ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ നിന്ന് മലയാളി കൂടിയായ ടി.വി.നരേന്ദ്രൻ നയിക്കുന്ന ടാറ്റ സ്റ്റീൽ ഔദ്യോഗികമായി പിന്മാറ്റം പ്രഖ്യാപിച്ചു. ഐഎസ്എൽ ക്ലബ്ബായ ജാംഷഡ്പുർ എഫ്സിയിലെ തങ്ങളുടെ മുഴുവൻ ഓഹരികളും കേവലം 100 രൂപയ്ക്കാണ് ചർച്ചിൽ ബ്രദേഴ്സ് സ്പോർട്സ് ക്ലബ്ബിന് കമ്പനി കൈമാറിയിരിക്കുന്നത്.
ഈ തീരുമാനത്തിലൂടെ ഒരു പ്രഫഷണൽ ഫുട്ബോൾ ക്ലബ്ബിന്റെ ഉടമസ്ഥതയെന്ന പദവിയാണ് ടാറ്റ സ്റ്റീൽ ഒഴിഞ്ഞിരിക്കുന്നത്. ടൂർണമെന്റിൽ നിന്നുള്ള പിന്മാറ്റ തീരുമാനം പുനഃപരിശോധിക്കണമെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രസിഡന്റ് കല്യാൺ ചൗബേ അഭ്യർത്ഥിച്ചിരുന്നെങ്കിലും, ഈ ആവശ്യം പരിഗണിക്കാതെയാണ് കമ്പനി മുന്നോട്ടുപോയത്.
ഐഎസ്എൽ രംഗത്തുനിന്ന് പിന്മാറുമെന്ന സൂചനകൾ കമ്പനി നേരത്തെ തന്നെ നൽകിയിരുന്നു. ജാംഷഡ്പുർ എഫ്സിയിൽ 4.08 കോടി ഓഹരികളാണ് ടാറ്റ സ്റ്റീലിന്റെ കൈവശം ഉണ്ടായിരുന്നത്.
ഈ ഓഹരികൾ പൂർണ്ണമായി ഒഴിവാക്കാൻ കമ്പനിയുടെ കമ്മിറ്റി ഓഫ് ഡയറക്ടേഴ്സ് തീരുമാനിച്ചതായി സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് അയച്ച ഔദ്യോഗിക കത്തിൽ വ്യക്തമാക്കുന്നു. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ അനുമതി ലഭ്യമാകുന്ന മുറയ്ക്ക് ഓഗസ്റ്റ് 31നകം വിറ്റഴിക്കൽ നടപടികൾ പൂർത്തിയാകും.
കഴിഞ്ഞ ഫുട്ബോൾ ലോകകപ്പിൽ ഉപയോഗിച്ച ഒരു പന്തിന്റെ വില പോലും ഏകദേശം 15,000 രൂപ വെയ്ക്കുമ്പോൾ, ജാംഷഡ്പുർ എഫ്സി കൈമാറ്റം വഴി ലഭിക്കുന്ന തുകയുടെ 150 മടങ്ങിലധികം വരും അത്. ചർച്ചിൽ ബ്രദേഴ്സുമായുള്ള കരാർ പ്രകാരം ക്ലബ്ബിന്റെ ലൈസൻസിന് പുറമെ 12 കളിക്കാരും 2 പരിശീലകരും പുതിയ ഉടമസ്ഥതയിലേക്ക് മാറും.
ഇത് ചർച്ചിൽ ബ്രദേഴ്സിന്റെ ഐഎസ്എൽ ടൂർണമെന്റിലേക്കുള്ള തിരിച്ചുവരവിനും കളമൊരുക്കും. സാമ്പത്തിക പ്രതിസന്ധി കാരണമല്ല ജാംഷഡ്പുർ എഫ്സിയെ വിൽക്കുന്നതെന്ന നിലപാടാണ് ടാറ്റ സ്റ്റീൽ സ്വീകരിച്ചിട്ടുള്ളത്.
ടാറ്റ ഫുട്ബോൾ അക്കാഡമിയിലൂടെ ഗ്രാമീണ മേഖലകളിൽ ഫുട്ബോൾ വളർത്തുന്നതിനും പുതിയ തലമുറയിലെ താരങ്ങളെ വാർത്തെടുക്കുന്നതിനുമാണ് ഇനി മുതൽ കമ്പനി മുൻഗണന നൽകുക. 2025-26 വർഷത്തിൽ 32.23 കോടി രൂപ വരുമാനം കൈവരിച്ച ജാംഷഡ്പുർ എഫ്സിയുടെ നിലവിലെ വിപണി മൂല്യം നെഗറ്റീവ് 5.8 കോടി രൂപയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

