ഇറാനും യുഎസ്-ഇസ്രയേലി സഖ്യവും തമ്മിലെ സംഘർഷം അയവില്ലാതെ തുടരുന്നത് ആഗോള സമ്പദ്മേഖലയ്ക്ക് കൂടുതൽ തിരിച്ചടിയാകുന്നു. രാജ്യാന്തര എണ്ണവില ലോകരാജ്യങ്ങൾക്കെല്ലാം ആശങ്കനൽകി കൂടുതൽ മുന്നേറ്റം തുടങ്ങി.
ഓഹരി വിപണികൾ നഷ്ടത്തിൽ മുങ്ങി. സ്വർണവിലയും കുതിച്ചുകയറുകയാണ്.
ഹോർമുസിന് ‘പുതിയ’ പേര്
പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ ഹോർമുസ് കടലിടുക്കിന്റെ ‘പേര് മാറ്റി’ ട്രംപ്.
തമാശയായാണ് അദ്ദേഹമത് പറഞ്ഞതെങ്കിലും ഗൗരവത്തോടെ ഇങ്ങനെയും പ്രതികരിച്ചു – ‘‘ചിലർ പറയും ഞാനത് അബദ്ധത്തിൽ പറഞ്ഞതാണെന്ന്, എന്നാൽ എന്റെ ഭാഗത്ത് അബദ്ധങ്ങളുണ്ടാകാറില്ല, തീരെയില്ല’’.
‘‘ഇറാൻ വല്ലാതെ തകർന്നുകഴിഞ്ഞു. ചർച്ചയ്ക്കായി യാചിക്കുന്നു.
ഡീലിനായി അവർ യാചിക്കുകയാണ്. പക്ഷേ ‘ട്രംപ് കടലിടുക്ക്’ അവർ തുറന്നേ പറ്റൂ, ഞാനുദ്ദേശിച്ചത് ഹോർമുസ് കടലിടുക്ക്’’ – ട്രംപ് വ്യക്തമാക്കി.
യുഎസിലെ മുൻ ഒബാമ, ബൈഡൻ ഭരണകൂടങ്ങൾക്കെതിരെയും ട്രംപ് ആഞ്ഞടിച്ചു.
ഞാനില്ലായിരുന്നെങ്കിൽ ‘ബോംബ്’
ബറാക് ഒബാമയെ ‘ബറാക് ഹുസൈൻ ഒബാമ’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ‘‘ബറാക് ഹുസൈൻ ഒബാമ 1.7 മില്യൻ ഡോളർ ഇറാനിലേക്ക് അയച്ചു.
ഇറാനുമായി ഒരു ആണവ കരാറും ഒപ്പുവച്ചു. ഞാൻ ആ കരാർ റദ്ദാക്കിയില്ലായിരുന്നെങ്കിൽ ഇസ്രയേലിലും പശ്ചിമേഷ്യയിലും ഇറാൻ ബോംബിട്ടേനെ’’ – ട്രംപ് പറഞ്ഞു. ബൈഡന്റെ 4 വർഷക്കാലം ‘നരക’മായിരുന്നെന്നും ആണവായുധ ശേഷി നേടാനാകുംവിധം ലോകത്തെ ഒന്നാം നമ്പർ ഭീകരവാദ സ്പോൺസർ രാജ്യമായി അക്കാലത്ത് ഇറാൻ മാറിയെന്നും ട്രംപ് ആരോപിച്ചു.
ചൈനയെയും പിണക്കി ഇറാൻ?
ഇതിനിടെ ‘ചൈന ഓഷൻ ഷിപ്പിങ് കമ്പനിയുടെ’ രണ്ട് എണ്ണക്കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ ഇറാൻ തടഞ്ഞുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.
ഏറ്റവും അടുത്ത സുഹൃദ് രാഷ്ട്രമായ ചൈനയുടെ കപ്പലുകളും ഇറാൻ തടഞ്ഞത് പലരിലും അമ്പരപ്പുണ്ടാക്കി. സുഹൃദ് രാഷ്ട്രങ്ങളുടെ കപ്പലുകളെ ഹോർമുസിൽ തടയില്ലെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ചൈനയുടെ കപ്പലുകളെയും തടഞ്ഞതോടെ ഹോർമുസിൽ ഇറാൻ നിലപാട് കടുപ്പിക്കുകയാണെന്ന സൂചനയാണ് ലഭിക്കുന്നത്.
