രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും ഇന്ധനവിലയിലെ ക്രമാതീതമായ വർധനയും കണക്കിലെടുത്ത്, കർശനമായ പണനയ ക്രമീകരണങ്ങളിലേക്ക് കടക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തയാറെടുക്കുന്നു. രൂപയുടെ വിനിമയ മൂല്യത്തിലുണ്ടായ ഇടിവ് പിടിച്ചുനിർത്തുക എന്ന ലക്ഷ്യത്തോടെ റിപ്പോ നിരക്ക് ഉയർത്തുന്ന കാര്യം കേന്ദ്ര ബാങ്ക് ഗൗരവമായി പരിഗണിക്കുകയാണ്.
ജൂൺ 3 മുതൽ 5 വരെ നടക്കുന്ന ആർബിഐ പണനയ സമിതി യോഗത്തിൽ ഇതുസംബന്ധിച്ച നിർണായക തീരുമാനങ്ങൾ ഉണ്ടായേക്കും. ഇത് സാധാരണക്കാരായ വായ്പക്കാരിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
യുഎസ്-ഇറാൻ സംഘർഷം മൂലം ഇറക്കുമതിച്ചെലവിലുണ്ടായ വർധനയും വിദേശനാണ്യ ശേഖരത്തിലെ കുറവും പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 97 നിലവാരത്തിലേക്ക് താഴ്ന്നത് സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
നിലവിൽ 5.25 ശതമാനമായ റിപ്പോ നിരക്കിൽ 50 മുതൽ 75 ബിപിഎസ് (ബേസിസ് പോയിന്റ്) വരെ വർധന ഉണ്ടായേക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തൽ. ആഗോള സാഹചര്യങ്ങളും ബോണ്ട് ആദായ നിരക്കിലെ മാറ്റങ്ങളും ഇന്ത്യക്ക് അവഗണിക്കാനാവില്ലെന്ന് സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിലെ സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
“ജൂണിലും ഓഗസ്റ്റിലും 25 ബിപിഎസ് വീതം വർധനയുണ്ടാകുമെന്നാണ് കരുതുന്നത്. ഇനി ജൂണിൽ നിരക്ക് കൂട്ടിയില്ലെങ്കിൽ ഓഗസ്റ്റിൽ 50 ബിപിഎസ് വർധിക്കും” – സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിലെ സാമ്പത്തിക വിദഗ്ധരായ അനുഭൂതി സഹായ്, സൗരവ് ആനന്ദ് എന്നിവർ വ്യക്തമാക്കി.
റിപ്പോ നിരക്കിലുണ്ടാകുന്ന വർധന ഭവന, വാഹന, പേഴ്സണൽ വായ്പകളുടെ പലിശനിരക്കിനെ നേരിട്ട് ബാധിക്കും. ഇത് ഉപഭോക്താക്കളുടെ പ്രതിമാസ തിരിച്ചടവ് (ഇഎംഐ) വർധിക്കുന്നതിനോ അല്ലെങ്കിൽ തിരിച്ചടവ് കാലാവധി നീളുന്നതിനോ കാരണമാകും.
നിക്ഷേപങ്ങൾക്ക് കൂടുതൽ പലിശ ലഭിക്കുമെങ്കിലും ഓഹരി വിപണിക്ക് ഈ തീരുമാനം സമ്മർദ്ദമുണ്ടാക്കും. അതേസമയം, വിപണിയിലെ പണലഭ്യത ഉറപ്പാക്കാൻ ഡോളർ-റുപ്പി സ്വാപ് ലേലത്തിലൂടെ 500 കോടി ഡോളർ (ഏകദേശം 48,454 കോടി രൂപ) ബാങ്കിങ് സംവിധാനത്തിലേക്ക് എത്തിക്കാൻ ആർബിഐ പദ്ധതിയിടുന്നുണ്ട്.
ബാങ്കുകളിൽ നിന്ന് ഡോളർ സ്വീകരിച്ച് പകരം രൂപ നൽകുന്ന ഈ സംവിധാനത്തിൽ, മൂന്ന് വർഷത്തിന് ശേഷം ബാങ്കുകൾക്ക് ഡോളർ തിരികെ വാങ്ങാനുള്ള സൗകര്യവുമുണ്ട്. രൂപയുടെ മൂല്യത്തകർച്ച തടയുന്നതിനായുള്ള പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ ക്രമീകരണങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

