ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ യുഎസിൽ കുടുംബങ്ങളുടെ കടബാധ്യത 18.59 ലക്ഷം കോടി ഡോളറിൽ (ഏകദേശം 1,645 ലക്ഷം കോടി രൂപ) എത്തിയെന്ന് ഔദ്യോഗിക കണക്കുകൾ. ഇതു റെക്കോർഡാണ്.
ഇക്കഴിഞ്ഞ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ മാത്രം കടത്തിലുണ്ടായ വർധന 197 ബില്യൻ ഡോളറാണെന്ന് (17.43 ലക്ഷം കോടി രൂപ) ഫെഡറൽ റിസർവ് ബാങ്ക് ഓഫ് ന്യൂയോർക്കിന്റെ റിപ്പോർട്ട് വ്യക്തമാക്കി.
2019ന് ശേഷം മാത്രം യുഎസ് കുടുംബങ്ങളുടെ കടത്തിൽ 4.4 ലക്ഷം കോടി ഡോളറിന്റെ (390 ലക്ഷം കോടി രൂപ) വർധനയുണ്ട്. വിദ്യാഭ്യാസ വായ്പയായി മാത്രം അമേരിക്കക്കാർ വീട്ടാനുള്ളത് 1.65 ലക്ഷം കോടി ഡോളർ (146 ലക്ഷം കോടി രൂപ).
ചരിത്രത്തിലെ ഏറ്റവും ഉയരമാണിത്. വിദ്യാഭ്യാസ വായ്പയിൽ 10 ശതമാനത്തോളം തിരിച്ചടവ് മുടങ്ങിയിട്ടുമുണ്ട്.
പലർക്കും തിരിച്ചടയ്ക്കാനുള്ള ശേഷിയില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
വരിഞ്ഞുമുറുക്കി ക്രെഡിറ്റ് കാർഡും സ്റ്റുഡന്റ് ലോണും
ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബർ പാദത്തിൽ മാത്രം അമേരിക്കൻ കുടുംബങ്ങളുടെ ക്രെഡിറ്റ് കാർഡ് ബാധ്യത 24 ബില്യൻ (2.11 ലക്ഷം കോടി രൂപ) ഡോളർ ഉയർന്ന് 1.23 ലക്ഷം കോടി ഡോളറിലെത്തി (108 ലക്ഷം കോടി രൂപ). ഇതും എക്കാലത്തെയും ഉയരമാണ്.
വാഹന വായ്പയായി അമേരിക്കൻ കുടുംബങ്ങൾ 1.66 ലക്ഷം കോടി ഡോളറും (147 ലക്ഷം കോടി രൂപ) തിരിച്ചടയ്ക്കാനുണ്ട്.
യുഎസ് പ്രസിഡന്റായി വീണ്ടും അധികാരത്തിലേറിയ ശേഷം ഡോണൾഡ് ട്രംപ് നടപ്പാക്കിയ സാമ്പത്തിക നയങ്ങളാണ് അമേരിക്കയെ പ്രധാനമായും പ്രതിസന്ധിയിലേക്ക് തള്ളുന്നതെന്നാണ് വിലയിരുത്തലുകൾ. താരിഫ് വർധനമൂലം കുടുംബങ്ങളുടെ ജീവിതച്ചെലവേറി.
അതോടെ ക്രെഡിറ്റ് കാർഡ് ഉപയോഗം വ്യാപകമായി. എന്നാൽ, അതിനനുസരിച്ചുള്ള തിരിച്ചടവ് കാര്യക്ഷമവുമല്ല.
വിദ്യാഭ്യാസ വായ്പയ്ക്ക് വന് ഡിമാൻഡുണ്ടെങ്കിലും തിരിച്ചടയ്ക്കാൻ പലർക്കും പറ്റുന്നില്ല.
ഉപഭോക്താക്കൾ അസംതൃപ്തർ
യുഎസിൽ ട്രംപ് ഭരണകൂടത്തിന്റെ പ്രവർത്തന സ്തംഭനം (ഗവൺമെന്റ് ഷട്ട്ഡൗൺ) ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതെന്ന റെക്കോർഡ് സ്വന്തമാക്കി നീങ്ങുമ്പോൾ ഉപഭോക്തൃ വിപണിയിലും അസംതൃപ്തി കടുക്കുകയാണ്.
ആയിരക്കണക്കിന് ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്കാരാണ് നിർബന്ധിത ശമ്പളരഹിത അവധിയിലേക്ക് പോയത്. ഇതോടെ പല കുടുംബങ്ങളും സാമ്പത്തികഞെരുക്കത്തിലായി.
