ഇസ്രയേൽ-ലെബനൻ 10-ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപനത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് തുറന്നെന്ന് ഇറാൻ പ്രഖ്യാപിച്ചിട്ടും ആശയക്കുഴപ്പം മാറുന്നില്ല. ഇന്നലെ വ്യക്തമാക്കിയത്.
എന്നാൽ, അരഗ്ചിയുടെ പ്രഖ്യാപനത്തിനെതിരെ ഇറാനിൽ വിമർശനം ഉയർന്നു.
തീരുമാനം പുനഃപരിശോധിക്കണമെന്ന് ചില ഇറാനിയൻ മാധ്യമങ്ങളും വിദ്യാർഥി സംഘടനകളും ആവശ്യപ്പെട്ടു. ‘‘ശത്രുവിന്റെ താൽപ്പര്യങ്ങൾക്ക് ഇറാൻ വഴങ്ങരുത്’’ എന്നാണ് ഇറാനിയൻ സൈന്യമായ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോറുമായി (ഐആർജിസി) ബന്ധപ്പെട്ട
ചില മാധ്യമങ്ങളും സംഘടനകളും പ്രതികരിച്ചത്.
ഇറാനെതിരെ ഇസ്രയേൽ-യുഎസ് സഖ്യം ആക്രമണം ആരംഭിച്ച ഫെബ്രുവരി അവസാനത്തിനുശേഷം ആദ്യമായാണ് ഹോർമുസ് തുറക്കുന്നത്. എന്നാൽ, ഐആർജിസിയുടെ പരിശോധനയ്ക്കുശേഷം അനുമതി ലഭിക്കുന്ന കപ്പലുകൾക്ക് മാത്രമേ ഹോർമുസ് ഇപ്പോഴും കടക്കാനാകുന്നുള്ളൂ എന്ന് റിപ്പോർട്ടുകളുണ്ട്.
കപ്പലുകളിൽ നിന്ന് ഇറാൻ ‘ടോൾ’ പിരിക്കുന്നുണ്ടോയെന്നും വ്യക്തമല്ല.
ഇസ്രയേൽ-യുഎസ് സഖ്യത്തിന്റെ ആക്രമണത്തെ അനുകൂലിക്കാത്ത രാജ്യങ്ങളുടെ കപ്പലുകളെ മാത്രമേ ഐആർജിസി കടത്തിവിടുന്നുള്ളൂ എന്നും ചില റിപ്പോർട്ടുകൾ പറയുന്നു. ഇറാന്റെ പ്രഖ്യാപനം വന്നശേഷം 8 കപ്പലുകൾ ഹോർമുസ് കടന്നിട്ടുണ്ട്.
ഹോർമുസിൽ സ്ഥാപിച്ച ബോംബ് കെണികൾ (മൈനുകൾ) ഇറാൻ നീക്കം ചെയ്തുതുടങ്ങി.
യുഎസിന്റെ ബ്ലോക്കിങ് തുടരുമെന്ന് ട്രംപ്
ഹോർമുസ് തുറക്കാനുള്ള ഇറാന്റെ തീരുമാനത്തെ ‘‘ലോകത്തിന് ഏറ്റവും മികച്ചൊരു ദിവസം’’ എന്ന് പ്രതികരിച്ചാണ് ട്രംപ് സ്വാഗതം ചെയ്തത്. ‘‘ഇറാന് നന്ദി’’യും ട്രംപ് പറഞ്ഞിരുന്നു.
എന്നാൽ, ഹോർമുസിൽ കപ്പലുകളെ തടയുന്ന യുഎസ് സൈന്യത്തിന്റെ നടപടി തുടരുമെന്നും ട്രംപ് പറഞ്ഞു. ഇറാനിലേക്കും തിരിച്ചും പോകുന്ന കപ്പലുകളെ മാത്രമാണ് യുഎസ് തടയുക.
അതേസമയം, ഇറാനുമായി സമാധാന ഡീൽ ഉടൻ ഒപ്പുവയ്ക്കുമെന്നും നിബന്ധനകളിൽ കടുംപിടിത്തമില്ലെന്നും ഏറക്കുറെ ധാരണയായെന്നും ട്രംപ് വ്യക്തമാക്കി.
ഇറാന്റെ ആണവായുധ നിർമാണ അവശിഷ്ടങ്ങൾ യുഎസ് ഏറ്റെടുക്കുമെന്നും ട്രംപ് പറഞ്ഞു. ‘‘ഇറാന്റെ ആണവ അവശിഷ്ടങ്ങൾ (ന്യൂക്ലിയർ ഡസ്റ്റ്) യുഎസ് വാങ്ങും.
