ലക്നൗവിലെ ലോണി അശോക് വിഹാറിൽ സഹോദരിയുടെ പക്ഷം ചേർന്നതിന് പിതാവിനെ ഉറങ്ങിക്കിടക്കവെ മകൻ വെട്ടിക്കൊന്നു. സംഭവത്തിൽ മുഹമ്മദ് ഷാവേസ് (22) ആണ് അറസ്റ്റിലായത്.
58 കാരനായ മുഹമ്മദ് ഇർഫാൻ ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
വെള്ളിയാഴ്ച വൈകിട്ട് വീട്ടിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതി തന്റെ അനിയത്തിയുമായി വഴക്കിട്ടിരുന്നു.
ഈ സമയം പിതാവ് മകളുടെ ഭാഗം ചേരുകയും മകനെ വഴക്കുപറഞ്ഞ് അടിക്കുകയും ചെയ്തു. ഇതിലുള്ള കടുത്ത ദേഷ്യത്തിലാണ് പിതാവ് ഉറങ്ങുന്നതുവരെ കാത്തിരുന്ന് പ്രതി ആക്രമണം നടത്തിയത്.
‘‘പ്രതി മൂർച്ചയേറിയ ആയുധം (അരിവാൾ) ഉപയോഗിച്ച് പിതാവിന്റെ തലയ്ക്ക് മാരകമായി വെട്ടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ മറ്റ് കുടുംബാംഗങ്ങൾ യുവാവിനെ തടഞ്ഞുവയ്ക്കുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഇർഫാനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നീട് സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം വീണ്ടെടുക്കുകയും ചെയ്തു’’– ലോണി സർക്കിൾ എസിപി രാം കിഷൻ അറിയിച്ചു.
വീട്ടിൽ സൂക്ഷിച്ചിരുന്ന അരിവാൾ ഉപയോഗിച്ചാണ് പ്രതി പിതാവിന്റെ തലയ്ക്ക് വെട്ടിയത്. തുടർന്ന് ഇയാളുടെ മൂത്ത സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലോണി പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുവെന്ന് ലോണി എസ്എച്ച്ഒ യോഗേന്ദ്ര കുമാർ സിങ് വ്യക്തമാക്കി.
പ്രതിക്ക് 15 വയസ്സ് മാത്രമാണ് പ്രായമെന്നാണ് കുടുംബം ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ പൊലീസ് ഇയാൾ പഠിച്ച സ്കൂളിൽ അന്വേഷിച്ചപ്പോൾ, 2004ൽ ജനിച്ച ഇയാൾ എട്ടാം ക്ലാസ് വിദ്യാർഥിയാണെന്ന് പ്രിൻസിപ്പൽ രേഖാമൂലം സ്ഥിരീകരിച്ചു.
ഈ പ്രായത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്. പ്രതി പ്രായപൂർത്തിയാകാത്ത ആളല്ല, 22 വയസ്സുള്ള മുതിർന്ന വ്യക്തിയാണെന്ന് ഡിസിപി (റൂറൽ) സുരേന്ദ്ര നാഥ് തിവാരി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

