സ്വർണം ഇറക്കുമതി സംബന്ധിച്ച് നിലനിന്ന ആശയക്കുഴപ്പം അക്ഷയതൃതീയയ്ക്ക് രണ്ടുനാൾ മാത്രം ശേഷിക്കേ നീക്കി കേന്ദ്രസർക്കാർ. ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യാൻ അനുമതിയുള്ള 17 ബാങ്കുകളുടെ പട്ടിക കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ടു.
പട്ടിക പുറത്തിറക്കാൻ വൈകുന്നതിനാൽ ബാങ്കുകൾ സ്വർണം ഇറക്കുമതി നിർത്തിവച്ചിരുന്നു.
ഇറക്കുമതി ചെയ്ത ടൺ കണക്കിന് സ്വർണം കേന്ദ്രത്തിന്റെ ‘ബാങ്ക് ലിസ്റ്റ്’ ഇല്ലാത്തതിനാൽ കസ്റ്റംസിന്റെ പക്കൽ കെട്ടിക്കിടന്നതും പ്രതിസന്ധിയായിരുന്നു.
അക്ഷയതൃതീയ 19ന് ആണെന്നിരിക്കേ, കേന്ദ്രം ലിസ്റ്റ് പുറത്തുവിടാൻ വൈകിയത് രാജ്യത്ത് സ്വർണ വിപണിയിൽ ‘ക്ഷാമം’ സൃഷ്ടിച്ചേക്കുമെന്ന ആശങ്ക ഉയർത്തിയിരുന്നു. ഇന്ത്യയിലെ മൊത്തം വാർഷിക സ്വർണവിൽപനയിൽ 20% വരെ നടക്കുന്നത് അക്ഷയതൃതീയ ദിവസമാണ്.
രൂപയെ കരകയറ്റാനുള്ള ദൗത്യം
ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയുടെ ആക്കംകുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണ് കേന്ദ്രം സ്വർണം ഇറക്കുമതിയുടെ നിയന്ത്രണത്തിലേക്കും കടക്കുന്നതെന്നായിരുന്നു വിലയിരുത്തൽ.
ഈ വർഷം ഡോളറിനെതിരെ ഏറ്റവും കൂടുതൽ മൂല്യത്തകർച്ച നേരിട്ട ഏഷ്യൻ കറൻസികളിലൊന്നാണ് രൂപ.
ഡോളർ വാങ്ങാൻ നിയന്ത്രണം
രൂപയുടെ മൂല്യത്തകർച്ചയ്ക്ക് തടയിടാൻ റിസർവ് ബാങ്കും കടുത്ത നിർദേശങ്ങളുമായി രംഗത്തെത്തിയിരുന്നു.
പൊതുമേഖലാ എണ്ണക്കമ്പനികളോട് പൊതുവിപണിയിൽ നിന്ന് നേരിട്ട് ഡോളർ വാങ്ങരുതെന്ന് റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്.
ക്രൂഡ് ഓയിൽ ഇറക്കുമതി ഡോളറിൽ ആണെന്നിരിക്കേ, വലിയതോതിൽ രൂപ വിറ്റഴിച്ച് എണ്ണക്കമ്പനികൾ ഡോളർ വാങ്ങാറുണ്ട്. ഇത് രൂപയെ ദുർബലപ്പെടുത്തും.
പൊതുവിപണിയിൽ നിന്ന് ഡോളർ വാങ്ങുന്നതിന് പകരം ബാങ്കിങ് സംവിധാനങ്ങൾ വഴി വാങ്ങാനാണ് നിർദേശം.
ബാങ്കുകളുടെ പട്ടിക
15 ബാങ്കുകൾക്കാണ് സ്വർണം, വെള്ളി എന്നിവ ഇറക്കുമതി ചെയ്യാൻ അനുമതി. 2 ബാങ്കുകൾക്ക് സ്വർണം ഇറക്കുമതി ചെയ്യാൻ മാത്രമാണ് അനുമതിയുള്ളത്.
സ്വർണവും വെള്ളിയും
∙ ഫെഡറൽ ബാങ്ക്
∙ എസ്ബിഐ
∙ ബാങ്ക് ഓഫ് ഇന്ത്യ
∙ എച്ച്ഡിഎഫ്സി ബാങ്ക്
∙ ഡോയിച് ബാങ്ക്
∙ ഐസിഐസിഐ ബാങ്ക്
∙ ഇൻഡസ്ഇൻഡ് ബാങ്ക്
∙ ഇന്ത്യൻ ഓവർസീസ് ബാങ്ക്
∙ കൊട്ടക് മഹീന്ദ്ര ബാങ്ക്
∙ കരൂർ വൈശ്യ ബാങ്ക്
∙ പഞ്ചാബ് നാഷനൽ ബാങ്ക്
∙ ആർബിഎൽ ബാങ്ക്
∙ ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന
∙ യെസ് ബാങ്ക്
സ്വർണം മാത്രം
∙ യൂണിയൻ ബാങ്ക്
∙ എസ്ബെർ ബാങ്ക്
ഓഹരികളിൽ ഇടിവ്
ബാങ്കുകൾ സ്വർണം, വെള്ളി ഇറക്കുമതി നിർത്തിവച്ചെന്ന റിപ്പോർട്ടുകളെ തുടർന്ന് നേരത്തേ ജ്വല്ലറി കമ്പനികളുടെ ഓഹരികൾ ഇടിവ് നേരിട്ടിരുന്നു.
കല്യാൺ ജ്വല്ലേഴ്സ്, ടൈറ്റൻ തുടങ്ങിയവയാണ് നഷ്ടം നേരിട്ടത്. എന്നാൽ, പിന്നീട് ലിസ്റ്റ് പുറത്തുവന്നതോടെ ഇവ നഷ്ടം ഏറക്കുറെ നികത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

