ക്രിക്കറ്റ് ലോകത്ത് വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച 2018-ലെ സാൻഡ്പേപ്പർ ഗേറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഓസ്ട്രേലിയൻ മുൻ താരം ഉസ്മാൻ ഖവാജ രംഗത്ത്. തൻ്റെ പുതിയ ആത്മകഥയായ ‘സബ്ർ’ (Sabr) ലൂടെയാണ് മത്സരം സംപ്രേക്ഷണം ചെയ്യുന്ന ക്യാമറകളുടെ കണ്ണുവെട്ടിച്ച് പന്തിൽ കൃത്രിമം കാണിക്കാൻ നടത്തിയ രഹസ്യ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ താരം പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
2018-ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ്ടൗൺ ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു ക്രിക്കറ്റ് ചരിത്രത്തെ പിടിച്ചുകുലുക്കിയ ഈ സംഭവം അരങ്ങേറിയത്. സാൻഡ്പേപ്പർ ഉപയോഗിച്ച് പന്ത് ചുരണ്ടുന്ന കാമറൂൺ ബാൻക്രോഫ്റ്റിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞതിനെ തുടർന്ന് അന്നത്തെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ, ബാൻക്രോഫ്റ്റ് എന്നിവർക്ക് കനത്ത വിലക്ക് നേരിടേണ്ടി വന്നിരുന്നു.
എന്നാൽ ഡ്രസ്സിംഗ് റൂമിൽ നിസ്സാര തമാശയായി തുടങ്ങിയ ചർച്ചകളാണ് പിന്നീട് ഗൗരവമേറിയ തീരുമാനത്തിലേക്ക് വഴിമാറിയതെന്ന് പുതിയ പുസ്തകത്തിലൂടെ ഖവാജ വ്യക്തമാക്കുന്നു. മത്സരത്തിനായ് കളിക്കളത്തിലേക്ക് പ്രവേശിക്കുന്ന വേളയിൽ ബൗണ്ടറി ലൈനിൽ വെച്ച് പന്തിൽ കൃത്രിമം കാണിക്കാനായിരുന്നു പ്രാരംഭഘട്ടത്തിലെ തീരുമാനം.
“ഫീൽഡിലേക്ക് ഇറങ്ങുമ്പോൾ അമ്പയർമാർ പന്ത് ബൗണ്ടറി ലൈനിൽ വെയ്ക്കുമെന്നും ആ സമയത്ത് ക്യാമറകൾ ഞങ്ങളുടെ നേർക്ക് ഉണ്ടാകില്ലെന്നും അറിയാമായിരുന്നു. അമ്പയർമാർ ഞങ്ങൾക്ക് 100 മീറ്റർ മുന്നിലായിരിക്കും.
ആ സമയത്ത് ഞങ്ങൾക്ക് എന്തും ചെയ്യാം. എന്നാൽ തനിക്കിത് ചെയ്യാൻ കഴിയില്ലെന്നും ക്യാമറകൾ എപ്പോഴും തന്റെ പിന്നാലെയുണ്ടെന്നും ഡേവിഡ് വാർണർ വ്യക്തമാക്കി.” എന്ന് ഖവാജ പുസ്തകത്തിൽ കുറിക്കുന്നു.
തുടർന്ന് ഓസീസ് ടെസ്റ്റ് ടീമിൽ അരങ്ങേറി ഏതാനും മത്സരങ്ങൾ മാത്രം കളിച്ചിരുന്ന യുവതാരം കാമറൂൺ ബാൻക്രോഫ്റ്റ് ഈ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സ്വയം മുന്നോട്ടുവരികയായിരുന്നു. കേപ്ടൗണിലെ മോശം കാലാവസ്ഥയും മഴയുള്ള അന്തരീക്ഷവും കാരണം പന്ത് റിവേഴ്സ് സ്വിംഗ് ചെയ്യുക എന്നത് ബോളർമാരെ സംബന്ധിച്ചിടത്തോളം അതീവ ദുഷ്കരമായിരുന്നു.
ഈ സാഹചര്യമാണ് പന്തിൽ കൃത്രിമം കാണിക്കാൻ കളിക്കാരെ പ്രേരിപ്പിച്ചത്. ഡ്രസ്സിംഗ് റൂമിലെ കോച്ചിംഗ് സ്റ്റാഫിൽ ഒരാൾ ബാൻക്രോഫ്റ്റിനോട് പന്തിൽ കൂടുതൽ കൃത്രിമം കാണിക്കാൻ ആവശ്യപ്പെടുന്നത് താൻ നേരിട്ട് കേട്ടതായും ഖവാജ പുസ്തകത്തിൽ സാക്ഷ്യപ്പെടുത്തുന്നു.
തങ്ങളുടെ വിക്കറ്റുകൾ നഷ്ടപ്പെട്ട് ടീം ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയെത്തിയപ്പോൾ, പുഞ്ചിരിയോടെ വന്ന ഒരു കോച്ച് ബാൻക്രോഫ്റ്റിനോട് “നീ ഇപ്പോൾ ചെയ്യുന്ന കാര്യം കൂടുതൽ ശക്തമായി തുടരുക” എന്ന് നിർദേശിച്ചതായാണ് വെളിപ്പെടുത്തൽ. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നേതൃത്വത്തിൽ അന്ന് നടത്തിയ അന്വേഷണം അപൂർണ്ണമായിരുന്നുവെന്നും ഈ സംഭവം ഏതാനും ചില കളിക്കാരുടെ മാത്രം തീരുമാനമല്ലെന്ന് വ്യക്തമാക്കുന്നതുമാണ് ഖവാജയുടെ ഈ പുതിയ പുസ്തകത്തിലെ വിവരങ്ങൾ.
ഈ കൃത്രിമത്വത്തെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്ന മുൻ നിലപാടിലുറച്ചുനിന്ന പാറ്റ് കമ്മിൻസ് ഉൾപ്പെടെയുള്ള അന്നത്തെ മുതിർന്ന താരങ്ങളെ വീണ്ടും വലിയ സംശയനിഴലിലാക്കുന്നതാണ് ഉസ്മാൻ ഖവാജയുടെ പുതിയ വെളിപ്പെടുത്തലുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

