യുഎസ് – ഇറാൻ യുദ്ധത്തിന് പരിഹാരം കാണാൻ ശ്രമങ്ങൾ ഊർജിതം. യുദ്ധം ഉടൻ അവസാനിക്കുമെന്ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്.
ആണവ പരീക്ഷണങ്ങൾക്ക് അടക്കം വിട്ടുവീഴ്ചയാകാമെന്ന് ഇറാൻ. പശ്ചിമേഷ്യയിലെ യുദ്ധം ആശങ്കപ്പെടുത്തുന്ന രീതിയിൽ രാജ്യാന്തര സാമ്പത്തിക മേഖലയെ ബാധിച്ചേക്കില്ലെന്ന് രാജ്യാന്തര നാണയ നിധി (ഐഎംഎഫ്) വിലയിരുത്തൽ.
ഇതോടെ വിപണികൾ കുതിച്ചു. ക്രൂഡ് ഓയിൽ വില ഇടിഞ്ഞു.
സ്വർണവിലയും വർധിക്കുകയാണ്.
ഇറാനുമായി അടുത്ത ഘട്ട ചർച്ചയ്ക്ക് യുഎസ് ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
എന്നാൽ ഔദ്യോഗികമായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. അടുത്ത രണ്ട് ദിവസങ്ങൾക്കുള്ളിൽ ഇസ്ലമാബാദിൽ അടുത്ത ഘട്ടം ചർച്ച നടക്കുമെന്നാണ് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം.
സമാധാന ശ്രമങ്ങൾ പതിയെയാണ് പുരോഗമിക്കുന്നതെന്നും യൂറോപിലായിരിക്കും ചർച്ചയെന്നുമാണ് ട്രംപ് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് നിലപാട് മാറ്റി.
ഡീലിൽ എത്താൻ ഇറാൻ കിണഞ്ഞു ശ്രമിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. അതിനിടെ മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ ചൈനയും റഷ്യയും ഇടപെടുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
ക്രൂഡ് ഓയിൽ തണുക്കുന്നു
പശ്ചിമേഷ്യയിൽ നിന്നുള്ള പുതിയ വാർത്തകൾ വിപണിക്ക് ആശ്വാസമായതോടെ ക്രൂഡ് ഓയിൽ വിലയും ഇടിയുകയാണ്.
ഡബ്ല്യുടിഐ ക്രൂഡ് ഓയിൽ ബാരലിന് 90 ഡോളറിലെത്തി. യുഎസ് ബ്രെന്റ് ക്രൂഡ് ബാരലിന് 94 ഡോളറിലാണ് വിൽപന.
യുഎഇയുടെ മർബൻ ക്രൂഡ് 100 ഡോളറിലാണ്.
അതേസമയം, ഹോർമുസ് വഴിയുള്ള ക്രൂഡ് ഓയിൽ നീക്കം വലിയ രീതിയിൽ തടസപ്പെട്ടതായാണ് സാമ്പത്തിക സ്ഥാപനമായ ഗോൾഡ്മാൻ സാക്സിൻറെ റിപ്പോർട്ട്. ഹോർമുസ് വഴിയുള്ള ശരാശരി എണ്ണ നീക്കത്തിന്റെ പത്തു ശതമാനം മാത്രമാണ് നിലവിൽ നടക്കുന്നത്.
മേഖലയിൽ യുഎസ് നാവിക ഉപരോധം തുടങ്ങിയത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. ഉപരോധം തുടങ്ങിയ ശേഷം നിരവധി കപ്പലുകളാണ് യാത്ര മതിയാക്കി തിരികെ പോയത്.
പ്രതീക്ഷിച്ച രീതിയിൽ മേഖലയിലെ ഉൽപാദനം കുറയാൻ സാധ്യതയില്ലെന്നും ഇവർ പറയുന്നു. പ്രതിദിനം 10 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഉൽപാദനം കുറയുമെന്നാണ് നേരത്തെ കരുതിയിരുന്നത്.
എന്നാൽ ഇത് 8 ദശലക്ഷം ബാരൽ ആയിരിക്കുമെന്നാണ് നിലവിലെ കണക്ക്.
കുതിക്കാൻ ഇന്ത്യൻ ഓഹരി
അവധി കഴിഞ്ഞ് തുറക്കുന്ന ഇന്ത്യൻ ഓഹരി വിപണിയും കുതിക്കാനുള്ള ഒരുക്കത്തിലാണ്. സമാധാന ശ്രമങ്ങൾ തുടങ്ങിയതോടെ രാജ്യാന്തര തലത്തിൽ വിപണികൾ ഇന്നലെ നേട്ടമുണ്ടാക്കിയിരുന്നു.
∙ഇന്ന് ഇന്ത്യൻ ഓഹരി സൂചികകൾ നേട്ടത്തോടെ വ്യാപാരം തുടങ്ങാനാണ് സാധ്യത.
ഗിഫ്റ്റ് നിഫ്റ്റിയും ഇന്ന് പോസിറ്റീവാണ്.
∙തിങ്കളാഴ്ച ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 0.86 ശതമാനം ഇടിഞ്ഞ നിഫ്റ്റി 23,842.65ലെത്തി.
