ഇറാനും യുഎസ്-ഇസ്രയേലി സഖ്യവും തമ്മിലെ യുദ്ധവും ഹോർമുസ് പ്രതിസന്ധിയും മൂലം എണ്ണവില കത്തിക്കയറിയിട്ടും തളരാതെ ലാഭംകൊയ്ത് ചൈനയുടെ വ്യവസായ മേഖല. മാർച്ചിൽ വ്യാവസായിക ലാഭവളർച്ച 15.8 ശതമാനമാണെന്ന് നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ വ്യക്തമാക്കി.
കഴിഞ്ഞ 6 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ചയാണിത്. ജനുവരി-ഫെബ്രുവരി കാലയളവിൽ വളർച്ചനിരക്ക് 15.2 ശതമാനമായിരുന്നു.
എഐ ബൂം..
ചിപ്പ് ബൂം…
2026ന്റെ ആദ്യ 3 മാസക്കാലത്ത് (ജനുവരി-മാർച്ച്) വളർച്ചനിരക്ക് 15.5 ശതമാനമാണ്. കോവിഡ്കാലം ഒഴിച്ചുനിർത്തിയാൽ 2017ന് ശേഷമുള്ള ഏറ്റവും വലിയ വളർച്ചയുമാണിത്.
അമേരിക്കയുമായി ചൈന വൻ ഏറ്റുമുട്ടലിലേക്ക് സമീപകാലത്ത് കടന്ന നിർമിതബുദ്ധി (എഐ), ചിപ്പ് നിർമാണ മേഖലകളാണ് ചൈനയുടെ വ്യാവസായിക ലാഭക്കുതിപ്പിനെ നയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. മാർച്ചിൽ ഈ ഹൈ-ടെക് മേഖലയുടെ ലാഭം 21% ഉയർന്നു.
ജനുവരി-മാർച്ചിലെ വളർച്ചയാകട്ടെ 47.4 ശതമാനവും.
പങ്കാളികളും ഹാപ്പി
എഐ, ചിപ്പ് എന്നിവയുടെ അനുബന്ധ മേഖലകൾക്കും ഈ നേട്ടം വൻ ആവേശമായി. ഉദാഹരണത്തിന്, ഒപ്റ്റിക്കൽ ഫൈബർ നിർമാതാക്കളുടെ ലാഭവളർച്ച മാർച്ചിൽ 337 ശതമാനമാണ്.
ഒപ്റ്റോഇലക്ട്രോണിക്സ് 43%, ഡിസ്പ്ലേ ഡിവൈസ് നിർമാതാക്കൾ 36.3% എന്നിങ്ങനെയും ലാഭവളർച്ച നേടി. ഡ്രോൺ നിർമാതാക്കൾ 54%, അസംസ്കൃതവസ്തു ഉൽപാദകർ 78%, എയറോസ്പേസ്, ന്യൂ എനർജി തുടങ്ങിയ മേഖലകൾ 117% എന്നിങ്ങനെയും ലാഭത്തിൽ വർധന നേടിയെന്നാണ് റിപ്പോർട്ട് പറയുന്നത്.
കയറ്റുമതിക്കും സന്തോഷം
ജനുവരി-മാർച്ചിൽ ചൈനയുടെ കയറ്റുമതി മേഖല 14.7% വളർന്നിരുന്നു.
2022ന് ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചയാണിത്. അതേസമയം, എണ്ണവില വർധന ചൈനയെ ബാധിക്കുന്നുണ്ട്.
ഈ വർഷം ചൈനയിൽ പണപ്പെരുപ്പം 1.2 ശതമാനത്തിലേക്ക് ഉയർന്നേക്കാമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞവർഷം പണപ്പെരുപ്പം നെഗറ്റീവ് 2.6% വരെ താഴ്ന്നിരുന്നു (അതായത് പണച്ചുരുക്കം).
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

