത്തിനകം തങ്ങളുടെ പുതിയ പണനയം പ്രഖ്യാപിക്കും.
നിലവിലുള്ള 3.50-3.75 ശതമാനത്തിൽ നിന്ന് അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനം കൂട്ടി 3.75-4.00 ശതമാനമായി ഉയർത്തിയേക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തൽ. പലിശനിരക്കുകളിൽ വർധനവുണ്ടായാൽ അത് 2023 ജൂലൈക്ക് ശേഷം ആദ്യത്തേതായിരിക്കും.
കഴിഞ്ഞ കുറച്ചുകാലമായി പലിശനിരക്ക് കുറയ്ക്കുന്ന സമീപനമാണ് ഫെഡ് സ്വീകരിച്ചിരുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് ക്രൂഡോയിൽ വില ബാരലിന് 100 ഡോളറും കടന്നു മുന്നേറിയത് അമേരിക്കയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
റീട്ടെയ്ൽ പണപ്പെരുപ്പം 2 ശതമാനത്തിൽ പിടിച്ചുനിർത്തുകയെന്ന ലക്ഷ്യത്തിന് വിരുദ്ധമായി ഓഗസ്റ്റിൽ ഇത് 3.4 ശതമാനമായി ഉയർന്നു. അമേരിക്കയിൽ ഇന്ധന വിലയും സർവകാല റെക്കോർഡിലാണ്.
ഡീസൽ വില ഗാലന് 6 ഡോളറും പെട്രോൾ വില 4 ഡോളറും കടന്നത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. തൊഴിൽ വിപണിയുടെ കരുത്ത് ചൂണ്ടിക്കാണിക്കുന്നത് സമ്പദ്വ്യവസ്ഥ ശക്തമാണെന്നും, അതിനാൽ പണപ്പെരുപ്പത്തിനെതിരെയുള്ള പോരാട്ടം തുടരാനാകുമെന്നുമാണ് ഫെഡിന്റെ വിലയിരുത്തൽ.
പലിശനിരക്ക് ഉയരുന്നതോടെ യുഎസിലെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെയും ക്രെഡിറ്റ് കാർഡുകളുടെയും തിരിച്ചടവ് തുക വർധിക്കും. അതേസമയം ബാങ്ക് നിക്ഷേപങ്ങൾക്കും ഗവൺമെന്റ് കടപ്പത്രങ്ങൾക്കും ഉയർന്ന ആദായം ലഭിച്ചുതുടങ്ങും.
ഈ സാഹചര്യം ഡോളറിന്റെ മൂല്യം വർധിപ്പിക്കാൻ ഇടയാക്കിയിട്ടുണ്ട്. യുഎസ് ഡോളർ ഇൻഡക്സ് 0.10 ശതമാനം ഉയർന്ന് 99.71ൽ എത്തിനിൽക്കുന്നു.
ഈ ആഗോള മാറ്റങ്ങളുടെ പ്രതിഫലനം ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളിലും പ്രകടമാകും. റിസർവ് ബാങ്കും വരും മാസങ്ങളിൽ പലിശനിരക്ക് വർധിപ്പിക്കാൻ നിർബന്ധിതരായേക്കാം.
അമേരിക്കൻ ട്രഷറി നിക്ഷേപങ്ങളിലേക്ക് വിദേശ മൂലധനം ഒഴുകുന്നത് ഇന്ത്യൻ ഓഹരി-കടപ്പത്ര വിപണികളിൽ തിരിച്ചടിയായേക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ആഗോള വിപണിയിൽ ഡോളർ ശക്തിപ്പെടുമ്പോൾ സാധാരണയായി സ്വർണവില ഇടിയേണ്ടതാണ്.
എന്നാൽ പശ്ചിമേഷ്യൻ പ്രതിസന്ധിയും നയതന്ത്ര തർക്കങ്ങളും കാരണം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ലോകത്തെ വിവിധ കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതാണ് നിലവിലെ വിലക്കയറ്റത്തിന് കാരണം. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4347 ഡോളറിലെത്തി നിൽക്കുന്നു.
മറുവശത്ത്, ക്രൂഡോയിൽ വിപണിയിൽ നേരിയ ആശ്വാസമുണ്ട്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 105.5 ഡോളറിലേക്കും ഡബ്ല്യുടിഐ ക്രൂഡ് വില 102 ഡോളറിലേക്കും താഴ്ന്നിട്ടുണ്ട്.
എഐ അധിഷ്ഠിത ഓഹരികളുടെ കരുത്തിൽ യുഎസ് ഓഹരി വിപണി പൊതുവേ നേട്ടത്തിലാണ്. ടെക്നോളജി രംഗത്തെ പ്രമുഖ കമ്പനികളുടെ ഓഹരികൾ മികച്ച മുന്നേറ്റം കാഴ്ചവെയ്ക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

