കുവൈത്ത് സിറ്റിയിൽ സുരക്ഷാ വകുപ്പുകളും നഗരസഭയും സംയുക്തമായി നടത്തിയ കർശന പരിശോധനയിൽ അനധികൃതമായി പ്രവർത്തിച്ച നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡുകളിൽ നിയമലംഘനം കണ്ടെത്തിയതിനെത്തുടർന്ന് നിർണായക നീക്കങ്ങളാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
ക്യാപിറ്റൽ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ വീടുകൾ കേന്ദ്രീകരിച്ച് അനധികൃതമായി പ്രവർത്തിച്ചിരുന്ന ആറ് ഗ്രോസറി സ്റ്റോറുകളാണ് അധികൃതർ പൂട്ടിച്ചത്. സുരക്ഷാ സേന, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവയുടെ സംയുക്ത നേതൃത്വത്തിലായിരുന്നു ഈ നടപടി.
പരിശോധനയിൽ തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് 11 പേരെ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാൻ ഉപയോഗിച്ചിരുന്ന രണ്ട് വാഹനങ്ങളും മോഷണക്കേസിൽ ഉൾപ്പെട്ട
ഒരു മോട്ടോർസൈക്കിളും പിടിച്ചെടുത്തിട്ടുണ്ട്. നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മറ്റ് രണ്ട് മോട്ടോർസൈക്കിളുകൾ മുനിസിപ്പാലിറ്റി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് 26 ഭക്ഷ്യസുരക്ഷാ നിയമലംഘന നോട്ടീസുകൾ നൽകിയിട്ടുണ്ട്. അറസ്റ്റിലായവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട
വകുപ്പുകൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമവിരുദ്ധ വ്യാപാര പ്രവർത്തനങ്ങൾ തടയുന്നതിനായി രാജ്യത്ത് ഇത്തരം പരിശോധനകൾ കർശനമായി തുടരുമെന്നും അധികൃതർ അറിയിച്ചു.
മറ്റൊരു സംഭവത്തിൽ, ഫർവാനിയ ഗവർണറേറ്റ് കേന്ദ്രീകരിച്ച് ഭക്ഷ്യ-പോഷകാഹാര അതോറിറ്റി നടത്തിയ പരിശോധനയിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തി. ഫർവാനിയ ഫുഡ് ഇൻസ്പെക്ഷൻ കൺട്രോൾ വിഭാഗമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
മായം ചേർത്തതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷണം വിൽപന നടത്തിയതിന് ഒരു കേസ് ഇവിടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാധുതയുള്ള ഹെൽത്ത് സർട്ടിഫിക്കറ്റ് ഇല്ലാതെ ജോലി ചെയ്ത രണ്ട് ജീവനക്കാർക്കെതിരെയും, ഹെൽത്ത് സർട്ടിഫിക്കറ്റില്ലാത്ത വ്യക്തികളെ ജോലിക്ക് നിയോഗിച്ച രണ്ട് തൊഴിലുടമകൾക്കെതിരെയും നിയമനടപടി സ്വീകരിച്ചു.
പരിശോധനയ്ക്കിടെ ഭക്ഷ്യയോഗ്യമല്ലെന്ന് ബോധ്യപ്പെട്ട 195.2 കിലോഗ്രാം ഇറച്ചി അധികൃതർ പിടിച്ചെടുത്തു.
തുടർന്ന് നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് ഈ മാംസം പൂർണ്ണമായി നശിപ്പിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

