യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടിച്ചേൽപ്പിച്ച കനത്ത തീരുവഷോക്ക് ചൈനയുടെ കയറ്റുമതിയെ ഒക്ടോബറിൽ നെഗറ്റീവിലേക്ക് വീഴ്ത്തി. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ചൈനയുടെ കയറ്റുമതി വളർച്ച പൂജ്യത്തിന് താഴെയായത്.
യുഎസിലേക്കുള്ള കയറ്റുമതി 25 ശതമാനവും ഇടിഞ്ഞു.
ചൈനയുടെ മൊത്തം കയറ്റുമതി നെഗറ്റീവ് 1.1% വളർച്ചയിലേക്കാണ് ഒക്ടോബറിൽ വീണതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കി. സെപ്റ്റംബറിലെ, 6-മാസത്തെ ഉയരമായ പോസിറ്റീവ് 8.2 ശതമാനത്തിൽ നിന്നാണ് ഈ വീഴ്ചയെന്നത് ഷി ജിൻപിങ് ഭരണകൂടത്തിനും വൻ ആഘാതമായി.
ഇതിനുമുൻപ് ചൈനീസ് കയറ്റുമതി ഏറ്റവും മോശം പ്രകടനം നടത്തിയത് 2024 മാർച്ചിലായിരുന്നു; നെഗറ്റീവ് 7.5%. നിരീക്ഷകർ പോസിറ്റീവ് 3% വളർച്ച പ്രവചിച്ചിരിക്കേയാണ്, പ്രതീക്ഷകൾ തകിടംമറിച്ച് കഴിഞ്ഞമാസത്തെ കയറ്റുമതി തകർച്ച.
യുഎസിലേക്കുള്ള കയറ്റുമതി 25% ഇടിഞ്ഞതാണ് കഴിഞ്ഞമാസത്തെ വീഴ്ചയുടെ പ്രധാനകാരണം.
വേദനസംഹാരിയായ ഫെന്റാനിലിന്റെ അമിത കയറ്റുമതി ചൂണ്ടിക്കാട്ടി ചൈനയ്ക്കുമേൽ ട്രംപ് മൊത്തം 57% ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. ഇതാണ് കയറ്റുമതിയെ പ്രധാനമായും ഉലച്ചത്.
തുടർച്ചയായ 7-ാം മാസമാണ് യുഎസിലേക്കുള്ള ചൈനീസ് കയറ്റുമതി 10 ശതമാനത്തിലധികം ഇടിയുന്നതും.
പ്രവചനങ്ങൾ പൊളിഞ്ഞു
ഇറക്കുമതിയിലും കാര്യമായ മികവ് ചൈനയ്ക്ക് കഴിഞ്ഞമാസം രേഖപ്പെടുത്താനായില്ല. ആഭ്യന്തര വിപണിയിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നതിന് തെളിവാണിത്.
മൊത്തം ഇറക്കുമതി കഴിഞ്ഞമാസം വളർന്നത് ഒരു ശതമാനം മാത്രം. ഇറക്കുമതി 3.2% വർധിക്കുമെന്ന നിരീക്ഷക പ്രവചനങ്ങൾ പൊളിഞ്ഞു.
യുഎസിൽ നിന്നുള്ള ഇറക്കുമതിയാകട്ടെ 23 ശതമാനം ഇടിയുകയും ചെയ്തു.
അതേസമയം, യുഎസ് പ്രസിഡന്റ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ചൈനയ്ക്കുമേലുള്ള തീരുവ ട്രംപ് 47 ശതമാനത്തിലേക്ക് കുറച്ചിരുന്നു. ചൈനീസ് കയറ്റുമതിക്ക് വൈകാതെ തിരിച്ചുകയറാൻ ഇതു സഹായകമാകുമെന്നാണ് കരുതുന്നത്.
മാത്രമല്ല, അപൂർവ ധാതുക്കളുടെ (റെയർ എർത്ത്) കയറ്റുമതി നിയന്ത്രിക്കാനുള്ള തീരുമാനം ഒരുവർഷത്തേക്ക് മരവിപ്പിച്ച ഷി ഭരണകൂടത്തിന്റെ നടപടിയും കരുത്താവുമെന്നാണ് പ്രതീക്ഷകൾ.
