ഓട്ടോമൊബീൽ ചരിത്രത്തിൽ ആദ്യമായി പാസഞ്ചർ വാഹനങ്ങളുടെ വിൽപനയിൽ പെട്രോൾ എൻജിനുകളെ മറികടന്ന് ബദൽ ഇന്ധന വാഹനങ്ങൾ പുതിയ ചരിത്രം കുറിച്ചു. ഇലക്ട്രിക്, ഹൈബ്രിഡ്, സിഎൻജി ഉൾപ്പെടെയുള്ള ബദൽ ഇന്ധന വാഹനങ്ങൾ സംയുക്തമായി 41.95% വിപണി വിഹിതം കൈവരിച്ചപ്പോൾ, പരമ്പരാഗത പെട്രോൾ കാറുകളുടെ വിഹിതം 40.85% ആയി കുറയുകയുണ്ടായി.
ഒരു വർഷം മുൻപുവരെ വിപണിയിൽ പതിനൊന്ന് ശതമാനത്തിലേറെ മുൻതൂക്കം ഉണ്ടായിരുന്ന പെട്രോൾ വാഹനങ്ങളെയാണ് ബദൽ ഇന്ധന മാർഗ്ഗങ്ങൾ പിന്നിലാക്കിയിരിക്കുന്നത്. ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷൻ (ഫാഡ) പുറത്തുവിട്ട
ഏറ്റവും പുതിയ കണക്കുകൾ പ്രകാരമാണ് ഈ സുപ്രധാന മാറ്റം. പുതിയ കണക്കുകൾ അനുസരിച്ച് സിഎൻജി വാഹനങ്ങൾ 25.28%, ഹൈബ്രിഡ് വാഹനങ്ങൾ 9.04%, ഇലക്ട്രിക് വാഹനങ്ങൾ 7.63% എന്നിങ്ങനെയാണ് വിപണി വിഹിതം സ്വന്തമാക്കിയിട്ടുള്ളത്.
റെക്കോർഡ് തിളക്കത്തിൽ വാഹന വിൽപന കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ രാജ്യത്തെ യാത്രാ വാഹനങ്ങളുടെ വിൽപന നാല് ലക്ഷം പിന്നിട്ടു. ഈ വർഷം ഓഗസ്റ്റിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിൽപനയാണിത്.
മുൻവർഷത്തെ അപേക്ഷിച്ച് 16.14% വർധനവാണ് ഇതിലുണ്ടായിരിക്കുന്നത്. രാജ്യത്തെ മൊത്തത്തിലുള്ള വാഹന വിൽപന 17.51% ഉയർന്ന് 24,23,201 യൂണിറ്റുകളിലെത്തി.
ആകെ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപന മാത്രം 2,98,448 യൂണിറ്റുകളായി ഉയർന്നു. ഇതോടെ രാജ്യത്തെ വാഹന വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ സ്വാധീനം 12.3% ആയി വർധിച്ചു.
വിവിധ വിഭാഗങ്ങളിലെ വാഹനങ്ങളുടെ വിൽപനയിൽ ഉണ്ടായ വർധനവ് താഴെ പറയുന്നതാണ്:
∙ ഇരുചക്ര വാഹനങ്ങൾ: 17,14,610 (+19.69% വർധന)
∙ വാണിജ്യ വാഹനങ്ങൾ: 90,769 (+14.45% വർധന)
∙ ത്രീ വീലറുകൾ: 1,22,281 (+8.64% വർധന)
∙ ട്രാക്ടറുകൾ: 87,977 (+0.84% വർധന)
കേരളത്തിലും ശക്തമായി ഇവി തരംഗം
സംസ്ഥാനത്ത് പെട്രോൾ മോഡലുകളുടെ ജനപ്രീതിക്ക് വലിയ ഇടിവ് വന്നിട്ടില്ലെങ്കിലും, ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം അതിവേഗം കുതിച്ചുയരുകയാണ്. കഴിഞ്ഞ മാസത്തെ കണക്കുകൾ പരിശോധിച്ചാൽ 15,212 ഇലക്ട്രിക് വാഹനങ്ങളാണ് കേരളത്തിൽ പുതുതായി നിരത്തിലിറങ്ങിയിട്ടുള്ളത് എന്ന് പരിവാഹൻ റജിസ്ട്രേഷൻ കണക്കുകൾ വ്യക്തമാക്കുന്നു.
പെട്രോൾ വിഭാഗത്തിൽ പെട്രോൾ ഇ20 ഇനത്തിൽ മാത്രം 76,505 വാഹനങ്ങൾ കഴിഞ്ഞ മാസം റജിസ്റ്റർ ചെയ്യപ്പെട്ടു. കൂടാതെ, 1,684 പെട്രോൾ സിഎൻജി, 346 പെട്രോൾ ഹൈബ്രിഡ്, 1,939 പെട്രോൾ ഇ20 ഹൈബ്രിഡ്, 766 സിഎൻജി, 26 പെട്രോൾ ഇ20 സിഎൻജി, 2 ഫ്ലെക്സ് ഫ്യുവൽ എഥനോൾ വാഹനങ്ങളും റജിസ്ട്രേഷൻ നേടിയിട്ടുണ്ട്.
എന്നാൽ ഡീസൽ എൻജിൻ വാഹനങ്ങളുടെ വിൽപനയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്; ആകെ 6,596 ഡീസൽ വാഹനങ്ങളും 28 ഡീസൽ ഹൈബ്രിഡ് വാഹനങ്ങളും മാത്രമാണ് കഴിഞ്ഞ മാസം സംസ്ഥാനത്ത് റജിസ്റ്റർ ചെയ്യപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

