രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള വിലയിരുത്തലുകൾക്കിടയിൽ നിർണായക പരാമർശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. 2014 വരെ സാമ്പത്തികമായി ഏറെ ദുർബലമായ രാജ്യങ്ങളുടെ പട്ടികയിലായിരുന്നു ഇന്ത്യയെന്ന് അദ്ദേഹം വ്യക്തമാക്കി.
ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് കഴിഞ്ഞ 12 വർഷത്തെ ഭരണനേട്ടങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2014ന് ശേഷം രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾ പുതിയ വേഗത കൈവരിച്ചതായും അദ്ദേഹം പറഞ്ഞു.
2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുന്നതിനുള്ള ലക്ഷ്യങ്ങളാണ് ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. മുൻകാലങ്ങളിൽ വൈദേശിക വെല്ലുവിളികളെത്തുടർന്ന് തളർച്ച നേരിട്ടിരുന്ന അവസ്ഥയിൽ നിന്നും ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്വ്യവസ്ഥയായി രാജ്യം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി പരാമർശിച്ച ആ അഞ്ച് രാജ്യങ്ങൾ ഏതൊക്കെയാണെന്നത് സാമ്പത്തിക രംഗത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. 2013ൽ പ്രമുഖ രാജ്യാന്തര ധനകാര്യ സ്ഥാപനമായ മോർഗൻ സ്റ്റാൻലിയാണ് ‘ഫ്രജൈൽ ഫൈവ്’ അഥവാ വൈദേശിക വെല്ലുവിളികളാൽ പെട്ടെന്ന് തളരുന്ന അഞ്ച് രാജ്യങ്ങൾ എന്ന പദം ആദ്യമായി ഉപയോഗിച്ചത്.
ബ്രസീൽ, തുർക്കി, ഇന്ത്യ, ഇന്തൊനീഷ്യ, ദക്ഷിണാഫ്രിക്ക എന്നിവയായിരുന്നു ആ രാജ്യങ്ങൾ. യുണൈറ്റഡ് സ്റ്റേറ്റ്സ് അടക്കമുള്ള വൻകിട
സാമ്പത്തിക ശക്തികളുടെ നിക്ഷേപങ്ങളെ അമിതമായി ആശ്രയിച്ചിരുന്നവയായിരുന്നു ഈ വികസ്വര രാജ്യങ്ങൾ. അക്കാലത്ത് ആഗോളതലത്തിൽ സാമ്പത്തിക ഞെരുക്കങ്ങൾ ഉണ്ടായപ്പോൾ അത് ഏറ്റവും കൂടുതൽ ബാധിച്ചത് ഈ അഞ്ച് രാജ്യങ്ങളെയായിരുന്നു.
ഉയർന്ന പണപ്പെരുപ്പം, വലിയ കടബാധ്യത, ജിഡിപി ഇടിവ്, കറന്റ് അക്കൗണ്ട് കമ്മി, രൂപയുടെ മൂല്യത്തകർച്ച എന്നിവ ഇന്ത്യയെയും സാരമായി ബാധിച്ചിരുന്നു. എന്നാൽ ഈ പ്രതിസന്ധികളിൽ നിന്നും അതിവേഗം പുറത്തുകടക്കാൻ ഇന്ത്യക്ക് സാധിച്ചു.
കഴിഞ്ഞ 12 വർഷത്തെ സർക്കാരിന്റെ നയങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. അന്താരാഷ്ട്ര നാണയനിധിയുടെ (ഐഎംഎഫ്) വളർച്ചാ അനുമാനങ്ങളിലും ഇത് പ്രകടമായിരുന്നു.
നിലവിൽ ആഗോള സമ്പദ്വ്യവസ്ഥ കടുത്ത അനിശ്ചിതത്വങ്ങൾ നേരിടുന്നുണ്ടെങ്കിലും, ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സമ്പദ്ശക്തിയായി തുടരുകയാണെന്ന് എസ്ബിഐ റിസർച്ചിന്റെ റിപ്പോർട്ടും വ്യക്തമാക്കുന്നു. നടപ്പു സാമ്പത്തിക വർഷമായ 2026-27 ലെ ഏപ്രിൽ-ജൂൺ കാലയളവിൽ ഇന്ത്യയുടെ പ്രതീക്ഷിക്കുന്ന യഥാർത്ഥ ജിഡിപി വളർച്ച 8 ശതമാനമാണ്.
കൂടാതെ, ജൂലൈ 31ന് സമാപിച്ച രണ്ടാഴ്ചക്കാലത്ത് രാജ്യത്തെ വായ്പാ ഡിമാൻഡ് 19.3% ഉം നിക്ഷേപ വളർച്ച 15.4 ശതമാനവുമായും ഉയർന്നു. പ്രവാസി നിക്ഷേപമായ എഫ്സിഎൻആർ (ബി) അക്കൗണ്ടുകളിലേക്ക് റെക്കോർഡ് തുകയായ 5700 കോടി ഡോളർ ഇതിനകം എത്തിയിട്ടുണ്ട്.
രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം 70,700 കോടി ഡോളർ കടന്നിരിക്കുകയാണ്. ഈ കണക്കുകളെല്ലാം ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ അടിത്തറ കൂടുതൽ സുരക്ഷിതമാണെന്നതിന്റെ തെളിവുകളാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

