നിക്ഷേപകർ ഏറെക്കാലമായി കാത്തിരിക്കുന്ന റിലയൻസ് ജിയോ പ്രാഥമിക ഓഹരി വിൽപന (ഐപിഒ) വൈകില്ലെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ”ജിയോ പ്ലാറ്റ്ഫോമിന്റെ ലിസ്റ്റിങ് നടപടികൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്.
കമ്പനിയുടെ ചരിത്രത്തിലെ നിർണായക നീക്കമായിരിക്കും ഇത് – അദ്ദേഹം പറഞ്ഞു. ഐപിഒക്കായി അടുത്ത മാസം റിലയൻസ് സെബിക്ക് അപേക്ഷ (ഡിആർഎച്ച്പി) നൽകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അംബാനിയുടെ പ്രസ്താവന.
മാർച്ചിൽ തന്നെ ഐപിഒയ്ക്ക് അപേക്ഷിക്കുമെന്നായിരുന്നു ആദ്യ സൂചനകൾ. എന്നാൽ പശ്ചിമേഷ്യയിലെ പ്രതിസന്ധിയെ തുടർന്ന് ഇത് നീട്ടിവെക്കുകയായിരുന്നു.
റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലുള്ള ടെലികോം ബിസിനസ് വിഭാഗമാണ് ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ് (ജെപിഎൽ).
ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെ ഡിജിറ്റൽ മുഖം കൂടിയാണിത്. മാർച്ചിൽ അവസാനിച്ച പാദത്തിൽ മുൻ വർഷത്തേക്കാൾ 13 ശതമാനം നേട്ടത്തോടെ 44,928 കോടി രൂപയാണ് ജിയോ പ്രവർത്തന വരുമാനം നേടിയത്.
അറ്റലാഭം 13 ശതമാനം വർധിച്ച് 7,935 കോടി രൂപയുമായി.
കൂടുതൽ വരിക്കാരെ കൂട്ടിച്ചേർക്കാൻ കഴിഞ്ഞതാണ് നേട്ടമായത്. മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം 52.4 കോടി വരിക്കാരാണ് ജിയോയ്ക്കുള്ളത്.
ഇവരിൽ 26.8 കോടി പേരും 5ജി കണക്ഷൻ എടുത്തവരാണ്. കഴിഞ്ഞ പാദത്തിൽ 91 ലക്ഷം പുതിയ വരിക്കാരെ കൂട്ടിച്ചേർക്കാൻ കഴിഞ്ഞതായും കമ്പനി പറയുന്നു.
ഇതേ കാലയളവിൽ കമ്പനിയുടെ നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുമ്പുള്ള ലാഭം (എബിറ്റ്ഡ) മുൻവർഷത്തേക്കാൾ 18 ശതമാനം വർധിച്ചു.
ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (എആർപിയു) 214 രൂപയായും മെച്ചപ്പെട്ടു.
ഏറ്റവും വലിയ ഐപിഒ?
ഏതാണ്ട് 18,000 കോടി ഡോളർ മൂല്യം കണക്കാക്കി 400 കോടി ഡോളറാണ് (ഏകദേശം 37,000 കോടി രൂപ) ജിയോ പ്ലാറ്റ്ഫോംസ് വിപണിയിൽ നിന്ന് സമാഹരിക്കാൻ ഉദ്ദേശിക്കുന്നതെന്നാണ് വിലയിരുത്തൽ. ഇത് സാധ്യമായാൽ ഇന്ത്യൻ വിപണി ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും ഇത്.
ഐപിഒ ലിസ്റ്റിങ് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾക്കും നേട്ടമാകുമെന്നാണ് ബ്രോക്കറേജുകൾ പറയുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന വാർഷിക യോഗത്തിലാണ് മുകേഷ് അംബാനി ജിയോ ഐപിഒ നടത്തുമെന്ന പ്രഖ്യാപനം നടത്തിയത്.
2026 ജൂണിലായിരിക്കും ഐപിഒയെന്നും അദ്ദേഹം സൂചന നൽകിയിരുന്നു.
നിലവിൽ ജിയോയിൽ 67.03 ശതമാനം ഓഹരിയാണ് റിലയൻസ് ഇൻഡസ്ട്രീസിനുള്ളത്. 2020ൽ കമ്പനിയുടെ 32.97 ശതമാനം ഓഹരികൾ മെറ്റ, ഗൂഗിൾ, കെകെആർ തുടങ്ങിയ കമ്പനികൾക്ക് വിറ്റിരുന്നു.
ഇതിലൂടെ 1,52,055 കോടി രൂപയാണ് ജിയോ സമാഹരിച്ചത്. ഐപിഒയ്ക്ക് വേണ്ടി 2.5 ശതമാനം ഇക്വിറ്റി ജിയോ മാറ്റിവക്കുമെന്നാണ് ബ്രോക്കറേജുകൾ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

