വരാനിരിക്കുന്ന ഒക്ടോബർ മാസം സാധാരണക്കാരുടെ കുടുംബ ബജറ്റിനെ പ്രതികൂലമായി ബാധിക്കുന്ന നിരവധി സാമ്പത്തിക മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. അവശ്യസാധനങ്ങളുടെ വിലക്കയറ്റവും പുതിയ സേവന നിരക്കുകളും ജനങ്ങൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചേക്കാം.
പ്രധാനപ്പെട്ട മാറ്റങ്ങൾ താഴെ പറയുന്നവയാണ്:
ഗൃഹോപകരണ വില ഉയരുന്നു
നവരാത്രി-ദീപാവലി ഉത്സവ സീസണിന് മുന്നോടിയായി പ്രമുഖ ഗൃഹോപകരണ നിർമ്മാണ കമ്പനികൾ ഒക്ടോബർ ഒന്നുമുതൽ ഉൽപന്നങ്ങളുടെ വില വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ടെലിവിഷൻ, എയർകണ്ടീഷണർ, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ എന്നിവയ്ക്ക് 5 മുതൽ 8% വരെയാണ് വില വർധന ഉണ്ടാകുക. ചെമ്പ്, അലുമിനിയം, സ്റ്റീൽ തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും രൂപയുടെ മൂല്യത്തകർച്ചയുമാണ് ഈ തീരുമാനത്തിന് പിന്നിൽ.
50,000 രൂപ വിലയുള്ള ഒരു ടിവിക്ക് അഞ്ച് ശതമാനം വർധനവുണ്ടായാൽ 2500 രൂപയും, എട്ട് ശതമാനമെങ്കിൽ 4000 രൂപയും ഉപഭോക്താക്കൾ അധികമായി നൽകേണ്ടി വരും. എൽപിജി സിലിണ്ടർ വിലയും കെവൈസിയും
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വിലയെ അടിസ്ഥാനമാക്കി പൊതുമേഖലാ എണ്ണക്കമ്പനികൾ ഒക്ടോബർ ഒന്നിന് പാചകവാതക വില പരിഷ്കരിക്കും.
നിലവിലെ സാഹചര്യത്തിൽ വില വർധനയ്ക്കുള്ള സാധ്യതയാണ് ഉള്ളത്. സബ്സിഡി നിരക്കിൽ എൽപിജി ലഭിക്കുന്നവർ ബയോമെട്രിക് ആധാർ ഓതന്റിക്കേഷൻ (ബിഎഎ) നടപടികൾ സെപ്റ്റംബർ 30നകം പൂർത്തിയാക്കേണ്ടതാണ്.
ഈ തീയതിക്ക് മുൻപ് കെവൈസി പൂർത്തിയാക്കാത്ത പക്ഷം ഒക്ടോബർ ഒന്ന് മുതൽ സബ്സിഡി ആനുകൂല്യം ലഭിക്കുന്നതല്ല. വായ്പയെടുത്തവർക്ക് തിരിച്ചടി
റിസർവ് ബാങ്കിന്റെ അടുത്ത പണനയ പ്രഖ്യാപനം ഒക്ടോബർ 7ന് നടക്കും.
നിലവിലെ പണപ്പെരുപ്പവും രൂപയുടെ മൂല്യത്തകർച്ചയും കണക്കിലെടുത്ത് റീപ്പോ നിരക്ക് 0.25% വർധിപ്പിച്ച് 5.50 ശതമാനമാക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. റിസർവ് ബാങ്ക് പലിശനിരക്ക് ഉയർത്തിയാൽ ഭവന, വാഹന, വ്യക്തിഗത വായ്പ എടുത്തവരുടെ തിരിച്ചടവ് തുക വർധിക്കുകയും പുതിയ വായ്പകൾ കൂടുതൽ ചെലവേറിയതായി മാറുകയും ചെയ്യും.
യുപിഐ ഇടപാടുകളിലെ മാറ്റങ്ങൾ
ഉപഭോക്താക്കൾ വ്യാപാരികൾക്ക് നൽകുന്ന യുപിഐ തുക 2000 രൂപ കടക്കുകയാണെങ്കിൽ, വ്യാപാരികളിൽ നിന്ന് 0.4% മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഈടാക്കുന്ന രീതി ഒക്ടോബർ 15 മുതൽ നിലവിൽ വരും. ഉപഭോക്താക്കൾ ഈ ചാർജ് നൽകേണ്ടതില്ലെങ്കിലും വ്യാപാരികളെ ഇത് സാമ്പത്തികമായി ബാധിക്കും.
എസ്ബിഐ എടിഎം പരിഷ്കാരങ്ങൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാലറി അക്കൗണ്ട് ഉടമകൾക്ക് മറ്റ് ബാങ്കുകളുടെ എടിഎമ്മുകൾ വഴി നടത്താൻ കഴിയുന്ന സൗജന്യ ഇടപാടുകളുടെ പരിധി ഒക്ടോബർ ഒന്നുമുതൽ പത്തിൽ നിന്ന് അഞ്ചായി കുറയും. ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ട് ഉള്ളവർക്ക് പ്രതിമാസം 4 കാഷ് വിഡ്രോവലുകൾ മാത്രമേ സൗജന്യമായി ലഭിക്കൂ.
അതിനുശേഷമുള്ള ഓരോ ഇടപാടിനും 15 രൂപയും ജിഎസ്ടിയും ഈടാക്കുന്നതാണ്. ബൾക്ക് എഫ്ഡി പുതിയ നിർദേശങ്ങൾ
മൂന്ന് കോടി രൂപയോ അതിൽ കൂടുതലോ നിക്ഷേപിക്കുന്ന ബൾക്ക് ഫിക്സഡ് ഡിപ്പോസിറ്റുകൾക്കായുള്ള റിസർവ് ബാങ്കിന്റെ പുതിയ മാർഗനിർദേശങ്ങൾ ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
ബാങ്കുകൾ എല്ലാ ദിവസവും രാവിലെ 10നും 10.10നും ഇടയിൽ അന്നത്തെ പലിശനിരക്ക് ഔദ്യോഗികമായി വെളിപ്പെടുത്തേണ്ടതുണ്ട്. കൂടാതെ, ബാങ്കിന്റെ എല്ലാ ശാഖകളിലും ഒരേ തരത്തിലുള്ള നിക്ഷേപങ്ങൾക്ക് ഒരേ പലിശ നിരക്ക് തന്നെ നൽകേണ്ടതാണ്.
ബൾക്ക് എൻആർഐ റുപ്പി എഫ്ഡികൾക്കും ഈ നിയമം ബാധകമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

