അബുദാബി∙ ശമ്പളം കൈയിൽ കിട്ടുംവരെ ‘ഇതിങ്ങനെ’ തന്നെയെങ്കിലും നിൽക്കണേ… രൂപയ്ക്കെതിരെ ഗൾഫ് കറൻസികളുടെ മൂല്യം കുത്തനെ കുതിച്ചതോടെ വലിയ പ്രതീക്ഷയിലാണ് പ്രവാസികൾ. രൂപ-ഗൾഫ് കറൻസി വിനിമയനിരക്ക് റെക്കോർഡിലേക്ക് ഉയരുകയാണ്.
ഒരു യുഎഇ ദിർഹത്തിന് 24.40 രൂപയാണ് ഇപ്പോൾ. ഈ നിരക്ക് ശമ്പളം കിട്ടുന്നതുവരെ നിലനിന്നാൽ വലിയ നേട്ടമാകുമെന്നാണ് പ്രവാസികളുടെ കണക്കുകൂട്ടൽ.
ദിർഹവുമായുള്ള വിനിമയത്തിൽ ഒരുവർഷത്തിനിടെ 1.41 രൂപയുടെയും 5 വർഷത്തിനിടെ 2.28 രൂപയുടെയും നേട്ടമാണ് പ്രവാസികൾക്കുണ്ടായത്.
രാജ്യാന്തര നിരക്ക് 24.40 രൂപയാണെങ്കിലും യുഎഇയിലെ ചില എക്സ്ചേഞ്ചുകളിൽ ഇന്നലെ ഒരു ദിർഹത്തിന് 24.26 രൂപയാണ് നൽകിയത്. രൂപയ്ക്കെതിരെ മറ്റു കറൻസികളുടെ വിനിമയ നിരക്ക് ഇങ്ങനെ:
∙ ഖത്തർ റിയാൽ : 24.61
∙ സൗദി റിയാൽ : 23.89
∙ ഒമാൻ റിയാൽ : 233.19
∙ ബഹ്റൈൻ ദിനാർ : 237.83
∙ കുവൈത്ത് ദിനാർ : 291.86
ഡോളറിനെതിരെ രൂപയുടെ മൂല്യം വെള്ളിയാഴ്ച ചരിത്രത്തിൽ ആദ്യമായി 89ലേക്ക് ഇടിഞ്ഞ് സർവകാല താഴ്ചയായ 89.61ൽ എത്തിയിരുന്നു.
സെപ്റ്റംബർ അവസാനം കുറിച്ച 88.80 എന്ന റെക്കോർഡ് പഴങ്കഥയായി. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാൽ ഡോളർ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്.
പ്രവാസികൾക്ക് നേട്ടം, ആഭ്യന്തര വിപണിക്ക് കോട്ടം
രൂപയുടെ വീഴ്ച ഇന്ത്യയ്ക്ക് ഒരുപോലെ നേട്ടവും കോട്ടവുമാണ്.
കയറ്റുമതി മേഖലയ്ക്ക് നേട്ടം ലഭിക്കേണ്ടതാണെങ്കിലും ഉയർന്ന താരിഫ് ഭാരം തിരിച്ചടിയാകുന്നുണ്ട്. രൂപ തളരുന്നത് ഇറക്കുമതിക്ക് തിരിച്ചടിയാകും.
ക്രൂഡ് ഓയിൽ, സ്വർണം, ഇലക്ട്രോണിക്സ്, അസംസ്കൃതവസ്തുക്കൾ തുടങ്ങി ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കെല്ലാം കൂടുതൽ വില നൽകേണ്ടി വരും.
∙ ഇറക്കുമതി ഉൽപന്നങ്ങൾക്ക് വില കൂടുന്നത് രാജ്യത്ത് അവശ്യവസ്തുക്കളുടെ വില, പണപ്പെരുപ്പം എന്നിവ കൂടാനിടയാക്കും.
∙ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി, വ്യാപാരക്കമ്മി എന്നിവ കൂടുന്നത് സമ്പദ്വ്യവസ്ഥയെയും സമ്മർദത്തിലാക്കും.
∙ വിദേശത്ത് പഠിക്കുന്നവർ, വിദേശയാത്ര ചെയ്യുന്നവർ എന്നിവർക്കും രൂപയുടെ വീഴ്ച തിരിച്ചടിയാണ്. ഇവർ പഠന, യാത്രാച്ചെലവുകൾക്കായി കൂടുതൽ തുക കണ്ടെത്തേണ്ടിവരും.
∙ പ്രവാസികൾക്ക് രൂപയുടെ തളർച്ച നേട്ടമാണ്.
നാട്ടിലേക്ക് കൂടുതൽ പണം അയ്ക്കാനുള്ള സുവർണാവസരം. നിലവിൽ ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യം ഇന്ത്യയാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

