താരിഫ് വിഷയത്തിൽ സുപ്രീം കോടതി വിധി തിരിച്ചടിയായതോടെ വിവിധ രാജ്യങ്ങളിൽ നിന്ന് പിരിച്ച കോടികൾ യുഎസ് തിരിച്ചു നൽകേണ്ടി വരുമെന്ന് കണക്ക്. മറ്റ് രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് വിധിച്ചാണ് യുഎസ് പരമോന്നത കോടതി പകരത്തീരുവ റദ്ദാക്കിയത്.
ഇതോടെ ഏകദേശം 17,500 കോടി ഡോളറിലേറെ (ഏകദേശം 15.59 ലക്ഷം കോടി രൂപ) റീഫണ്ട് ചെയ്യേണ്ടി വരുമെന്നാണ് പ്രാഥമിക കണക്കുകൾ പറയുന്നത്. പെൻസിൽവാനിയ സർവകലാശാലയിലെ ഗവേഷകർ തയാറാക്കിയ കണക്കാണിത്.
വിധിക്ക് പിന്നാലെ ചില കമ്പനികൾ റീഫണ്ട് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, ഇതിനോടകം ഈടാക്കിയ തീരുവ യുഎസ് സർക്കാരിന് കൈവശം വെക്കാമോ എന്ന കാര്യത്തിൽ സുപ്രീം കോടതി വിധി വ്യക്തമായൊന്നും പറയുന്നില്ല. ഈ പണം തിരിച്ചു നൽകണമെന്നും നിർദേശം നൽകിയിട്ടില്ല.
ഇക്കാര്യത്തിൽ ട്രംപ് ഭരണകൂടത്തിന്റെ നിലപാട് നിർണായകമാകും. എന്നാല് ഇതിനോടകം പിരിച്ച തുക തിരിച്ചുനൽകേണ്ടി വരുന്നതിലെ ബുദ്ധിമുട്ടുകൾ വിധിയിൽ എടുത്തു പറയുന്നുണ്ട്.
സുപ്രീം കോടതി ജഡ്ജിയായ ബ്രെറ്റ് കാവനോ തന്റെ വിയോജന കുറിപ്പിൽ രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്.
‘ താരിഫ് ഇനത്തിൽ പണം നൽകിയ കയറ്റുമതിക്കാർക്ക് യുഎസ് ബില്യൻ കണക്കിന് ഡോളറുകള് തിരിച്ചു നൽകേണ്ടി വരും. അവരിൽ ചിലർ തീരുവയുടെ ഭാരം ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിച്ചെങ്കിൽ പോലും.
പണം തിരിച്ചു നൽകുന്ന പ്രക്രിയ കുഴഞ്ഞുമറിയാൻ സാധ്യതയുണ്ട്. മാത്രവുമല്ല ചൈന, യുകെ, ജപ്പാൻ പോലുള്ള രാജ്യങ്ങളുമായി കോടിക്കണക്കിന് രൂപയുടെ വ്യാപാര കരാറിലെത്താൻ യുഎസിന് സാധിച്ചതായും സർക്കാർ രേഖകൾ പറയുന്നു.
കോടതി വിധി ഈ രാജ്യങ്ങളുമായുള്ള വ്യാപാര കരാറിൽ അനിശ്ചിതത്വം ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം തുടരുന്നു.
ട്രംപിന്റെ താരിഫിനെതിരായ പ്രചാരണങ്ങൾ നടത്തുന്ന ‘വീ പേ ദി താരിഫ്’ എന്ന കൂട്ടായ്മ എത്രയും വേഗം റീഫണ്ട് നടപടികൾ തുടങ്ങാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. താരിഫ് ബാധിച്ച എണ്ണൂറിലധികം യുഎസ് സംരംഭകരാണ് ഈ കൂട്ടായ്മയിലെ അംഗങ്ങൾ .
സുപ്രീം കോടതി വിധി ചെറുകിട സംരംഭകരുടെ വലിയ വിജയമാണെന്നാണ് ഇവരുടെ പ്രതികരണം.
എന്നാൽ അധികമായി നൽകിയ തുക തിരിച്ചു കിട്ടാതെ വിധിയിൽ അർത്ഥമില്ല. ഭാവിയിലെ വ്യാപാര നയങ്ങളെക്കുറിച്ച് വ്യക്തത വേണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയ്ക്കും കിട്ടുമോ?
അതിനിടെ എല്ലാവരും ചോദിക്കുന്നത് അധികമായി അടച്ച തീരുവ ഇന്ത്യയ്ക്കും തിരിച്ചു കിട്ടുമോ എന്നാണ്.
കഴിഞ്ഞ വർഷം ഏപ്രിൽ രണ്ടിനാണ് ഇന്ത്യയ്ക്ക് മേൽ ട്രംപ് 25 ശതമാനം പകരത്തീരുവ ചുമത്തിയത്. പിന്നാലെ റഷ്യൻ എണ്ണ വാങ്ങലിനെ ചൊല്ലി തീരുവ 50 ശതമാനമാക്കി വർധിപ്പിച്ചു.
അധിക ചെലവ് ഇന്ത്യൻ കയറ്റുമതി കമ്പനികളും യുഎസ് ഇറക്കുമതിക്കാരുമാണ് വഹിച്ചത്. പല ഉൽപന്നങ്ങൾക്കും വില കൂട്ടി ഉപഭോക്താക്കളിലേക്കും ഇത് കൈമാറി.അതുകൊണ്ട് തന്നെ അധികമായി നൽകിയ തുക ഉടനൊന്നും തിരിച്ചു കിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഇതിന് കാലതാമസം വന്നേക്കും. സുപ്രീം കോടതി വിധിയിൽ റീഫണ്ടിനുള്ള കാര്യം എടുത്തു പറഞ്ഞിട്ടില്ലെന്നതും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
കഴിഞ്ഞ വർഷമാണ് ട്രംപ് വിവിധ രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്താൻ ആരംഭിച്ചത്.
യുഎസ് വിപണിയെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ചൂഷണം ചെയ്യുകയാണെന്ന് ആരോപിച്ചായിരുന്നു നടപടി. ഇതിലൂടെ അമേരിക്കൻ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ നേട്ടമുണ്ടാകുമെന്നും ട്രംപ് പറഞ്ഞിരുന്നു.
എന്നാൽ താരിഫ് വരുമാനം കൂടിയിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ ആകെ വരുമാനത്തിന്റെ അഞ്ച് ശതമാനം മാത്രമാണിതെന്നാണ് കണക്ക്. ചില ഉൽപന്നങ്ങൾക്കും രാജ്യങ്ങൾക്കും ഇളവ് നൽകിയില്ലെങ്കിൽ വരുമാനം ഇതിനേക്കാൾ കൂടുതലായേനെ.
മാത്രവുമല്ല കുറഞ്ഞ തീരുവ ചുമത്തിയ രാജ്യങ്ങളിലേക്ക് കമ്പനികൾ ഉൽപാദനം മാറ്റിയതും തിരിച്ചടിയായെന്നും യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

