കാസർകോട് കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമാഹരിച്ച ഫണ്ടിന്റെ കണക്കുകളെച്ചൊല്ലി കെഎസ്യുവിൽ ആഭ്യന്തര തർക്കം രൂക്ഷമാകുന്നു. വിവിധ യൂണിറ്റ് ഭാരവാഹികളാണ് ജില്ലാ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
‘കെഎസ്യു കാസർകോട് കൂട്ടായ്മ’ എന്ന വാട്സാപ് ഗ്രൂപ്പിലൂടെയാണ് ഭാരവാഹികൾ തങ്ങളുടെ വിയോജിപ്പ് പരസ്യമാക്കിയത്. ഇതുമായി ബന്ധപ്പെട്ട
സ്ക്രീൻഷോട്ടുകളും ശബ്ദസന്ദേശങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ, ഈ ആരോപണങ്ങളെല്ലാം തികച്ചും അടിസ്ഥാനരഹിതമാണെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി.
പ്രാദേശിക തലത്തിൽ സമാഹരിച്ച ഫണ്ടിന്റെ കൃത്യമായ വരവ്-ചെലവ് കണക്കുകൾ പരസ്യപ്പെടുത്തണമെന്നാണ് വിമർശനം ഉന്നയിക്കുന്നവരുടെ മുഖ്യ ആവശ്യം. രാജപുരം സെന്റ് പയസ് കോളജ് യൂണിറ്റ് കമ്മിറ്റിക്ക് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി 25,000 രൂപ നൽകിയെന്നാണ് പ്രചാരണം നടക്കുന്നതെങ്കിലും, യഥാർത്ഥത്തിൽ 10,000 രൂപ മാത്രമാണ് ലഭിച്ചതെന്നും അത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയാണ് നൽകിയതെന്നും ഒരു യൂണിറ്റ് ഭാരവാഹി വ്യക്തമാക്കുന്നു.
കടം വാങ്ങി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടും ഫണ്ട് നൽകാത്തത് വലിയ പ്രതിസന്ധിയുണ്ടാക്കിയെന്ന് പരാതിയിൽ പറയുന്നു. മുൻകാലങ്ങളിൽ അതത് യൂണിറ്റുകൾ നേരിട്ട് പണം പിരിച്ചിരുന്ന ബാങ്കുകളിൽ നിന്നുൾപ്പെടെ ഇത്തവണ ജില്ലാ കമ്മിറ്റിയാണ് പണം കൈപ്പറ്റിയത്.
എന്നാൽ ഈ തുക പിന്നീട് യൂണിറ്റുകൾക്ക് കൈമാറിയില്ലെന്നും ആക്ഷേപമുണ്ട്. എന്നാൽ, ഈ ആരോപണങ്ങളെല്ലാം കെഎസ്യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ ശക്തമായി നിഷേധിച്ചു.
സംഘടനാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ എത്തിനിൽക്കെ, നേതൃത്വത്തെ കരിവാരിത്തേക്കാൻ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമാഹരിച്ച ഫണ്ടുകൾ മുഴുവൻ പൊതുവായ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കാണ് വിനിയോഗിച്ചത്.
നീലേശ്വരം, ഹൊസ്ദുർഗ് ബാങ്കുകളിൽ നിന്ന് ജില്ലാ കമ്മിറ്റി ഫണ്ട് വാങ്ങിയിട്ടുണ്ടെന്ന് സമ്മതിച്ച അദ്ദേഹം, ഔദ്യോഗിക ഗ്രൂപ്പിൽ നടന്ന ചർച്ചകളിൽ അച്ചടക്ക നടപടിയുടെ ആവശ്യമില്ലെന്നും സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ഇത്തരം പ്രതികരണങ്ങൾക്ക് കാര്യമെന്നും കൂട്ടിച്ചേർത്തു. വാട്സാപ് ഗ്രൂപ്പിലെ ചർച്ചകൾ ബോധപൂർവ്വം വിവാദമാക്കാൻ ചിലർ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഇതിന് പിന്നിൽ സംഘടനയ്ക്കുള്ളിലെ നിക്ഷിപ്ത താൽപ്പര്യക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.
പാർട്ടി വിവരങ്ങൾ പുറത്തുനൽകിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കെഎസ്യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

