രാജ്യാന്തര സാമ്പത്തിക മേഖലയിൽ ആശങ്കയായി ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ. ഏറെ നാളായി തുടരുന്ന റഷ്യ–യുക്രെയിൻ യുദ്ധത്തിന് പരിഹാരമായെന്ന് കരുതിയെങ്കിലും നിർണായക വിഷയങ്ങള്‍ പരിഹരിക്കാനുണ്ടെന്ന വിലയിരുത്തലിലാണ് വിപണി.
റഷ്യ പിടിച്ചടക്കിയ പ്രദേശങ്ങളെച്ചൊല്ലിയാണ് ഇപ്പോഴും തർക്കം നിലനിൽക്കുന്നതെന്ന് യുഎസ് പ്രസിഡന്റ്
പറയുന്നു. ജനുവരി ആറിന് യുക്രെയിൻ പ്രസിഡന്റ് സെലെൻസ്കി യൂറോപ്യൻ നേതാക്കളുമായി നടത്തുന്ന ചർച്ച നിർണായകമാകും.
അതിനിടെ യെമനിൽ നിന്ന് സേനയെ പിൻവലിക്കാൻ യുഎഇ തീരുമാനിച്ചെന്ന റിപ്പോർട്ടുകൾ സൗദി അറേബ്യൻ സഖ്യസേനയുമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തുന്നു.
എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ സൂചനയാണിതെന്നും റിപ്പോർട്ടുകൾ പറയുന്നു.
∙ ഇറാനിൽ പ്രക്ഷോഭം
അമേരിക്കൻ ഡോളറിനെതിരെ ഇറാനിയൻ കറൻസിയുടെ വിനിമയ നിരക്ക് റെക്കോർഡിലെത്തിയതിന് പിന്നാലെ ഇറാനിലെ പലയിടങ്ങളിലും പ്രക്ഷോഭം. വ്യാപാരികളും വിദ്യാർഥികളും തെരുവിലിറങ്ങി.
സമരക്കാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അത് പരിഹരിക്കുമെന്നുമാണ് ഇറാൻ അധികൃതരുടെ നിലപാട്. ഇവരുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് ആഭ്യന്തര മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട് .
സമരക്കാരുമായി ചർച്ച നടത്തും. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം നിലനിൽക്കുന്ന രാജ്യമാണ് ഇറാന്.
ഡോളറിനെതിരെ ഇറാനിയൻ റിയാലിന്റെ വിനിമയ നിരക്ക് 13,90,000 ആയി താഴ്ന്നിരുന്നു. ഇതിനെ തുടർന്ന് രാജ്യത്ത് വിലക്കയറ്റം രൂക്ഷമായി.
ഇറാനിലെ പലയിടങ്ങളിലും വ്യാപാരികൾ തിങ്കളാഴ്ച കടകൾ അടച്ചിട്ട് സമരം ചെയ്തെന്നാണ് റിപ്പോർട്ട്. പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് അടക്കം രംഗത്തുവന്നിട്ടുണ്ട്.
∙ വർഷാവസാനം ഓഹരികളിൽ ആശങ്ക
ദിവസം മുഴുവൻ ചാഞ്ചാടിക്കളിച്ച ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ ഫ്ലാറ്റായാണ് വ്യാപാരം നിർത്തിയത്.
ഒരു വേള വലിയ നഷ്ടത്തിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും ഓട്ടോ, മെറ്റൽ ഓഹരികളിലെ ശക്തമായ വാങ്ങലാണ് വിപണിയെ കരകയറ്റിയത്. നവംബറിലെ വ്യവസായ ഉൽപ്പാദന വളർച്ച രണ്ടു വർഷത്തെ ഉയർന്ന നിലയിലെത്തിയത് നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്.
നിഫ്റ്റി 0.01 ശതമാനവും സെൻസെക്സ് 0.02 ശതമാനവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി സ്മോൾ ക്യാപ്, മിഡ് ക്യാപ് ഓഹരികളും ചുവപ്പിലായിരുന്നു.
ഇന്നലെ വിദേശ നിക്ഷേപകർ 16,005 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയപ്പോൾ 19,866 കോടി രൂപയുടെ ഓഹരികൾ വിറ്റു.
ആഭ്യന്തര നിക്ഷേപകർ 44,060 കോടി രൂപയുടെ ഓഹരികൾ വാങ്ങുകയും 37,824 കോടി രൂപയുടെ ഓഹരി വിൽക്കുകയും ചെയ്തു.
ഇന്ന് ഗിഫ്റ്റ് നിഫ്റ്റിയിൽ ഫ്ളാറ്റായാണ് വ്യാപാരം നടക്കുന്നത്. ഇന്ത്യൻ ഓഹരി വിപണി മന്ദഗതിയിൽ വ്യാപാരം തുടങ്ങുമെന്നാണ് സൂചന.
