ഇറാനിൽ നിന്ന് ലക്ഷക്കണക്കിന് ലീറ്റർ പെട്രോൾ മോട്ടോർ ബൈക്കുകളിൽ അനധികൃതമായി എത്തിക്കുന്ന പാക്കിസ്ഥാന് മിഡിൽ ഈസ്റ്റ് സംഘർഷങ്ങളെ തുടർന്ന് കനത്ത തിരിച്ചടി. ഇറാനിയൻ പെട്രോളിന് പകരമായി പാക്കിസ്ഥാനിലെ മത്സ്യവ്യാപാരികൾ ചൂര മീൻ (ട്യൂണ) നൽകുന്ന ബാർട്ടർ സമ്പ്രദായമാണ് വ്യാപകമായി നിലനിന്നിരുന്നത്.
എന്നാൽ നിലവിലുള്ള യുദ്ധസാഹചര്യങ്ങൾ കടലിലേക്കും വ്യാപിക്കുകയും ബോട്ടുകൾ ആക്രമിക്കപ്പെടുകയും ചെയ്തതോടെ ഈ രീതി പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. ഇറാൻ-യുഎസ് സംഘർഷം ആരംഭിച്ചതിന് പിന്നാലെ പാക്കിസ്ഥാൻ ഇറാനുമായുള്ള അതിർത്തി അടച്ചതും പ്രതിസന്ധി രൂക്ഷമാക്കി.
കഴിഞ്ഞ ഫെബ്രുവരി മുതൽ പെട്രോൾ-ചൂരമീൻ എക്സ്ചേഞ്ച് കച്ചവടം പ്രതിസന്ധിയിലാണെന്ന് മത്സ്യവ്യാപാരികൾ വ്യക്തമാക്കിയതായി പാക്കിസ്ഥാനിലെ പ്രമുഖ മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നു. പാക്കിസ്ഥാനിലെ ബലൂചിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഇറാനിലെ കോനാറക്, പാസബന്ദർ, ബെറിസ് തുടങ്ങിയ പ്രധാന മത്സ്യവ്യാപാര കേന്ദ്രങ്ങളും ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്.
ഇതേത്തുടർന്ന് ഇറാന്റെ സമുദ്രാതിർത്തിയിലേക്ക് ബോട്ടുകൾ അയക്കാൻ കഴിയാത്ത അവസ്ഥയാണ്. നിലവിൽ മീൻ വിൽപനയോ പെട്രോൾ വാങ്ങലോ നടക്കmുന്നില്ലെന്നും വ്യാപാരികൾ ആശങ്ക പ്രകടിപ്പിക്കുന്നു.
കൂടാതെ, മാർച്ചിലും ജൂലൈയിലുമായി നടന്ന ആക്രമണങ്ങളിൽ ഏതാനും പാക്കിസ്ഥാനി മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടതും ഈ വ്യാപാരത്തെ സാരമായി ബാധിച്ചു. ഇറാനിയൻ പാചകരീതിയിൽ ഏറെ പ്രിയപ്പെട്ട
ഒന്നാണ് ചൂര മീൻ. പാക്കിസ്ഥാനികൾക്കിടയിൽ ഇതിന് വലിയ തോതിലുള്ള ഉപഭോഗമില്ലാത്തതിനാൽ, പിടിക്കുന്ന മീൻ മുഴുവൻ ഇറാനിലേക്ക് കയറ്റി അയക്കുകയായിരുന്നു പതിവ്.
പാക്കിസ്ഥാനിൽ ലഭിക്കുന്നതിനേക്കാൾ ഏഴും എട്ടും ഇരട്ടിവരെ വിലയാണ് ഇറാനിൽ നിന്ന് മത്സ്യത്തിന് ലഭിച്ചിരുന്നത്. എന്നാൽ നിലവിലെ യുദ്ധാന്തരീക്ഷവും പാക്കിസ്ഥാൻ ഭരണകൂടം അതിർത്തി അടച്ചതും കാരണം വ്യാപാരം പൂർണ്ണമായി നിലച്ചെന്നും ഇത് തങ്ങളുടെ വരുമാനം പൂർണ്ണമായും ഇല്ലാതാക്കിയെന്നും വ്യാപാരികൾ ഡോൺ പത്രത്തോട് വെളിപ്പെടുത്തി.
സൈന്യത്തിന്റെയും സർക്കാർ ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ ഇറാനിൽ നിന്ന് ദിവസേന ഏകദേശം 60 ലക്ഷത്തോളം ലീറ്റർ പെട്രോൾ പാക്കിസ്ഥാനിലേക്ക് അനധികൃതമായി എത്തുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രധാനമായും മോട്ടോർ ബൈക്കുകൾ ഉപയോഗിച്ചാണ് ഈ കള്ളക്കടത്ത് നടത്തിവരുന്നത്.
ബലൂചിസ്ഥാൻ ആണ് ഇതിന്റെ പ്രധാന കേന്ദ്രമെങ്കിലും സിന്ധ്, കറാച്ചി, പാക്ക് പഞ്ചാബ് മേഖലകളിലേക്കും ഈ അനധികൃത പെട്രോൾ വ്യാപകമായി എത്തുന്നുണ്ട്. ഏകദേശം 1.5 കോടിയാണ് ബലൂചിസ്ഥാന്റെ ജനസംഖ്യ.
ഇതിൽ 24 ലക്ഷത്തോളം പേർ പെട്രോൾ കള്ളക്കടത്തുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരാണെന്നും വിവിധ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

