കടക്കെണിയിലും കറൻസിയായ പെസോയുടെ മൂല്യത്തകർച്ചയിലും നട്ടംതിരിയുന്ന ലാറ്റിൻ അമേരിക്കൻ രാജ്യമായ അർജന്റീനയെ കരകയറ്റാമെന്ന വാഗ്ദാനവുമായി അമേരിക്ക. വായ്പാ സഹായം ഉൾപ്പെടെ എല്ലാ സാഹയങ്ങളും പരിഗണിക്കുന്നുണ്ടെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ് പറഞ്ഞു.
അമേരിക്കൻ ഡോളറിനെതിരെ അർജന്റൈൻ കറൻസിയായ പെസോയുടെ മൂല്യം സർവകാല താഴ്ചയായ 1,500 നിലവാരത്തിലേക്ക് ഇടിഞ്ഞതാണ് പ്രധാന പ്രതിസന്ധി.
2023ൽ 200 ശതമാനത്തിനും മുകളിലേക്ക് കത്തിക്കയറിയ പണപ്പെരുപ്പം പിന്നീട് കുറഞ്ഞതെങ്കിലും ഇപ്പോഴും 50 ശതമാനത്തോളമുണ്ട്. രാജ്യത്ത് ദരിദ്രരുടെ അനുപാതം 40 ശതമാനമെന്ന ഗുരുതരമായ ഉയരത്തിലെത്തി.
അർജന്റീനയുടെ വിദേശ നാണയ ശേഖരം ആകെ 600 കോടി ഡോളറിനടുത്തേയുള്ളൂ. ജിഡിപിയുടെ 80 ശതമാനമാണ് ഗവൺമെന്റിന്റെ കടബാധ്യത.
വായ്പാത്തിരിച്ചടവ് പലതവണ മുടങ്ങിയതും തിരിച്ചടിയായി. ജിഡിപി വളർച്ച കഴിഞ്ഞപാദത്തിൽ 6.5% വളർന്നതുമാത്രമാണ് തൽക്കാലിക ആശ്വാസം.
ഒന്നാംപാദത്തിൽ വളർച്ച നെഗറ്റീവ് 0.1 ശതമാനമായിരുന്നു.
കടക്കെണിയിൽ നിന്ന് കരകയറാനുള്ള സഹായംതേടി അർജന്റീനയുടെ പ്രസിഡന്റ് ഹാവിയർ മീലെ യുഎസിനെ സമീപിക്കുകയായിരുന്നു. യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ വാഷിങ്ടണിലെത്തിയ മീലെ, സ്കോട് ബെസ്സന്റുമായി ചർച്ച നടത്തി.
പ്രസിഡന്റ് ട്രംപിനെയും അദ്ദേഹം കാണും. നേരത്തേ ചൈനയും അർജന്റീനയ്ക്ക് വായ്പാ സഹായവുമായി എത്തിയിരുന്നു.
12 മാസത്തേക്കായി 5 ബില്യൻ ഡോളറായിരുന്നു നൽകിയത്. ലാറ്റിൻ അമേരിക്കയിൽ ചൈന സ്വാധീനം ശക്തമാക്കുന്നത് അമേരിക്കയെ അസ്വസ്ഥമാക്കുന്നുമുണ്ട്.
ഈ സാഹചര്യത്തിലാണ്, അർജന്റീനയെ അമേരിക്ക സഹായിക്കാമെന്ന് ബെസ്സന്റിന്റെ വാഗ്ദാനം.
ആഫ്രിക്കയിൽ ചെയ്തതുപോലെ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളെയും കടക്കെണിയിൽ വീഴ്ത്താനുള്ള ശ്രമത്തിലാണ് ചൈനയെന്ന് സ്കോട് ബെസ്സന്റ് അടുത്തിടെ ആരോപിച്ചിരുന്നു. വലിയതോതിൽ കടംകൊടുക്കുകയും തിരിച്ചടവ് മുടങ്ങിയാൽ തന്ത്രപ്രധാന പദ്ധതികളുടെ നിയന്ത്രണം പിടിച്ചെടുക്കുകയുമാണ് ചൈന ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
എന്നാൽ, വിദ്വേഷം നിറഞ്ഞ അപവാദ പ്രചാരണമെന്നാണ് ഇതിനെതിരെ ചൈന പ്രതികരിച്ചത്.
അതേസമയം, യുഎസുമായുള്ള ‘തീരുവയുദ്ധ’ത്തിന്റെ പശ്ചാത്തലത്തിൽ അർജന്റീനയിൽ നിന്ന് കൂടുതൽ സോയാബീൻ ഇറക്കുമതി ചെയ്യാൻ ചൈന തീരുമാനിച്ചിട്ടുണ്ട്. ചൈന യുഎസിൽ നിന്ന് സോയാബീൻ വാങ്ങണമെന്നായിരുന്നു വ്യാപാരച്ചർച്ചകളിൽ പ്രസിഡന്റ് ട്രംപിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്.
അർജന്റീന കയറ്റുമതിനികുതി വെട്ടിക്കുറച്ച പശ്ചാത്തലത്തിൽ കൂടിയാണ് ചൈനയുടെ നീക്കം.
ഡോളർവരുമാനം കൂട്ടാനുള്ള ലക്ഷ്യത്തോടെയാണ് സോയാബീനന്റെ കയറ്റുമതിനികുതി ഒഴിവാക്കാനും കയറ്റുമതി നിയന്ത്രണം എടുത്തുകളയാനും അർജന്റീന തീരുമാനിച്ചത്. ഈ സീസണിൽ 10 മില്യൻ മെട്രിക് ടൺ സോയാബീൻ അർജന്റീനയിൽ നിന്നുവാങ്ങാനാണ് ചൈനയുടെ നിലവിലെ തീരുമാനം.
നേരത്തേ ചൈന ഏറ്റവുമധികം സോയാബീൻ വാങ്ങിയിരുന്നത് യുഎസിൽ നിന്നായിരുന്നു. എന്നാൽ, ഈ പാദത്തിൽ യുഎസിനെ പൂർണമായും ഒഴിവാക്കി ചൈന അർജന്റീനയിലേക്ക് തിരിഞ്ഞു.
യുഎസ് കർഷകർ ഏറ്റവുമധികം വിൽപന പ്രതീക്ഷിച്ചിരുന്ന സീസണിലാണ് ചൈനയുടെ ഈ ചുവടുമാറ്റമെന്നത്, ട്രംപ് ഭരണകൂടത്തെയും അലോസരപ്പെടുത്തിയേക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