702.68 പോയിൻറുകൾ നഷ്ടത്തിൽ സെൻസെക്സ് 76,847.57ലും.
∙2026-27 വർഷജത്തിൽ ഇന്ത്യൻ സാമ്പത്തിക മേഖല പ്രതീക്ഷിച്ചതിനേക്കാളും വേഗത്തിൽ വളരുമെന്നാണ് രാജ്യാന്തര നാണയ നിധിയുടെ (ഐഎംഎഫ്) കണക്കുകൂട്ടൽ. ഇന്ത്യൻ ജിഡിപി വളർച്ച 6.4 ശതമാനമായിരിക്കുമെന്നാണ് ഐഎംഎഫ് ജനുവരിയിൽ പറഞ്ഞിരുന്നത്.
എന്നാൽ യുദ്ധത്തിനിടയിലും ഇത് 6.5 ശതമാനമായി ഉയർത്തി. ഇതും വിപണിയെ സ്വാധീനിക്കും.
∙കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന പണപ്പെരുപ്പ കണക്കുകളും നിക്ഷേപകരെ സ്വാധീനിക്കും.
മാർച്ചിലെ പണപ്പെരുപ്പം 3.4 ശതമാനമാണ്. ഫെബ്രുവരിയിൽ ഇത് 3.2 ശതമാനമായിരുന്നു.
എന്നാൽ റിസർവ് ബാങ്കിന്റെ കണക്കുകൂട്ടലായ 4 ശതമാനത്തിനുള്ളിലാണ് പണപ്പെരുപ്പമെന്നത് ആശ്വാസമാണ്.
∙ഏഷ്യൻ ഓഹരികൾക്ക് കുതിപ്പ്
ഇറാൻ – യുഎസ് യുദ്ധത്തിന് നയതന്ത്ര പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ഏഷ്യൻ വിപണികളും ഇന്ന് കയറ്റത്തിലാണ്. ജപ്പാനിലെ നിക്കെയ് സൂചിക ഒരു ശതമാനത്തോളം കയറി.
മൂന്നു ശതമാനത്തിന് മുകളിൽ നേട്ടവുമായി കൊറിയൻ കോസ്പി സൂചികയാണ് മുന്നിൽ. ഷാൻഹായ് 0.5 ശതമാനവും ഹോങ്കോങ് സൂചിക ഒരു ശതമാനത്തോളവും കയറ്റത്തിലാണ്.
ഇന്നലെ യുഎസ് വിപണികൾ നേട്ടത്തിലായതും ഏഷ്യൻ നിക്ഷേപത്തെ സ്വാധീനിച്ചു.
റെക്കോർഡിലേക്ക് അടുത്ത് യുഎസ് ഓഹരി
അവസാന പാദത്തിൽ ബാങ്കിങ് കമ്പനികൾ മികച്ച നേട്ടമുണ്ടാക്കിയെന്ന റിപ്പോർട്ടും സമാധാന ശ്രമങ്ങളിലെ പുതിയ നീക്കവും യുഎസ് ഓഹരി വിപണികളെയും ഇന്നലെ നേട്ടത്തിലാക്കി. ഡോ സൂചിക 0.66 ശതമാനം നേട്ടമുണ്ടാക്കി.
എസ് ആൻഡ് പി 1.18 ശതമാനം കുതിച്ചു. നാസ്ഡാക് സൂചിക 1.96 ശതമാനവും കയറി.
തുടർച്ചയായ പത്താമത്തെ ദിവസമാണ് നേട്ടം. യുദ്ധത്തിന് മുമ്പുള്ള നിലയിലേക്ക് ഓഹരികൾ തിരിച്ചെത്തിയിട്ടുണ്ട്.
പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ. എൻവിഡിയ, എഎംഡി, ആമസോൺ, മൈക്രോസോഫ്റ്റ്, ബ്ലാക്ക്റോക്ക്, സിറ്റി ഗ്രൂപ്പ്, യുണൈറ്റഡ് എയർലൈൻസ് തുടങ്ങിയ ഓഹരികൾ മുന്നേറി.
മുന്നേറ്റം തുടർന്ന് സ്വർണം
അതേസമയം, ക്രൂഡ് ഓയിൽ വില കുറയുകയും സമാധാന ശ്രമങ്ങൾ വിപുലമാവുകയും ചെയ്തതോടെ രാജ്യാന്തര വിപണിയിൽ സ്വർണവിലയും കുതിക്കുകയാണ്.
ഔൺസിന് 2 ശതമാനത്തിന് മുകളിൽ കയറിയ സ്വർണവില 4,840 ഡോളറിലെത്തി. 4,870 വരെ കയറിയ ശേഷം ഒരൽപം കുറയുകയാണ്.
അമേരിക്കൻ ഡോളറിൻറെ വിനിമയ നിരക്ക് കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപം വർധിച്ചതും കാരണമായി. കേരളത്തിൽ ഇന്നലെ പവന് 1,080 രൂപ വർധിച്ച് 1,12,880 രൂപയിലെത്തിയിരുന്നു.
വിഷു ദിനത്തിൽ സ്വർണവിലയിൽ വലിയ വർധനയുണ്ടാകാൻ സാധ്യതയുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