നമ്മുടെ യുദ്ധവിമാനങ്ങൾ തകർത്ത ആണവ പദ്ധതികളുടേതാണത്’’ – ട്രംപ് പറഞ്ഞു.
ഇറാന് പണം കൊടുക്കില്ല; ‘മാറി നിൽക്ക്’ എന്ന് നാറ്റോയോടും
ഇറാനിൽ നിന്ന് ന്യൂക്ലിയർ ഡസ്റ്റ് വാങ്ങുന്നതിന് പകരം യുഎസ് 20 ബില്യൻ ഡോളർ (ഏകദേശം 1.8 ലക്ഷം കോടി രൂപ) നൽകുമെന്ന ചില മാധ്യമ റിപ്പോർട്ടുകൾ ട്രംപ് തള്ളി. പകരം കാശൊന്നും കൊടുക്കില്ലെന്ന് ട്രംപ് പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിച്ച പാക്കിസ്ഥാനും മറ്റും ട്രംപ് നന്ദി പറഞ്ഞു.
ഹോർമുസിൽ കപ്പലുകളുടെ സുരക്ഷിത യാത്രയ്ക്ക് പിന്തുണ നൽകാമെന്ന് പറഞ്ഞ നാറ്റോ സഖ്യത്തോട് ‘മാറി നിൽക്ക്’ എന്നും ട്രംപ് പറഞ്ഞു. നേരത്തേ ട്രംപ് സഹായം തേടിയപ്പോൾ നാറ്റോ സഖ്യം നിരസിച്ചിരുന്നു.
ഇതിൽ ട്രംപിന് കടുത്ത അമർഷമുണ്ട്. നാറ്റോയിൽ നിന്ന് യുഎസ് പിന്മാറുമെന്ന സൂചനയും ട്രംപ് നൽകിയിട്ടുണ്ട്.
നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറാൻ
ഈജിപ്റ്റ്, തുർക്കി എന്നിവയുടെ പിന്തുണയോടെയും പാക്കിസ്ഥാന്റെ മധ്യസ്ഥതയിലും ഇസ്ലാമാബാദിൽ വീണ്ടും ഇറാൻ-യുഎസ് പ്രതിനിധികൾ സമാധാന ചർച്ച നടത്തും.
സമാധാന ഡീൽ ഒപ്പുവയ്ക്കുന്നതിലേക്ക് ഇരുകൂട്ടരും എത്തിയാൽ ആ ചടങ്ങിൽ ട്രംപ് നേരിട്ട് സംബന്ധിക്കാനും സാധ്യതയുണ്ട്.
അതേസമയം, ന്യൂക്ലിയർ അവശിഷ്ടങ്ങൾ (യുറേനിയം) കൈമാറുന്നതിന് പകരമായി പണം വേണമെന്ന ആവശ്യം ഇറാൻ മുന്നോട്ടുവച്ചെന്നാണ് സൂചനകൾ. ഏകദേശം 2000 കിലോ യുറേനിയമാണ് കൈമാറുക.
ഇത് ഏറ്റെടുക്കുംവഴി ഇറാനെ ആണവായുധ നിർമാണത്തിൽനിന്ന് അകറ്റാനാകുമെന്ന് യുഎസ് കരുതുന്നു.
യുദ്ധത്തിൽ നേരിട്ട നഷ്ടം നികത്താൻ 27 ബില്യൻ ഡോളർ (2.5 ലക്ഷം കോടി രൂപ) വേണമെന്ന് ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
600 ബില്യൻ (ഏകദേശം 55,000 കോടി രൂപ) മാനവക്ഷേമം പരിഗണിച്ച് നൽകാമെന്ന് യുഎസ് അറിയിച്ചുവെന്നും അറിയുന്നു.
ആഘോഷിച്ച് യുഎസ്, യൂറോപ്യൻ വിപണികൾ
ഹോർമുസ് തുറന്നെന്ന ഇറാന്റെ പ്രഖ്യാപനവും സമാധാന ഡീൽ ഉടനെന്ന ട്രംപിന്റെ വാക്കുകളും പിന്നാലെ എണ്ണവില കൂപ്പുകുത്തിയതും യുഎസ്, യൂറോപ്യൻ ഓഹരി വിപണികൾ ആഘോഷമാക്കി.
∙ യുഎസിൽ എസ് ആൻഡ് പി500 സൂചിക 1.2% ഉയർന്ന് 7126.06ൽ വ്യാപാരം പൂർത്തിയാക്കി. ചരിത്രത്തിലാദ്യമായാണ് 7100 ഭേദിച്ചത്.
