അറബിക്കടലിൽ നിർണായക നീക്കവുമായി പാക്കിസ്ഥാൻ സർക്കാർ. തെക്കൻ സിന്ധ് പ്രവിശ്യയിലെ സുജാവലിൽ നിന്ന് 30 കിലോമീറ്റർ അകലെ കടലിൽ കൃത്രിമ ദ്വീപ് നിർമിക്കാൻ പാക്കിസ്ഥാൻ തയാറെടുക്കുന്നതായി ഒരു ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്തു.
ശക്തമായ തിരമാലകളെപ്പോലും ചെറുക്കുംവിധം 6 അടിയിലേറെ ഉയരത്തിലാകും ദ്വീപ്. ഇതിനായി, അബുദാബിയിലെ കൃത്രിമ ദ്വീപ് നിർമാണത്തിന് പ്രയോജനപ്പെടുത്തിയതരം അത്യാധുനിക ഡ്രില്ലിങ് മെഷീനുകളും ഉപയോഗിക്കും.
പാക്കിസ്ഥാനോട് ചേർന്ന് കടലിൽ എണ്ണശേഖരമുണ്ടെന്ന് കരുതുന്ന പ്രദേശത്ത് 25ലേറെ എണ്ണക്കിണറുകൾ സജജ്മാക്കുന്നതിന്റെ ഭാഗമായാണ് കൃത്രിമ ദ്വീപ് നിർമാണം.
പാക്കിസ്ഥാൻ പെട്രോളിയം കോർപറേഷന്റെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ. അടുത്തവർഷം ആദ്യത്തോടെ പ്രവർത്തനസജ്ജമാക്കാനാണ് ശ്രമം.
പാക്കിസ്ഥാന്റെ എണ്ണശേഖരം വികസിപ്പിക്കാൻ സഹായിക്കാമെന്ന് അടുത്തിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. യുഎസ് കമ്പനികൾ ഇതിന്റെ ഭാഗമായി പാക്കിസ്ഥാനിൽ പ്രവർത്തനവും തുടങ്ങിയേക്കും.
ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളും ഏകദേശ ധാരണയിലെത്തിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
പാക്കിസ്ഥാൻ ചിലപ്പോൾ ഭാവിയിൽ ഇന്ത്യയ്ക്ക് എണ്ണ വിറ്റഴിച്ചേക്കാമെന്നും ട്രംപ് പറഞ്ഞിരുന്നു. പാക്കിസ്ഥാനിൽ 353.5 മില്യൻ ബാരൽ ക്രൂഡ് ഓയിൽ ശേഖരമുണ്ടെന്നാണ് കരുതപ്പെടുന്നത്.
ഈ എണ്ണശേഖരത്തിൽ നിന്ന് വാണിജ്യഖനനം ആരംഭിക്കണമെങ്കിൽ ലക്ഷം കോടിയിലേറെ രൂപ വേണ്ടിവരും. ഖനനം വാണിജ്യാടിസ്ഥാനത്തിൽ നടത്താൻ ഒട്ടേറെ വർഷങ്ങളുമെടുക്കും.
എണ്ണശേഖരമുണ്ടെന്ന് ഇതുവരെ പഠനങ്ങളിലൂടെ തെളിയിച്ചിട്ടുമില്ല. അതേസമയം, സാമ്പത്തികഞെരുക്കത്തിലൂടെ കടന്നുപോകുന്ന പാക്കിസ്ഥാന് ട്രംപിന്റെ ഓഫർ രാഷ്ട്രീയമായി ആശ്വാസമാണ്.
∙ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയുടെ ഭാഗമായ കടലിൽ നിന്ന് കിലോമീറ്ററുകൾ മാത്രം അകലെയാണ് എണ്ണശേഖരമുണ്ടെന്ന് കരുതുന്നത്.
∙ സ്വതന്ത്ര ബലൂചിസ്ഥാൻ വാദമുന്നയിക്കുന്നവർ ട്രംപിന്റെ ഓഫറിനെതിരെ രംഗത്തുവന്നിരുന്നു.
∙ എണ്ണശേഖരം പാക്കിസ്ഥാന്റെയല്ലെന്നും സ്വതന്ത്ര ബലൂചിസ്ഥാന്റെയാണെന്നും അവർ വാദിക്കുന്നു.
മാത്രമല്ല, ബലൂചിസ്ഥാന്റെ സമ്പത്തുവച്ച് പാക്കിസ്ഥാൻ സർക്കാരും സൈനിക മേധാവിയും വിലപേശലുകൾ നടത്തുകയാണെന്നും അവർ ആരോപിച്ചിരുന്നു.
അസിം മുനീറിന്റെ ബിസിനസ് പദ്ധതികൾ
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം ഇന്ത്യ വിജയകരമായ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ പാക്കിസ്ഥാനെ ഉലച്ചിരുന്നു. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ മുൻകൈ എടുത്തത് താനാണെന്ന വാദവുമായി ഇതിനിടെ ട്രംപ് മുന്നോട്ടുവന്നിരുന്നു.
ഈ വാദത്തെ പിന്തുണച്ച പാക്കിസ്ഥാൻ, പിന്നാലെ യുഎസുമായി കൂടുതൽ അടുക്കാനുള്ള ശ്രമങ്ങളുമാണ് നടത്തിയത്.
ഇതിലൊന്നായിരുന്നു എണ്ണ പര്യവേക്ഷണത്തിലെ സഹകരണം. പുറമേ, ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടെന്ന് കരുതുന്ന അപൂർവ ധാതുക്കൾ (റെയർ എർത്ത്) യുഎസിന് വിൽക്കാനുള്ള നീക്കങ്ങളുമായി പാക്കിസ്ഥാൻ സൈനിക മേധാനി അസിം മുനീർ നേരിട്ട് രംഗത്തിറങ്ങിയിരുന്നു.
വൈറ്റ്ഹൗസിൽ ട്രംപുമായി മുനീർ പലവട്ടം കൂടിക്കാഴ്ചയും നടത്തി.
∙ പാക്കിസ്ഥാന്റെ എണ്ണശേഖരം വികസിപ്പിക്കാൻ യുഎസ് സഹായിക്കണമെന്ന അഭ്യർഥന വൈറ്റ്ഹൗസിൽ ട്രംപുമായുള്ള അത്താഴവിരുന്നിൽ അസിം മുനീർ മുന്നോട്ടുവച്ചിരുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
∙ ഇതിനുപിന്നാലെയാണ് ട്രംപ് പാക്കിസ്ഥാന്റെ എണ്ണശേഖരം വികസിപ്പിക്കാൻ യുഎസ് സഹായിക്കുമെന്ന് വ്യക്തമാക്കിയത്.
∙ ട്രംപിന്റെ കുടുംബത്തിന് ബന്ധമുള്ള വേൾഡ് ലിബേർട്ടി ഫിനാൻഷ്യൽ എന്ന ക്രിപ്റ്റോകറൻസി സ്ഥാപനത്തിനും പാക്കിസ്ഥാനിൽ ബിസിനസ് പ്രവർത്തനങ്ങളുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