കത്തിക്കയറി എണ്ണവില
ചൈനീസ് കപ്പലുകളെ തടഞ്ഞുവെന്ന റിപ്പോർട്ടുകൾ വന്നതിനുപിന്നാലെ രാജ്യാന്തര എണ്ണവില വീണ്ടും കുതിച്ചുയർന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 4.22% മുന്നേറി 112.6 ഡോളറിലെത്തി.
യുഎസ് ക്രൂഡ് വില 5.46% ഉയർന്ന് 99.64 ഡോളറും. അടുത്ത 10 ദിവസത്തേക്ക് ഇറാന്റെ ഈർജ പദ്ധതികളൈ ആക്രമിക്കില്ലെന്ന് ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഇസ്രയേലി-യുഎസ് സഖ്യം ആണവ കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ഇറാൻ ആരോപിച്ചു. ഇത്തരം പ്രകോപനങ്ങൾ സംഘർഷം കൂടുതൽ ആളിക്കത്താനേ ഉപകരിക്കൂ എന്ന മുന്നറിയിപ്പും ഇറാൻ നൽകി.
എരിതീയിൽ എണ്ണയൊഴിച്ച് യുക്രെയ്ൻ
ഇതേസമയം ‘എരിതീയിൽ എണ്ണ’ പകർന്ന് യുക്രെയ്ൻ-റഷ്യ സംഘർഷവും രൂക്ഷമാവുകയാണ്.
ഊർജ വിതരണ ശൃംഖലകളെ ഉന്നമിട്ട് യുക്രെയ്ൻ ഡ്രോൺ ആക്രമണം തുടരുകയാണെന്നും ഈ പശ്ചാത്തലത്തിൽ ബാൾട്ടിക് തീരത്തെ തുറമുഖങ്ങൾ വഴിയുള്ള എണ്ണകയറ്റുമതി നിർത്തിവയ്ക്കേണ്ടി വരുമെന്നും റഷ്യ മുന്നറിയിപ്പ് നൽകി. എണ്ണവില കൂടുതൽ കുതിച്ചുകയറാൻ വഴിയൊരുക്കുന്നതാണ് റഷ്യയുടെ ഈ നിലപാട്.
എന്നിട്ടും പുട്ടിന് നേട്ടം
യുക്രെയ്ന്റെ നിരന്തര ഡ്രോൺ ആക്രമണം മൂലം റഷ്യൻ എണ്ണ ഉൽപാദനം 40% കുറഞ്ഞിട്ടുണ്ട്.
പക്ഷേ, ബ്രെന്റ് ക്രൂഡ് വില 100-110 ഡോളർ കടന്നുയർന്നതിനാൽ ഉൽപാദനക്കുറവ് റഷ്യയുടെ എണ്ണവിൽപന വരുമാനത്തെ ബാധിച്ചിട്ടില്ല.
വരുമാനം കൂടിയതോടെ മുൻനിശ്ചയിച്ച ബജറ്റ് വെട്ടിച്ചുരുക്കൽ നീക്കവും റഷ്യ ഉപേക്ഷിച്ചു. സൈനികാവശ്യത്തിന് ഉൾപ്പെടെയുള്ള പദ്ധതികൾ പുനരുജ്ജീവിപ്പിക്കാൻ പുട്ടിൻ ഭരണകൂടം തീരുമാനിക്കുകയും ചെയ്തു.
