സംസ്ഥാനത്ത് സ്വർണവിലയിൽ അഭൂതപൂർവമായ വർധനവ് രേഖപ്പെടുത്തി. കേരളത്തിൽ ഇന്ന് ഗ്രാമിന് 265 രൂപ വർധിച്ച് 13,725 രൂപയിലെത്തി.
പവൻ വില 2120 രൂപ കൂടി 1,09,800 രൂപയുമായി. ഇന്നലെയും സ്വർണവില രണ്ടു തവണയായി പവന് 2080 രൂപ വർധിച്ചിരുന്നു.
സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ സ്വർണവില വർധിച്ചത് പവന് 4200 രൂപയാണ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽനീക്കം സാധാരണ നിലയിലെത്തുമെന്ന പ്രതീക്ഷയിൽ രാജ്യാന്തര വിപണിയിൽ സ്വർണവില കുതിച്ചതോടെയാണ് കേരളത്തിലും വില മാറ്റം സംഭവിച്ചത്.
രാജ്യാന്തര വ്യാപാരത്തിൽ നിർണായകമായ ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒമാനുമായി കരാറൊപ്പിടാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് ഇറാൻ പറഞ്ഞിരുന്നു. ഇതോടെ വിപണിയിലേക്ക് ക്രൂഡോയിൽ വരവ് സാധാരണ ഗതിയിലാകുമെന്നാണ് പ്രതീക്ഷ.
ഇത് ക്രൂഡോയിൽ വില ഇടിയാനും പണപ്പെരുപ്പ ഭീഷണി കുറയ്ക്കാനും കാരണമാകും. കേന്ദ്രബാങ്കുകൾ അടിസ്ഥാന പലിശ കൂട്ടാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറാനും ഇതുവഴിവെക്കും.
സെപ്റ്റംബറിൽ ഫെഡ് റിസർവ് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത ഇന്നലെ 60 ശതമാനമായിരുന്നത് ഇന്ന് 55 ശതമാനമായി കുറഞ്ഞു. ഇത് ഡോളർ സൂചികയിലും ക്ഷീണമുണ്ടാക്കി.
ഇതോടെ മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നത് എളുപ്പമായിട്ടുണ്ട്. ഇന്നലെ രാജ്യാന്തര വിപണിയിൽ 169.60 ഡോളർ നേട്ടത്തിൽ ഔൺസിന് 4246 ഡോളർിലാണ് സ്വർണ വ്യാപാരം അവസാനിച്ചത്.
ഇന്ന് രാവിലെ 4300 ഡോളറിനു മുകളിലേക്ക് കയറി. നിലവിൽ 4262 ഡോളർിലാണ് വിൽപന നടക്കുന്നത്.
ഇന്നലെയും ഇന്നും 4 ശതമാനം വീതമാണ് സ്വർണവില ഉയർന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന യുഎസ് തൊഴിൽ കണക്കുകളും കേന്ദ്രബാങ്കുകൾ വിൽപന കൂട്ടിയതും വില കയറാൻ സഹായിച്ചെന്നാണ് വിലയിരുത്തൽ.
രാജ്യാന്തര വിപണിയിലെ നിലവിലെ സാഹചര്യങ്ങൾ സ്വർണവില ഇനിയും വർധിക്കാനുള്ള വഴിയൊരുക്കുമെന്നാണ് സ്വർണവ്യാപാരികൾ പറയുന്നത്. ഇറാൻ-യുഎസ് സമാധാന കരാർ പ്രഖ്യാപനമുണ്ടായാൽ വില വലിയ രീതിയിൽ കുതിക്കും.
അങ്ങനെയെങ്കിൽ കേരളത്തിൽ ഓണക്കാലത്ത് സ്വർണവില വർധിക്കാനാണ് സാധ്യതയെന്നും വ്യാപാരികൾ വ്യക്തമാക്കുന്നു. കേരളത്തിൽ പുതുക്കിയ വിലയിൽ സ്വർണം വാങ്ങാൻ പത്തുശതമാനം പണിക്കൂലിയും നികുതിയും ചേർത്ത് 1.25 ലക്ഷം രൂപയ്ക്കടുത്ത് വേണ്ടിവരും.
കനംകുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 215 രൂപ വർധിച്ച് 11,275 രൂപയിലെത്തി. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ല.
ഗ്രാമിന് 240 രൂപയിൽ തന്നെയാണ് വ്യാപാരം തുടരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

