ഗുരുഗ്രാമിലെ ടിക്ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ച് 12-ാം ക്ലാസ് വിദ്യാർത്ഥിയായ യുവിയെന്ന 17-കാരൻ മരിച്ച സംഭവത്തിൽ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ മീഷോയ്ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സൂറത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഉൽപ്പന്ന വിൽപനക്കാരനെതിരെയും ഗുരുഗ്രാം പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ 28-നാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയ യുവി സൾഫാസ് എന്ന മാരക വിഷവീര്യമുള്ള കെമിക്കൽ കഴിച്ച് മരണപ്പെടുന്നത്. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിച്ച അമ്മ അനുരാധ മെഹ്ര, ഓഗസ്റ്റിൽ കുട്ടിയുടെ മൊബൈൽ ഫോൺ വിശദമായി പരിശോധിച്ചപ്പോഴാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.
ഈ വിഷവസ്തു ഓൺലൈൻ ഷോപ്പിംഗ് ആപ്പായ മീഷോ വഴി സൂറത്തിലെ ഒരു വ്യാപാരിയിൽ നിന്നാണ് ഓർഡർ ചെയ്ത് വരുത്തിയതെന്ന് പരിശോധനയിൽ കണ്ടെത്തി. തുടർന്ന് മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗുരുഗ്രാമിലെ ബാദ്ഷാപൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.
കർഷകർക്കും മറ്റും കൃഷി ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കാൻ അനുമതിയുള്ളതും കർശന നിയന്ത്രണങ്ങളുള്ളതുമായ മാരകമായ വിഷവസ്തുക്കൾ യാതൊരു പരിശോധനയുമില്ലാതെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഓൺലൈൻ വഴി ലഭ്യമാക്കിയത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി. സൂറത്തിലുള്ള വിൽപനക്കാരന്റെ പേരിലാണ് വിഷവസ്തു ഓർഡർ ചെയ്തിരിക്കുന്നത് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട ഓർഡർ വിശദാംശങ്ങളും ഡിജിറ്റൽ ഇടപാടുകളുടെ വിവരങ്ങളും പോലീസ് നിലവിൽ ശേഖരിച്ചുവരികയാണ്.
നിയമവിരുദ്ധമായി ഇത്തരത്തിലുള്ള മാരക വസ്തുക്കൾ വിൽക്കാൻ സൗകര്യമൊരുക്കിയ പ്ലാറ്റ്ഫോമിനും വിൽപനക്കാരനുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

