ഐആർസിടിസിയുടെ വെബ്സൈറ്റിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഓരോ ദിവസവും പുതുതായി എത്തുന്നവരുടെ തിരിച്ചറിയൽ പ്രക്രിയകൾ കർശനമാക്കിയതോടെ, പുറത്തായത് 5 കോടിയിലേറെ വ്യാജന്മാർ. ഓരോ ദിവസവും നേരത്തേ പുതുതായി ഒരുലക്ഷം പേർ ചേർന്നിരുന്നത് ഇപ്പോൾ വെറും 5,000 ആയും കുറഞ്ഞു.
മൊത്തം 3.03 കോടി വ്യാജ അക്കൗണ്ടുകളാണ് കണ്ടെത്തിയതെന്ന് റെയിൽവേ വ്യക്തമാക്കി. മറ്റൊരു 2.7 കോടി അക്കൗണ്ടുകൾ താൽക്കാലികമായി സസ്പെൻഡും ചെയ്തു.
യാത്രക്കാരിൽ പലർക്കും ടിക്കറ്റ് ബുക്ക് ചെയ്യാനാകുന്നില്ലെന്ന പരാതികൾ വ്യാപകമായതോടെയാണ് റെയിൽവേ ഐഡന്റിറ്റി പരിശോധന കർശനമാക്കിയത്.
ഇതോടെ, ഓരോ ദിവസവും പുതുതായി ചേരുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞു. പോസിറ്റീവ് റിസൽട്ടാണ് ഈ നടപടികൾക്കു കിട്ടിയതെന്നും ടിക്കറ്റ് വിതരണം ഇപ്പോൾ കൂടുതൽ സുതാര്യമായെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
വന്ദേ ഭാരത്, അമൃത് ഭാരത് ട്രെയിനുകളിലെ ഭക്ഷണം നൽകുന്നതിനുള്ള കരാർ വിമാനങ്ങളിലേതു പോലെയാക്കാനും ഐആർസിടിസി തീരുമാനിച്ചിട്ടുണ്ട്.
വന്ദേഭാരതിലെ ഭക്ഷണത്തെച്ചൊല്ലി ഒട്ടേറെ പരാതികൾ ഉയർന്നിരുന്നു. ഗുണനിലവാരം ഉയർത്താനും രുചിവൈവിധ്യമുള്ള ഭക്ഷണം നൽകാനുമാണ് സേവനങ്ങളിൽ അടിമുടി മാറ്റം വരുത്തുന്നതെന്നാണ് ഐആർസിടിസി പറയുന്നത്.പരീക്ഷണാടിസ്ഥാനത്തിൽ 6 ട്രെയിനുകളിലെ ഭക്ഷണവിതരണം പ്രമുഖ കമ്പനികളെ ഏൽപിച്ചു.
കാസർകോട് – തിരുവനന്തപുരം (20633/20634), മംഗളൂരു– തിരുവനന്തപുരം (20631/20632) വന്ദേഭാരത് എക്സ്പ്രസുകളും ഇക്കൂട്ടത്തിലുണ്ട്.
കാസിനോ എയർ കേറ്ററിങ് ആൻഡ് ഫ്ലൈറ്റ് സർവീസസാണ് ഈ ട്രെയിനുകളിൽ ഭക്ഷണം നൽകുക. റസ്റ്ററന്റുകളിലേതിനു സമാനമായ മെനു ലഭ്യമാക്കുമെന്നും പ്രാദേശിക വിഭവങ്ങൾ തിരഞ്ഞെടുക്കാൻ കഴിയുമെന്നും ഐആർസിടിസി അറിയിച്ചു.
ഡൽഹി–സീതാമർഹി അമൃത് ഭാരത്, അഹമ്മദാബാദ്–വെരാവൽ വന്ദേ ഭാരത്, ശ്രീ മാതാ വൈഷ്ണോ ദേവി കട്ര–ശ്രീനഗർ വന്ദേ ഭാരത്, ബാപുധാം മോത്തിഹാരി–ആനന്ദ് വിഹാർ അമൃത് ഭാരത് എക്സ്പ്രസ് എന്നിവയാണു മറ്റു ട്രെയിനുകൾ.
ക്രിസ്മസിന് 38 സ്പെഷൽ ട്രെയിനുകൾ
ക്രിസ്മസ് – പുതുവത്സര സമയത്തെ തിരക്ക് നിയന്ത്രിക്കാൻ കേരളത്തിലേക്ക് 38 സ്പെഷൽ ട്രെയിനുകൾ അനുവദിച്ചതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ അറിയിച്ചു.
നിസാമുദ്ദീൻ – തിരുവനന്തപുരം (4080/4079) അഞ്ച് സർവീസുകൾ വീതം, ലോകമാന്യതിലക്–തിരുവനന്തപുരം (1171/1172) നാലു സർവീസുകൾ വീതം, വഡോദര–എറണാകുളം (9124/9123) എട്ട് സർവീസുകൾ വീതം നടത്തും. ഹുബ്ബള്ളി –തിരുവനന്തപുരം, ബെംഗളൂരു–തിരുവനന്തപുരം, കൊല്ലം–ഹുബ്ബള്ളി, ബെംഗളൂരു– കൊല്ലം ഓരോ സർവീസുകളും നടത്തും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

