ഇൻഡിഗോ എയർലൈൻസിന്റെ പുതിയ യാത്രാപദ്ധതിയായ ‘ഇൻഡിഗോ ലൈറ്റ്’ നിലവിൽ വന്നു. ചെക്ക്-ഇൻ ബാഗേജുകൾ ഇല്ലാതെ കാബിൻ ബാഗുമായി മാത്രം യാത്ര ചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാക്കുന്നതിനാണ് ഈ സംവിധാനം ആരംഭിച്ചത്.
7 കിലോ വരെ ഭാരമുള്ള കാബിൻ ബാഗേജ് മാത്രമാണ് ഈ ടിക്കറ്റിൽ അനുവദിക്കുക. ആഭ്യന്തര, രാജ്യാന്തര യാത്രകൾക്കായി ഈ സേവനം ഇന്നലെ മുതൽ ലഭ്യമാക്കിയിട്ടുണ്ട്.
ഈ മാസം 15 മുതലുള്ള യാത്രകൾക്കായി ഈ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ആപ്ലിക്കേഷൻ തുടങ്ങിയ നേരിട്ടുള്ള ബുക്കിങ് പ്ലാറ്റ്ഫോമുകൾ വഴി മാത്രമേ ഈ ടിക്കറ്റുകൾ ലഭ്യമാകൂ.
ഇക്കോണമി ക്ലാസ് യാത്രക്കാരെ ലക്ഷ്യമിട്ടുള്ളതാണ് ഈ എൻട്രി ലവൽ നിരക്ക്. നിലവിൽ മൂന്ന് തരം ടിക്കറ്റ് വിഭാഗങ്ങളാണ് ഇൻഡിഗോ നൽകി വരുന്നത്.
ഇതിനു പുറമേയാണ് പുതിയ ‘ലൈറ്റ് ഫെയർ’ അവതരിപ്പിച്ചിരിക്കുന്നത്. 15 കിലോ വരെ ചെക്ക്-ഇൻ ലഗേജ് അനുവദിക്കുന്ന ‘സേവർ ഫെയർ’ ആണ് നിലവിൽ കമ്പനിയുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ്.
എന്നാൽ സേവർ ഫെയറുമായി താരതമ്യം ചെയ്യുമ്പോൾ നേരിയ കുറവ് മാത്രമാണ് പുതിയ ലൈറ്റ് ഫെയറിൽ കാണാൻ സാധിക്കുക. ഉദാഹരണത്തിന്, ഓഗസ്റ്റ് ഒന്നിന് ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്കുള്ള സേവർ ഫെയർ നിരക്ക് 13,609 രൂപയാണെങ്കിൽ, ലൈറ്റ് ഫെയറിൽ ഇത് 13,451 രൂപയായിരിക്കും.
അതായത്, 158 രൂപയുടെ വ്യത്യാസം മാത്രമാണ് നിലവിലുള്ളത്. സമാനമായ രീതിയിൽ 2024-ൽ എയർ ഇന്ത്യ എക്സ്പ്രസും ലൈറ്റ് ഫെയർ സംവിധാനം അവതരിപ്പിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