പ്ലാന്റുകൾ അടച്ചിട്ടതുവഴിയുണ്ടായ വരുമാന നഷ്ടമെല്ലാം നിലവിലെ എണ്ണവില വർധനവഴി നികത്തപ്പെടുകയാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
4 വർഷത്തെ ‘വലിയ’ വില
2022 ജൂലൈക്ക് ശേഷമുള്ള ഏറ്റവും ഉയരത്തിലാണ് നിലവിൽ ബ്രെന്റ് ക്രൂഡ്, യുഎസ് ക്രൂഡ് (ഡബ്ല്യുടിഐ) വിലകളുള്ളത്. എണ്ണവില വർധനമൂലം രാജ്യത്ത് പെട്രോൾ, ഡീസൽ വിലവർധിക്കുന്നത് തടയാനായി ഇന്ത്യയിൽ കേന്ദ്രസർക്കാർ ഇന്നലെ അധിക എക്സൈസ് നികുതി വെട്ടിക്കുറച്ചിരുന്നു.
പെട്രോളിന്റേത് ലീറ്ററിന് 13 രൂപയായിരുന്നത് 3 രൂപയാക്കി. ഡീസലിന് 10 രൂപയുണ്ടായിരുന്നത് പൂർണമായും ഒഴിവാക്കി.
ഇതുവഴി കേന്ദ്രത്തിന്റെ വരുമാനത്തിൽ 1.2 മുതൽ 1.7 ലക്ഷം കോടി രൂപയുടെ വരെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ.
സ്വർണവിലയും കുതിപ്പിലേക്ക്
എണ്ണവില കൂടിയതിന്റെ ചുവടുപിടിച്ച് കഴിഞ്ഞദിവസങ്ങളിൽ രാജ്യാന്തര സ്വർണവില ഇടിഞ്ഞെങ്കിലും ഇന്നലെ കണ്ടത് കടകവിരുദ്ധമായ മുന്നേറ്റമാണ്. ഔൺസിന് 110.81 ഡോളർ ഉയർന്ന് 4,493.79 ഡോളറിലാണ് ഇപ്പോൾ വിലയുള്ളത്.
ഒരുവേള വില 4,352.81 ഡോളർ വരെ താഴ്ന്നിരുന്നു. വിലകുറഞ്ഞത് മുതലെടുത്തുള്ള വാങ്ങൽതാൽപ്പര്യം (ഡിപ്-ബയിങ്) ശക്തമായതാണ് വില കൂടാനിടയാക്കിയത്.
കേരളത്തിൽ ഇന്ന് വില ഉയർന്നേക്കാം.
ഓഹരിക്ക് കണ്ണീർക്കാലം
ഇറാനുമേലുള്ള ട്രംപിന്റെ കടുംപിടിത്തവും വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടുമായി പ്രത്യാക്രമണം തുടരുന്ന ഇറാന്റെ നിലപാടും ഓഹരി വിപണികൾക്കും ആഘാതമാവുകയാണ്. യുഎസ് ഓഹരി വിപണികൾ ഇന്നലെ തകർന്നടിഞ്ഞു.
ഡൗ ജോൺസ് 800 പോയിന്റിനടുത്ത് (-1.73%) കൂപ്പുകുത്തി. എസ് ആൻഡ് പി500 സൂചിക 1.67% ഇടിഞ്ഞ് 7-ആഴ്ചയിലെ താഴ്ചയിലെത്തി.
നാസ്ഡാക്കിന്റെ വീഴ്ച 2.15 ശതമാനമാണ്. തുടർച്ചയായ 5-ാം ആഴ്ചയും യുഎസ് ഓഹരി വിപണികൾക്ക് ഇതോടെ നഷ്ടത്തിന്റേതായി.
വീണു ഇന്ത്യൻ വിപണിയും രൂപയും
ഇന്ത്യൻ ഓഹരി സൂചികകളും ഇന്നലെ തകർന്നടിഞ്ഞിരുന്നു.
സെൻസെക്സ് 1700 പോയിന്റിനടുത്ത് (-2.25%) നഷ്ടവുമായി 73,583ലും നിഫ്റ്റി 486 പോയിന്റ് (-2.09%) താഴ്ന്ന് 22,819ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സമ്മർദം താങ്ങാനാവാതെ രൂപ ഡോളറിനെതിരെ ചരിത്രത്തിലാദ്യമായി 94ന് താഴേക്കും കൂപ്പുകുത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