വിപണിയിൽ ഉപഭോക്തൃസംതൃപ്തി (കൺസ്യൂമർ സെന്റിമെന്റ്) ഈമാസം 6 ശതമാനം ഇടിഞ്ഞെന്ന് യൂണിവേഴ്സിറ്റി ഓഫ് മിഷഗണിന്റെ റിപ്പോർട്ട് വ്യക്തമാക്കി.
കഴിഞ്ഞ മൂന്നരവർഷത്തെ ഏറ്റവും താഴ്ചയാണിത്. നവംബറിലെ കൺസ്യൂമർ സെന്റിമെന്റ് സൂചിക ഒക്ടോബറിലെ 53.6ൽ നിന്ന് 50.3ലേക്ക് താഴ്ന്നു.
നിരീക്ഷകർ പ്രവചിച്ച 53 എന്ന നിലവാരം നേടാനായില്ല. ഷട്ട്ഡൗൺ ഇങ്ങനെ പരിഹാരമില്ലാതെ നീളുന്നത് അമേരിക്കൻ സമ്പദ്വ്യവസ്ഥയിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന ഭീതി ജനങ്ങൾക്കിടയിലുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കോവിഡ്കാലത്തിന് സമാനമായ പ്രതിസന്ധിയാണ് യുഎസ് ഉപഭോക്തൃവിപണി നിലവിൽ നേരിടുന്നത്.
JUST IN 🚨: U.S. Household Debt jumps to new all-time high of $18.59 Trillion 📈 Congrats everyone, we did it 🥳🫂
പണച്ചുരുക്കത്തിൽ നിന്ന് കരകയറി ചൈന
യുഎസിൽ ഉപഭോക്തൃസംതൃപ്തി ഇടിയുമ്പോൾ ചൈനയിൽ സ്ഥിതിഗതികൾ മെച്ചപ്പെടുന്നതായാണ് റിപ്പോർട്ട്.
ഒക്ടോബറിൽ ഉപഭോക്തൃവില സൂചിക (പണപ്പെരുപ്പം) 0.2% ഉയർന്നുവെന്ന് ചൈനയുടെ നാഷനൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ട് വ്യക്തമാക്കി. സെപ്റ്റംറിൽ ഇത് നെഗറ്റീവ് 0.3 ശതമാനമായിരുന്നു.
പണപ്പെരുപ്പം പൂജ്യത്തിനും താഴെയാകുന്ന അവസ്ഥയാണ് പണച്ചുരുക്കം.
ജനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഉൽപന്ന/സേവനങ്ങൾക്ക് ഡിമാൻഡില്ലാതെ വിപണി കടുത്തമാന്ദ്യത്തിലാണെന്നും വ്യക്തമാക്കുന്നതാണ് പണച്ചുരുക്കം. വാങ്ങാനാളില്ലാതെ ഉൽപന്നവിലകൾ കുത്തനെ ഇടിയുന്ന അവസ്ഥയാണിത്.
തുടർച്ചയായ രണ്ടുമാസം പണച്ചുരുക്കത്തിലേക്ക് (ഡിഫ്ലേഷൻ) വീണശേഷമാണ് ചൈനയുടെ കരകയറ്റം.
അതേസമയം, ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ചൈനയിൽ പ്രതിസന്ധി പൂർണമായി മാറിയിട്ടില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞമാസം പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ് വളർച്ച നെഗറ്റീവ് 2.1 ശതമാനത്തിലേക്ക് ഇടിഞ്ഞു. നിരീക്ഷകർ വിലയിരുത്തിയത് 2.2% ഇടിയുമെന്നായിരുന്നു.
കഴിഞ്ഞ 3 വർഷമായി ഇൻഡക്സ് നെഗറ്റീവിലാണുള്ളത്.
ഉൽപന്ന/സേവനങ്ങൾ വിപണിയിലെത്തിക്കുമ്പോൾ ഫാക്ടറികൾക്ക് ലഭിക്കുന്ന നേട്ടത്തിന്റെ സൂചികയാണിത്. അതായത്, ഫാക്ടറികൾ ഇപ്പോഴും പ്രതിസന്ധിയിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ചൈനയുടെ കയറ്റുമതി വളർച്ച ഒക്ടോബറിൽ നെഗറ്റീവ് 1.1 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു. രണ്ടുവർഷത്തിന് ശേഷം ചൈന ആദ്യമായാണ് നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയത്.
യുഎസിലേക്കുള്ള കയറ്റുമതി മാത്രം 25% ഇടിഞ്ഞതും ചൈനയ്ക്ക് തിരിച്ചടിയായി. ട്രംപ് ചുമത്തിയ കനത്ത തീരുവഭാരവും യുഎസുമായുള്ള വ്യാപാരത്തർക്കവുമാണ് വലച്ചത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

