രാജ്യത്ത് ജനങ്ങൾ നിത്യേന വാങ്ങുന്ന ഉൽപന്നങ്ങളുടെ വിലക്കയറ്റത്തിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനമെന്ന ‘മോശം പ്രതിച്ഛായ’ തുടർച്ചയായ 10-ാം മാസവും കേരളം ചൂടിയ മാസമാണ് കടന്നുപോയത്. രാജ്യത്ത് മറ്റെല്ലാ സംസ്ഥാനങ്ങളിലും ഒക്ടോബറിൽ പണപ്പെരുപ്പം 3 ശതമാനത്തിന് താഴെയായപ്പോൾ കേരളത്തിൽ മാത്രം ആശങ്കപ്പെടുത്തുന്നവിധം 8.56 ശതമാനത്തിൽ.
റിസർവ് ബാങ്കിന്റെ ‘നിയന്ത്രണ രേഖ’യായ 4 ശതമാനത്തിനേക്കാൾ ഇരട്ടിയിലേറെ ഉയരത്തിൽ.
ഉപഭോക്തൃ സംസ്ഥാനമായിട്ടും മൂന്നരവർഷം മുൻപുവരെ രാജ്യത്ത് പണപ്പെരുപ്പം പിടിച്ചുകെട്ടുന്നതിൽ ഏറ്റവും മികച്ച വിജയംകൊയ്ത സംസ്ഥാനമായിരുന്നു കേരളം. വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തിലായിരുന്നു.
ഉദാഹരണത്തിന് 2022 ഏപ്രിലിൽ രാജ്യത്താകെ പണപ്പെരുപ്പം 7.8 ശതമാനമായിരുന്നു. കേരളത്തിൽ 5.1%.
തമിഴ്നാടിനായിരുന്നു 5.4 ശതമാനവുമായി രണ്ടാംസ്ഥാനം. ഉപ്പുതൊട്ട് കർപൂരത്തിനുവരെ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളം വിലക്കയറ്റത്തെ പിടിച്ചുനിർത്തിയതിനെ അദ്ഭുതത്തോടെയാണ് അന്ന് പലരും കണ്ടത്.
രാജ്യത്ത് ഏറ്റവും മികവുറ്റ പൊതുവിതരണ സംവിധാനവും സമയബന്ധിതമായ സർക്കാർ ഇടപെടലുകളുമായിരുന്നു വിലക്കയറ്റത്തിന് കടിഞ്ഞാണിടാൻ കേരളത്തിന് കരുത്തായത്.
അന്ന് മധ്യപ്രദേശ്, തെലങ്കാന, ഹരിയാന, ബംഗാൾ സംസ്ഥാനങ്ങളിൽ വിലക്കയറ്റത്തോത് എട്ടും ഒൻപതും ശതമാനമൊക്കെയായിരുന്നു.
2022 ഓഗസ്റ്റിൽ രാജ്യത്ത് പണപ്പെരുപ്പം 7 ശതമാനമായിരുന്നു; ആ മാസവും 5.73 ശതമാനത്തിൽ പണപ്പെരുപ്പത്തെ പിടിച്ചുകെട്ടി കേരളം തല ഉയർത്തിനിന്നു. 2023ലും 2024ന്റെ ആദ്യ മാസങ്ങളിലും നിത്യോപയോഗ വസ്തുക്കൾക്ക് ഏറ്റവും വിലക്കുറവുള്ള 3-5 സംസ്ഥാനങ്ങളിലൊന്നുമായിരുന്നു കേരളം.
2025 ജനുവരി മുതൽ സ്ഥിതിമാറി. വിലക്കയറ്റം ഏറ്റവും കുറവുള്ള സംസ്ഥാനം എന്നതിൽനിന്ന് ഏറ്റവും കൂടുതലുള്ള സംസ്ഥാനമെന്നതിലേക്ക് കേരളം വീണു.
എന്താണ് കേരളത്തിന് പറ്റിയത്?
കേരളത്തിൽ എന്തുകൊണ്ട് വിലക്കയറ്റം നിയന്ത്രണാതീതമായി കൂടുന്നുവെന്നതിനുള്ള രസകരമായ ഉത്തരം അടുത്തിടെ എസ്ബിഐ റിസർച്ചിന്റെ പഠന റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. വെളിച്ചെണ്ണ വില കുതിച്ചുകയറിയതാണ് ഒരു കാരണം.
200 രൂപയ്ക്ക് താഴെനിന്ന് 450ന് മുകളിലേക്കാണ് ഒരുഘട്ടത്തിൽ വില കൂടിയത്. നാളികേര വിലയിലുണ്ടായ വർധനയും തിരിച്ചടിയായി.
മറ്റൊന്ന് സ്വർണവിലയുടെ റെക്കോർഡ് തേരോട്ടമാണ്.
ഇന്ത്യയിൽ സ്വർണ ഉപഭോഗത്തിൽ മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി ഏറെ മുന്നിലാണ് കേരളം. സംസ്ഥാനത്ത് ഗ്രാമമേഖലകളിൽ ആളോഹരി സ്വർണ ഉപഭോഗം (പെർ ക്യാപിറ്റ എക്സ്പെൻഡിചർ) 120 രൂപയാണെന്നാണ് അനൗദ്യോഗിക കണക്ക്.
നഗരങ്ങളിൽ 150 രൂപയും. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോട്ടുമാണ് വിൽപന ഏറ്റവും കൂടുതൽ.
ഗ്രാമമേഖലയെടുത്താൽ രണ്ടാംസ്ഥാനത്തുള്ള ഗോവയിൽ ഇതു വെറും 20 രൂപയാണ്. മൂന്നാമതുള്ള തമിഴ്നാട്ടിൽ 18-20 രൂപ.
കർണാടകയിൽ 15-18 രൂപ. ആന്ധ്രയിൽ 12-15 രൂപ.
മഹാരാഷ്ട്രയിൽ 10-12 രൂപ.
നഗരമേഖലയിൽ രണ്ടാമതുള്ള തമിഴ്നാട്ടിൽ 25-30 രൂപയാണ് പെർ ക്യാപിറ്റ. കർണാടകയിൽ 20-25 രൂപ.
ആന്ധ്ര/തെലങ്കാനയിൽ 15-20 രൂപ. ഗ്രാമ, നഗരമേഖലകളിൽ ഏറ്റവും പിന്നിൽ ബിഹാറാണ്; 3-5 രൂപ മാത്രം.
കേരളത്തിൽ പ്രതിവർഷം ശരാശരി ഒരുലക്ഷം കോടി രൂപയുടെ സ്വർണാഭരണ വിൽപന നടക്കുന്നുണ്ടെന്നാണ് കണക്ക്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്ന വേതനനിലവാരം, പ്രവാസിപ്പണമൊഴുക്ക് എന്നിവയാണ് കേരളത്തിൽ ഉപഭോഗവും പണപ്പെരുപ്പവും കൂടിനിൽക്കാൻ മറ്റു പ്രധാന കാരണങ്ങൾ.
രാജ്യത്ത് പ്രവാസിപ്പണം ഏറ്റവുമധികം നേടുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