നാസ്ഡാക് 1.52% നേട്ടവുമായി 24,468.48ൽ എത്തി. തുടർച്ചയായ 13-ാം സെഷനിലാണ് നാസ്ഡാക് പോസിറ്റീവ് ആയത്.
ഇതും റെക്കോർഡാണ്. ഡൗ ജോൺസ് 1.79% ഉയർന്നു.
റസ്സൽ 2000 സ്മോൾ-ക്യാപ് സൂചികയും 2% മുന്നേറി സർവകാല ഉയരത്തിലെത്തി.
∙ യൂറോപ്യൻ ഓഹരികളും വൻ കുതിച്ചുകയറ്റം നടത്തി. ഡാക്സ് 2.27%, എഫ്ടിഎസ്ഇ 0.73% എന്നിങ്ങനെ ഉയർന്നു.
ട്രാവൽ കമ്പനികളുടെ ഓഹരികൾ 5% വരെ മുന്നേറി.
എണ്ണ വീണു, സ്വർണം കുതിച്ചു
ഹോർമുസ് തുറന്നെന്ന പ്രഖ്യാപനത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വില കൂപ്പുകുത്തി. യുഎസ് ക്രൂഡ് (ഡബ്ല്യുടിഐ) വില ബാരലിന് 11.45% ഇടിഞ്ഞ് 83.85 ഡോളറിലും ബ്രെന്റ് വില 7.21% താഴ്ന്ന് 92.22 ഡോളറിലും എത്തി.
യുദ്ധം രൂക്ഷമായിരിക്കേ ഇരു ഇനങ്ങളും 110-120 ഡോളർ നിലവാരത്തിൽ എത്തിയിരുന്നു.
എണ്ണവില ഇടിഞ്ഞതിനൊപ്പം യുഎസ് ഡോളർ ഇൻഡക്സ് താഴ്ന്നത് സ്വർണത്തിന് നേട്ടമായി. യൂറോ, യെൻ, പൗണ്ട് തുടങ്ങി 6 പ്രധാന കറൻസികൾക്ക് എതിരായ യുഎസ് ഡോളർ ഇൻഡക്സ് ഒരുഘട്ടത്തിൽ 97.65 വരെയാണ് താഴ്ന്നത്.
പിന്നീട് 98.23ലേക്ക് നിലമെച്ചപ്പെടുത്തി. രാജ്യാന്തര സ്വർണവില ഔൺസിന് 45 ഡോളർ ഉയർന്ന് 4831 ഡോളറിലാണുള്ളത്.
ഇന്നു രാവിലെയും വിലയിൽ മാറ്റമുണ്ടാകാം.
ഇന്ത്യൻ നിക്ഷേപകർക്ക് നിരാശ
ഹോർമുസ് തുറന്നെന്ന് കേട്ടതോടെ വിദേശ ഓഹരി സൂചികകൾ മുന്നേറ്റം കാഴ്ചവച്ചത് ഇന്ത്യയിലെ നിക്ഷേപകർക്ക് ‘നിരാശ’യായി. ഇന്ത്യയിൽ സെൻസെക്സും നിഫ്റ്റിയും ഇന്നലെ വ്യാപാരം അവസാനിപ്പിച്ച ശേഷമായിരുന്നു ഇറാന്റെ പ്രഖ്യാപനം വന്നത്.
ഇന്നും (ശനി) നാളെയും (ഞായർ) ഓഹരി വിപണിക്ക് അവധിയുമാണ്.
മികച്ച ലാഭം സ്വന്തമാക്കാനുള്ള അവസരത്തിനാണ് ‘രണ്ടു ദിവസത്തെ അവധി’ തടയിട്ടതെന്ന് നിക്ഷേപകർ പറയുന്നു. രണ്ടുദിവസത്തിനിടെ സാഹചര്യം വീണ്ടും പ്രതികൂലമാകുമോ എന്ന് ആശങ്കപ്പെടുന്നവരുമുണ്ട്.
ഡെറിവേറ്റീവ് വിപണിയായ ഗിഫ്റ്റ് നിഫ്റ്റി 350 പോയിന്റിലധികം മുന്നേറി. പോസിറ്റീവ് അന്തരീക്ഷം നിലനിന്നാൽ തിങ്കളാഴ്ച ഇന്ത്യൻ ഓഹരി വിപണികളും കുതിച്ചുമുന്നേറുമെന്ന് ഇതു സൂചിപ്പിക്കുന്നു.
Updating….
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് X/Ammar Ali Qureshiൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

