ഗുവാഹത്തിയിൽ നടുക്കുന്ന കൊലപാതകത്തിൽ ഭാര്യയുടെ മൃതദേഹം കവറിലാക്കി ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച കേസിലെ പ്രതി രാമാനുജ് ഗോസ്വാമിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സെപ്റ്റംബർ 6ന് ഗുവാഹത്തിയിലെ അപ്പാർട്മെന്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതിപ്പെട്ടതോടെയാണ് പൊലീസ് സ്ഥലത്തെത്തുന്നതും കൊലപാതക വിവരം പുറത്തറിയുന്നതും.
ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. അപ്പാർട്മെന്റിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കടന്നപ്പോഴാണ് റിയ താലൂക്ദാറിന്റെ മൃതദേഹം കണ്ടെത്തിയത്.
തല വിച്ഛേദിക്കപ്പെട്ട നിലയിലായിരുന്നു.
മൃതദേഹം ജീർണിച്ചു തുടങ്ങിയിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇരുവരുടേയും വിവാഹം നടന്നത്.
രണ്ടു ദിവസമായി ഇവരെ പുറത്തു കണ്ടിട്ടില്ലെന്നും മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നെന്നും നാട്ടുകാർ പൊലീസിനോട് പറഞ്ഞു. പിന്നീട് രാമാനുജ് ഗോസ്വാമി പൊലീസിൽ കീഴടങ്ങി.
ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ‘ജയിൽശിക്ഷ അനുഭവിച്ച ശേഷം ആ ‘ഷുഗർ ഡാഡി’യെയും ഞാൻ കൊല്ലും’– കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ രാമാനുജ് ഗോസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.
ആ വ്യക്തി ആരാണെന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ രാമാനുജ് പ്രകോപിതനായി. തനിക്ക് യാതൊരു പശ്ചാത്താപവുമില്ലെന്നും അയാൾ പറഞ്ഞു.
റിയയുടെ മൃതദേഹവും വിച്ഛേദിക്കപ്പെട്ട തലയും പോസ്റ്റ്മോർട്ടത്തിനായി അയച്ചു.

