ചിറ്റൂർ ∙ ‘ക്ലേശഘടകം’ പരിഹരിച്ച് അതിദരിദ്ര മുക്തമാക്കിയവരുടെ സർക്കാർ പട്ടികയിൽ ഉൾപ്പെട്ടില്ലേ, പിന്നെന്താണു പ്രയാസം? – ചിറ്റൂർകാവിനു പിറകുവശത്തുള്ള അമ്പാട്ട് റോഡിലെ നാഗക്കാവിനു സമീപം തെരുവിൽ കിടക്കുന്ന അയ്യപ്പനോട് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ: ‘കണ്ണ് ഇപ്പോൾ തീരെ കാണുന്നില്ല. ആളുകളെ ഒരു നിഴൽ പോലെ കാണാം.
വലതുകാൽ അനക്കാൻ വയ്യാതായിട്ടു പത്തുമുപ്പതു കൊല്ലമായി. കഴിഞ്ഞദിവസം രാത്രി പെട്ടെന്നു മഴപെയ്തപ്പോൾ ആകെ നനഞ്ഞു.
മഴകൊണ്ടു കിടന്നു. കണ്ണു കാണാത്തതിനാൽ എങ്ങോട്ടും മാറാനായില്ല.
പ്രാഥമികാവശ്യങ്ങൾക്കു പോലും പോകാൻ വയ്യ. കഴിഞ്ഞ ഓണത്തിനാണ് അവസാനമായി കിറ്റ് ലഭിച്ചത്.
അതിനു ശേഷം ഒരു സഹായവും ലഭിച്ചിട്ടില്ല. പരിചയമുള്ള ആരെങ്കിലും ഭക്ഷണം വാങ്ങിത്തരും’.
ഭിന്നശേഷിക്കാരനായ, കാഴ്ചശക്തി കൂടി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അയ്യപ്പൻ ഇപ്പോഴും ആശ്രയമില്ലാതെ തെരുവിൽ ഉറങ്ങുകയാണ്.
രണ്ടരപ്പതിറ്റാണ്ടിലേറെയായി ചിറ്റൂരിലെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് ചിറ്റൂർകാവിനു മുൻവശത്ത് മുച്ചക്ര സൈക്കിളിൽ ഇരിക്കുന്ന വടക്കത്തറ സ്വദേശി അയ്യപ്പനെ (62) കാണാത്തവർ കുറവായിരിക്കും. നാഗക്കാവിനു സമീപം കിടക്കാൻ തുടങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞു.
മരച്ചുവട്ടിൽ വിരിച്ച തുണിയിലാണു കിടപ്പ്.
ജനിച്ചതു വടക്കത്തറയിലാണെങ്കിലും വർഷങ്ങൾക്കു മുൻപു തൊഴിലന്വേഷിച്ചു തൃശൂരിലെത്തി. വിവാഹശേഷം ഭാര്യ ഭാർഗവിയുടെ മണ്ണൂരിലെ വീട്ടിലായിരുന്നു താമസം. അതിനിടെ അപകടത്തിൽ വലതുകാലിന്റെ ചലനശേഷി നഷ്ടപ്പെട്ടു.
27 വർഷം മുൻപു ഭാര്യയും ഒരുവർഷത്തിനു ശേഷം ഏക മകനും മരിച്ചതോടെ ഭാര്യവീട്ടിൽ നിന്ന് ഇറങ്ങി. പിന്നീട് തറവാട്ടിലെത്തിയപ്പോൾ ബന്ധുക്കളും കയ്യൊഴിഞ്ഞതായി അയ്യപ്പൻ പറയുന്നു.
സർക്കാരിന്റെ അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട
അയ്യപ്പന്റെ ‘ക്ലേശഘടകം’ പരിഹരിച്ചുകൊണ്ട് അതിദരിദ്ര മുക്തനാക്കിയിരുന്നു. ഭക്ഷണമില്ലാത്തതാണ് ക്ലേശഘടകമെന്നും ഭക്ഷ്യക്കിറ്റ് നൽകി അതു പരിഹരിച്ചെന്നും ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, വീടോ പാകം ചെയ്യാനുള്ള സൗകര്യമോ ഇല്ലാതെ ഭക്ഷ്യക്കിറ്റ് കിട്ടിയാൽ തന്നെ എന്തുചെയ്യാനാണെന്ന് അയ്യപ്പൻ ചോദിക്കുന്നു.
അതേസമയം, നഗരസഭയുടെ നേതൃത്വത്തിൽ എല്ലാ ദിവസവും അയ്യപ്പനു ഭക്ഷണം എത്തിച്ചുനൽകാറുണ്ടെന്നു നഗരസഭാധ്യക്ഷ കെ.എൽ.കവിത പറയുന്നു.
വീടു നിർമിച്ചുനൽകുന്നതിനു സാങ്കേതിക തടസ്സമുള്ളതിനാൽ വാടകവീട്ടിൽ താമസിപ്പിക്കാമെന്ന് അറിയിച്ചെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. താൻ മുൻകയ്യെടുത്താണു ഭിന്നശേഷി പെൻഷൻ ലഭ്യമാക്കിയതെന്നും നഗരസഭാധ്യക്ഷ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