∙ മൂന്നാം ദിവസവും നഷ്ടം
പുതുവത്സരാഘോഷത്തിലേക്ക് കടക്കുമ്പോൾ യുഎസ് ഓഹരി വിപണി നഷ്ടത്തിലായി.
തുടർച്ചയായ മൂന്നാം ദിവസമാണ് നഷ്ടത്തിൽ വ്യാപാരം അവസാനിക്കുന്നത് . എസ് ആൻഡ് പി 500 0.14 ശതമാനവും നാസ്ഡാക്ക് 0.24 ശതമാനവും ഡൗ 0.20 ശതമാനവും നഷ്ടത്തിലായി.
ടെക് കമ്പനികളിലുണ്ടായ നഷ്ടമാണ് വിപണിയെ ചുവപ്പിലേക്ക് നയിച്ചത്. എൻവിഡിയ, പാലന്റിർ ടെക്നോളജീസ്,അഡ്വാൻസ്ഡ് മൈക്രോ ഡിവൈസ് തുടങ്ങിയ കമ്പനികൾ നഷ്ടം തുടർന്നു. ജപ്പാനിലെ നിക്കേയ് അടക്കമുള്ള പ്രധാന ഏഷ്യൻ ഓഹരികളും നഷ്ടത്തിലാണ്.
നിക്കേയ് 0.37 ശതമാനമാണ് നഷ്ടത്തിലായത്.
യൂറോപ്യൻ ഓഹരികൾ നേട്ടത്തിലാണ്. തുടർച്ചയായ രണ്ടാം ദിവസമാണ് യൂറോപ്യൻ വിപണി ലാഭത്തിലാകുന്നത്. ബാങ്കിംഗ്, കമ്മോഡിറ്റി ലിങ്ക്ഡ് ഓഹരികളിലെ നേട്ടമാണ് വിപണിക്ക് തുണയായത്.
എന്നാൽ വർഷാവസാനത്തിലെ വ്യാപാരം വിപണിയുടെ നേട്ടം കുറച്ചിട്ടുണ്ട്.
∙ പുതുചരിത്രം കുറിച്ച് സ്വർണം
വർഷാവസാനം വില കുറഞ്ഞെങ്കിലും ഇക്കൊല്ലം സ്വർണം നേടിയത് 1979ന് ശേഷമുള്ള ഏറ്റവും വലിയ ഉയർച്ചയാണ്. വെള്ളിയാഴ്ച്ച ഔൺസിന് 4,549.71 ഡോളറിലേക്ക് കയറിയ രാജ്യാന്തര സ്വർണവില നിലവിൽ 4,370 ഡോളറെന്ന നിലയിലാണ്.
യുഎസിലെ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളാണ് ഇക്കൊല്ലം സ്വർണത്തെ പുതിയ ഉയരത്തിലെത്തിച്ചത്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ വഷളായതും കേന്ദ്രബാങ്കുകളുടെ സ്വർണം വാങ്ങൽ കൂടിയതും ഡോളറിന്റെ നിരക്ക് ഉയർന്നതും ഇടിഎഫുകളിലേക്കുള്ള നിക്ഷേപം വർധിച്ചതും ഉയർച്ചക്ക് സഹായകമായി.
66 ശതമാനമാണ് ഇക്കൊല്ലം സ്വർണവില ഉയർന്നത്.
അതിനിടെ ഡിസംബറിലെ യുഎസ് ഫെഡ് യോഗത്തിന്റെ മിനിട്സ് കഴിഞ്ഞ ദിവസം പുറത്തുവന്നു. നിരക്ക് മാറ്റത്തിൽ ഫെഡ് അംഗങ്ങൾ തമ്മിൽ വലിയ രീതിയിൽ ചർച്ച നടന്നുവെന്നാണ് ഇത് തെളിയിക്കുന്നത്.
ഇനി ജനുവരി 27,28 തീയതികളിലാണ് ഫെഡ് യോഗം. നിലവിലെ സാഹചര്യത്തിൽ നിരക്കുകളിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നാണ് വിപണി കരുതുന്നത്.
ലോകത്തിന്റെ പലയിടങ്ങളിലും സംഘർഷം തുടരുന്ന സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വിലയും ഇടിവിലാണ്.
ഡബ്ല്യൂടിഐ, ബ്രെന്റ് ക്രൂഡ് ഓയിലുകൾ 0.11 ശതമാനവും മർബൻ 0.93 ശതമാനവും ഇടിഞ്ഞു. ഡബ്ല്യൂടിഐ ബാരലിന് 57.86 ഡോളറിലും ബ്രെന്റ് 61.21 ഡോളറിലുമാണ് വിൽപ്പന നടക്കുന്നത്.
2020ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവിലേക്കാണ് ക്രൂഡ് ഓയിൽ നീങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

