യുഎസിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ തെലങ്കാന മഹാബുബാദ് സ്വദേശിനിയായ ദരം സുപ്രിയ (31) അന്തരിച്ചു. മിസോറിയിൽ ശനിയാഴ്ച രാത്രിയിലാണ് ഈ ദുരന്തമുണ്ടായത്.
ഒരു റസ്റ്ററന്റിൽ പാർട്ട് ടൈം ജോലി ചെയ്തുവരികയായിരുന്ന സുപ്രിയ, ജോലിക്ക് ശേഷം രാത്രിയോടെ സുഹൃത്തിനൊപ്പം കാറിൽ താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ച വാഹനത്തിന് പിന്നിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.
ശക്തമായ ആഘാതത്തിൽ സംഭവസ്ഥലത്ത് വെച്ചുതന്നെ സുപ്രിയ മരണപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ സുഹൃത്തിനെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
യുഎസിൽ സോഫ്റ്റ്വെയർ എൻജിനീയറായി ജോലി ചെയ്യുന്ന ഭർത്താവ് പി. രഞ്ജിത്ത് ആണ് നാട്ടിലുള്ള ബന്ധുക്കളെ മരണവിവരം ഞായറാഴ്ച രാവിലെ ബന്ധപ്പെട്ടത് അറിയിച്ചത്.
തുടർന്ന് മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ യുവതിയുടെ പിതാവ് തെലങ്കാന സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

