ഓൺലൈൻ ഷോപ്പിംഗ് നടത്തുമ്പോൾ ഏറ്റവും കുറഞ്ഞ വിലയിലാണോ ഉൽപ്പന്നം ലഭിക്കുന്നത് എന്ന സംശയത്തിന് പരിഹാരവുമായി പുതിയ സംവിധാനവുമായി ഗൂഗിൾ എത്തിയിരിക്കുന്നു. ഉപയോക്താക്കൾക്ക് ഉചിതമായ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാൻ സഹായിക്കുന്നതിനാണ് ‘വെൻ ടു ബൈ ഗൈഡ്’ (When to Buy Guide) പുറത്തിറക്കിയിരിക്കുന്നത്.
ഷോപ്പിംഗ് വേളയിലെ അനിശ്ചിതത്വങ്ങൾ ഒഴിവാക്കാൻ ഈ ഗൈഡ് സഹായിക്കുമെന്നാണ് ഗൂഗിൾ വ്യക്തമാക്കുന്നത്. കമ്പനിയുടെ പക്കലുള്ള വലിയതോതിലുള്ള ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.
യു.എസിലെ മുൻകാലങ്ങളിലെ വിൽപ്പന രീതികൾ, തിരയൽ ട്രെൻഡുകൾ, വിവിധ വ്യാപാരികളിൽ നിന്നുള്ള വിലക്കുറവ് സംബന്ധിച്ച വിവരങ്ങൾ എന്നിവയെല്ലാം ഇതിനായി വിശകലനം ചെയ്തിട്ടുണ്ട്. 2025 ലെ ട്രെൻഡുകളെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും ഭാവിയിലെ ഷോപ്പിംഗ് തന്ത്രങ്ങൾക്കും ഇത് ഏറെ ഉപകാരപ്രദമാകും.
വിവിധ വിഭാഗങ്ങളിലായി വിവരങ്ങൾ ലഭ്യമാണെങ്കിലും സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾക്കാണ് കൂടുതൽ പ്രധാന്യം നൽകിയിട്ടുള്ളത്.
ഗാർഹിക സുരക്ഷാ ഉപകരണങ്ങൾ, ടെലിവിഷനുകൾ, ഓഡിയോ ഉപകരണങ്ങൾ എന്നിവ വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ബ്ലാക്ക് ഫ്രൈഡേ, സൈബർ വീക്ക് എന്നിവയാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഗെയിമിംഗ് കൺസോളുകൾ വാങ്ങുന്നതിനായി ബ്ലാക്ക് ഫ്രൈഡേ വാരാന്ത്യമോ അല്ലെങ്കിൽ ഡിസംബർ അവസാനമോ തിരഞ്ഞെടുക്കാം.
അതേസമയം, ടെക് ടോയ്സ് വാങ്ങാൻ ക്രിസ്മസിന് ഒരു ആഴ്ച മുമ്പ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഭൂരിഭാഗം വ്യാപാരികളും നീട്ടിനൽകിയ റിട്ടേൺ പോളിസി വാഗ്ദാനം ചെയ്യുന്നതിനാൽ, സാധനങ്ങൾ നേരത്തെ വാങ്ങിയാലും പിന്നീട് പ്രശ്നങ്ങളില്ലാതെ തിരിച്ചുകൊടുക്കാൻ സാധിക്കും.
ഡിസ്കൗണ്ടുകൾ നിരന്തരം നിരീക്ഷിക്കാൻ താൽപ്പര്യമില്ലാത്തവർക്കായി ഗൂഗിൾ ക്രോം ബ്രൗസറിൽ ചില പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഷോപ്പിംഗ് ഇൻസൈറ്റ്സ് (Shopping Insights) വഴി ഉൽപ്പന്നങ്ങളുടെ വില ചരിത്രം തത്സമയം പരിശോധിക്കാൻ സാധിക്കും.
കൂടാതെ, പ്രിയപ്പെട്ട ഉൽപ്പന്നങ്ങളുടെ വെബ്പേജ് ബുക്ക്മാർക്ക് ചെയ്താൽ വില കുറയുമ്പോൾ ഇമെയിൽ വഴി അറിയിപ്പുകൾ ലഭിക്കുകയും ചെയ്യും.
ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഉപയോഗിക്കാവുന്ന കൂപ്പൺ കോഡുകൾ ക്രോമിന്റെ അഡ്രസ് ബാറിൽ തന്നെ ലഭ്യമാക്കാൻ ഈ സംവിധാനത്തിന് സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

