പാക്കിസ്ഥാനുമായുള്ള വ്യാപാരബന്ധം പൂർണമായി അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാൻ. ഇനി പാക്കിസ്ഥാനെ ആശ്രയിക്കേണ്ടെന്നും ചരക്കുനീക്കത്തിനും കച്ചവടത്തിനും ബദൽവഴി നോക്കണമെന്നും താലിബാൻ സർക്കാരിലെ സാമ്പത്തികകാര്യ ഉപപ്രധാനമന്ത്രി മുല്ലാ അബ്ദുൽ ഘനി ബറാദർ വ്യാപാരികളോട് നിർദേശിച്ചു.
അകാരണമായും അന്യായമായും പാക്കിസ്ഥാൻ അതിർത്തി അടച്ചിട്ടിരിക്കുകയാണെന്നും ചരക്കുനീക്കം മുടങ്ങിയതിനാൽ അഫ്ഗാനിസ്ഥാനിലെ വ്യാപാരികൾ പ്രതിമാസം 200 മില്യൻ ഡോളറിന്റെ (ഏകദേശം 1,800 കോടി രൂപ) നഷ്ടമാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരടിസ്ഥാനവുമില്ലാതെ, ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വഷളാക്കുന്ന നീക്കങ്ങളാണ് പാക്കിസ്ഥാൻ നടത്തുന്നത്. അഫ്ഗാനിസ്ഥാന്റെ ക്ഷമ നശിച്ചു.
കാർഷിക കയറ്റുമതി സീസണിൽ പോലും പാക്കിസ്ഥാൻ അതിർത്തി അടച്ചിട്ടത് തിരിച്ചടിയായി. കയറ്റുമതിക്ക് അഫ്ഗാൻ വ്യാപാരികൾ പാക്കിസ്ഥാൻ തുറമുഖങ്ങളെയാണ് ആശ്രയിച്ചിരുന്നത്.
ഇനി പാക്കിസ്ഥാനു പകരം ഇറാൻ, തുർക്കി, ചൈന, മധ്യേഷ്യൻ രാജ്യങ്ങളായ താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നിവയെ സമീപിക്കാനും ഉപ പ്രധാനമന്ത്രി നിർദേശിച്ചു.
പാക്കിസ്ഥാനിൽ നിന്നുള്ള മരുന്ന് ഇറക്കുമതി പൂർണമായും നിരോധിക്കുന്നതായും അദ്ദേഹം പറഞ്ഞു. മരുന്നുകൾക്ക് ഇനി മറ്റു രാജ്യങ്ങളെ ആശ്രയിച്ചാൽ മതി.
പാക്കിസ്ഥാനിലെ ഭീകരാക്രമണങ്ങൾ അഫ്ഗാന്റെ മണ്ണിൽനിന്നാണ് നടക്കുന്നതെന്ന് കഴിഞ്ഞദിവസം ആരോപിച്ച പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, അഫ്ഗാനെ ആക്രമിക്കുമെന്നും സൂചിപ്പിച്ചിരുന്നു. ആരോപണങ്ങൾ തള്ളിയ താലിബാൻ പാക്കിസ്ഥാൻ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അടുത്തിടെ കാബൂളിൽ കടന്നുകയറി തെഹ്രീക് ഇ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) ക്യാംപുകൾക്ക് നേരെ പാക്കിസ്ഥാൻ ആക്രമണം നടത്തിയിരുന്നു.
താലിബാൻ ശക്തമായി തിരിച്ചടിച്ചതോടെ സംഘർഷം രൂക്ഷമായി. പിന്നീട് സമാധാന ചർച്ച നടന്നെങ്കിലും പൊളിഞ്ഞു.
നിലവിൽ പ്രതിവർഷം 150 കോടി ഡോളറിന്റെ (13,300 കോടി രൂപ) ഉഭയകക്ഷി വ്യാപാരവുമായി അഫ്ഗാനിസ്ഥാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിയാണ് പാക്കിസ്ഥാൻ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

