നിലവിലുള്ള കപ്പൽപ്പാതകൾ കനത്ത പ്രതിസന്ധിയിലായ സാഹചര്യത്തിൽ, റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന പുതിയ നിർദ്ദേശവുമായി റഷ്യൻ ഉപപ്രധാനമന്ത്രി മററ്റ് ഖൂസ്നൂലീൻ രംഗത്ത്. റഷ്യൻ കയറ്റുമതിക്കാർക്ക് ഇന്ത്യൻ സമുദ്രത്തിലേക്ക് തടസ്സങ്ങളില്ലാതെ എത്തിച്ചേരാൻ സഹായിക്കുന്ന ഒരു പുതിയ യാത്രാമാർഗ്ഗമെന്ന നിലയിലാണ് ഈ ആശയം മുന്നോട്ടുവെക്കപ്പെട്ടിരിക്കുന്നത്.
ഹോർമുസ് കടലിടുക്കിനും ചെങ്കടലിനും പുറമെ കരിങ്കടൽ മേഖലയും സംഘർഷഭരിതമായത് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കരിങ്കടലിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണങ്ങൾ പതിവായത് റഷ്യൻ എണ്ണക്കപ്പലുകളുടെ സഞ്ചാരത്തിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്.
ഇത് രാജ്യത്തിന്റെ എണ്ണ കയറ്റുമതി വരുമാനത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ബദൽ സംവിധാനമെന്ന നിലയിൽ റെയിൽപ്പാതയെന്ന ആശയം രൂപപ്പെടുന്നത്.
റഷ്യയിൽ നിന്ന് ആരംഭിച്ച് നാല് രാജ്യങ്ങൾ കടന്ന് ഇന്ത്യയിൽ എത്തിച്ചേരുന്ന റെയിൽ പദ്ധതിയാണ് മററ്റ് ഖൂസ്നൂലീൻ വിഭാവനം ചെയ്യുന്നത്. അപകടസാധ്യത കുറവാണെന്ന് മാത്രമല്ല, ചരക്കുനീക്കത്തിനുള്ള സാമ്പത്തികച്ചെലവ് ഗണ്യമായി കുറയ്ക്കാനും ഈ മാർഗ്ഗത്തിലൂടെ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
റഷ്യയിൽ നിന്ന് തുർക്ക്മെനിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ വഴി ഇന്ത്യയിലേക്ക് ചരക്കെത്തിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന രൂപരേഖ. നിലവിൽ റഷ്യയിൽ നിന്ന് ഇറാനിലേക്ക് റെയിൽപ്പാത നിലവിലുണ്ട്.
ഈ പാത ഇന്ത്യയിലേക്ക് നീട്ടുന്നതിനെക്കുറിച്ചാണ് റഷ്യ ആലോചിക്കുന്നത്. ഈ ആശയം യാഥാർത്ഥ്യമായാൽ പാത കടന്നുപോകുന്ന എല്ലാ രാജ്യങ്ങൾക്കും, പ്രത്യേകിച്ച് തുർക്ക്മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ കരബന്ധിത രാജ്യങ്ങൾക്ക് ഇത് വലിയ നേട്ടമായി മാറും.
എന്നാൽ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നിലവിലെ നയതന്ത്ര ബന്ധത്തിലെ വിള്ളലുകളും, അഫ്ഗാനും പാക്കിസ്ഥാനും തമ്മിൽ വഷളായിക്കൊണ്ടിരിക്കുന്ന ബന്ധവും ഈ പദ്ധതിയുടെ പ്രായോഗികതയ്ക്ക് വലിയ വെല്ലുവിളിയാണ്. റഷ്യൻ ഉപപ്രധാനമന്ത്രിയുടെ ഈ നിർദ്ദേശത്തോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

