രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരെയും സർക്കാരുകളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിക്കൊണ്ട് വീണ്ടും വർധിച്ചു. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ൽ പണപ്പെരുപ്പം ഓഗസ്റ്റിലെ 4.83 ശതമാനത്തിൽ നിന്ന് സെപ്റ്റംബറിൽ 5.54 ശതമാനമായാണ് ഉയർന്നത്.
2024 ഒക്ടോബറിൽ 6.21% രേഖപ്പെടുത്തിയ ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. കേന്ദ്രസർക്കാർ ഈ വർഷമാദ്യം പണപ്പെരുപ്പം കണക്കാക്കുന്നതിനുള്ള അടിസ്ഥാന വർഷം 2012ൽ നിന്ന് 2024 ആക്കി മാറ്റിയിരുന്നു.
അതിനുശേഷമുള്ള ഏറ്റവും കൂടിയ നിരക്കാണിത്. പണപ്പെരുപ്പം 4 ശതമാനമായി നിലനിർത്തുക എന്നതാണ് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര അധ്യക്ഷനായ ആറംഗ പണനയ നിർണയ സമിതിയുടെ (എംപിസി) ലക്ഷ്യം.
ഇത് 2 ശതമാനം വരെ താഴുകയോ 6 ശതമാനം വരെ ഉയരുകയോ ചെയ്യുന്നത് സമ്പദ്വ്യവസ്ഥയ്ക്ക് ഭീഷണിയല്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ പണപ്പെരുപ്പം ഉയർന്ന സാഹചര്യത്തിൽ, ഡിസംബറിൽ ചേരുന്ന അടുത്ത യോഗത്തിൽ പലിശ നിരക്കുകൾ വീണ്ടും വർധിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
റീപ്പോ നിരക്ക് 0.50% വരെ ഒറ്റയടിക്ക് ഉയർത്തിയേക്കാം. ഇത് ഭവന, വാഹന വായ്പ എടുത്തവർക്കും പുതുതായി വായ്പ എടുക്കാൻ ഉദ്ദേശിക്കുന്നവർക്കും വലിയ തിരിച്ചടിയാകും.
ഭക്ഷ്യവിലക്കയറ്റമാണ് നിലവിലെ പ്രധാന പ്രതിസന്ധി. ഓഗസ്റ്റിൽ 5.97 ശതമാനമായിരുന്ന ഭക്ഷ്യവിലപ്പെരുപ്പം സെപ്റ്റംബറിൽ 7.74 ശതമാനത്തിലേക്ക് കുതിച്ചുയർന്നു.
ഗ്രാമീണ മേഖലകളിൽ റീട്ടെയ്ൽ പണപ്പെരുപ്പം ഓഗസ്റ്റിലെ 5.24 ശതമാനത്തിൽ നിന്ന് സെപ്റ്റംബറിൽ 6.08 ശതമാനമായും നഗരങ്ങളിൽ 4.31 ശതമാനത്തിൽ നിന്ന് 4.88 ശതമാനമായും വർധിച്ചു. ഗ്രാമങ്ങളിൽ ഭക്ഷ്യവിലപ്പെരുപ്പം 8.06 ശതമാനത്തിലെത്തി.
രാജ്യത്ത് ഏറ്റവും ഉയർന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയത് ഉള്ളിക്കാണ്. ഓഗസ്റ്റിൽ 48.78% ആയിരുന്നെങ്കിൽ സെപ്റ്റംബറിൽ അത് 108.09% ആയി ഉയർന്നു.
വെള്ളിയാഭരണങ്ങൾ 87.80 ശതമാനവുമായി രണ്ടാം സ്ഥാനത്തുണ്ട്. ഇഞ്ചി (62.85%), വെളുത്തുള്ളി (54.62%), ചെറുനാരങ്ങ (36.41%) എന്നിവയും മുൻനിരയിലുണ്ട്.
അതേസമയം ഉരുളക്കിഴങ്ങ് (-11.50%), തക്കാളി (-8.62%), കാറും ജീപ്പും (-4.51%), വെണ്ടയ്ക്ക (-4.48%), തേങ്ങ (-3.99%) എന്നിവയ്ക്കാണ് വിലക്കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനങ്ങളുടെ കണക്കെടുപ്പിൽ തെലങ്കാനയെ പിന്തള്ളി തമിഴ്നാട് വിലക്കയറ്റത്തിൽ ഒന്നാം സ്ഥാനത്തെത്തി.
6.81 ശതമാനമാണ് തമിഴ്നാട്ടിലെ നിരക്ക്. ഒഡീഷ (6.70%), മധ്യപ്രദേശ് (6.68%), തെലങ്കാന (6.64%), ആന്ധ്രപ്രദേശ് (6.29%) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.
ഭക്ഷ്യവിലപ്പെരുപ്പവും ഏറ്റവും കൂടുതലുള്ളത് തമിഴ്നാട്ടിലാണ് (10.62%). കേരളത്തെ സംബന്ധിച്ച്, ഓഗസ്റ്റിലെ 4.67 ശതമാനത്തിൽ നിന്ന് സെപ്റ്റംബറിൽ സംസ്ഥാനത്തെ പണപ്പെരുപ്പം 5.26 ശതമാനമായി ഉയർന്നിട്ടുണ്ട്.
ഗ്രാമങ്ങളിൽ 5.61 ശതമാനവും നഗരങ്ങളിൽ 4.97 ശതമാനവുമാണ് നിരക്ക്. എങ്കിലും ദക്ഷിണേന്ത്യയിൽ പണപ്പെരുപ്പം ഏറ്റവും കുറവുള്ളത് കേരളത്തിലാണ്.
തമിഴ്നാട്ടിൽ 6.81%, തെലങ്കാനയിൽ 6.64%, ആന്ധ്രയിൽ 6.29%, കർണാടകയിൽ 5.86% എന്നിങ്ങനെയാണ് മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കണക്കുകൾ. പുതുച്ചേരിയിൽ 6.86 ശതമാനവും ലക്ഷദ്വീപിൽ 3.95 ശതമാനവുമാണ് പണപ്പെരുപ്പം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