ഒക്ടോബറിൽ റെയർ എർത്ത് കയറ്റുമതി 9% ഉയർന്നിരുന്നു. ചൈനയിൽനിന്ന് ഏറ്റവുമധികം റെയർ എർത്ത് വാങ്ങുന്നത് യുഎസ് ആണ്.
പ്രതിരോധം, ഇലക്ട്രിക് വാഹന നിർമാണം, സോളർ പാനൽ നിർമാണം തുടങ്ങി ഒട്ടേറെ മേഖലകൾക്കായി യുഎസിന് ചൈനീസ് റെയർ എർത്ത് അനിവാര്യമാണ്. കയറ്റുമതി നിയന്ത്രിക്കാനുള്ള തീരുമാനവുമായി ചൈന മുന്നോട്ടുപോയാൽ 100-150% തീരുവ ചുമത്തി തിരിച്ചടിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
റഷ്യൻ എണ്ണയിൽ ഇന്ത്യയ്ക്ക് ‘വെല്ലുവിളി’, ഹംഗറിക്ക് തലോടൽ
ഇന്ത്യയുമായുള്ള ബന്ധം പഴയപോലെ മെച്ചപ്പെടണമെങ്കിൽ, ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന നിലപാടാണ് ട്രംപിനുള്ളത്.
തന്റെ സമ്മർദംമൂലം ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി ഏറക്കുറെ അവസാനിപ്പിച്ചുകഴിഞ്ഞെന്ന് ട്രംപ് കഴിഞ്ഞദിവസം പറയുകയും ചെയ്തു. റഷ്യയിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കമ്പനികളായ റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നിവയ്ക്കുമേൽ ട്രംപ് അടുത്തിടെ ഉപരോധം പ്രഖ്യാപിച്ചതും ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതി കുറയാനിടയാക്കിയിരുന്നു.
അതേസമയം, ഇതേ കമ്പനികളിൽനിന്ന് റഷ്യൻ എണ്ണ തുടർന്നും വാങ്ങാൻ യൂറോപ്യൻ രാഷ്ട്രമായ ഹംഗറിക്ക് ട്രംപ് ഇളവുകൾ നൽകിയെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി.
വാഷിങ്ടണിൽ ട്രംപുമായി ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബൻ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഈ ഇളവ്. റഷ്യയിൽനിന്ന് എണ്ണയും ഗ്യാസും കിട്ടുന്നത് നിലച്ചാൽ ഹംഗേറിയൻ ജനതയ്ക്ക് വലിയ പ്രതിസന്ധിയുണ്ടാകുമെന്ന ഓർബന്റെ വാദം ട്രംപ് അംഗീകരിച്ചു.
അമേരിക്കൻ വാദം
ഹംഗറി ഉൾപ്പെടെ ഒട്ടേറെ യൂറോപ്യൻ രാജ്യങ്ങൾ വർഷങ്ങളായി റഷ്യൻ എണ്ണയും ഗ്യാസും വാങ്ങുന്നവരാണെന്നും എന്നാൽ യുക്രെയ്നെതിരെ റഷ്യ യുദ്ധം തുടങ്ങിയശേഷം മാത്രം റഷ്യൻ എണ്ണ വലിയതോതിൽ വാങ്ങിത്തുടങ്ങിയവരാണ് ഇന്ത്യ എന്നുമാണ് അമേരിക്കയുടെ വാദം.
യുക്രെയ്നെതിരായ പുട്ടിന്റെ യുദ്ധം അവസാനിപ്പിക്കാൻ അതുകൊണ്ടുതന്നെ ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി നിർത്തണമെന്നുമാണ് ട്രംപ് ആവശ്യപ്പെടുന്നത്.
ട്രംപിനുള്ള ‘പ്രത്യുപകാരമായി’ യുഎസിൽനിന്ന് 60 കോടി ഡോളറിന്റെ എൽപിജി വാങ്ങാമെന്നും ഹംഗറി പ്രധാനമന്ത്രി ഏറ്റിട്ടുണ്ട്. നിലവിൽ ഹംഗറി 74% ഗ്യാസും 86% എണ്ണയും വാങ്ങുന്നത് റഷ്യയിൽ നിന്നാണ്.
ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതി വിഹിതം 30 ശതമാനം മാത്രമാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

