ആറാം മാസത്തിലേക്ക് കടന്ന സംഘർഷം അവസാനിപ്പിച്ച് ഇറാനും യുഎസും സമാധാന കരാറിൽ ഒപ്പിടുമോ എന്ന ആശങ്കയിലാണ് നിക്ഷേപകർ. ജനങ്ങളെ കൊല്ലാൻ ആഗ്രഹമില്ലെന്നും ഇറാനുമായി കരാറിലെത്താനാണ് താൻ ശ്രമിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണത്തിനാണ് യുഎസ് തയാറെടുത്തത്. എന്നാൽ ഇറാൻ വിളിച്ച് സമാധാന ചർച്ചകൾ നടത്താമെന്ന് അറിയിച്ചതോടെയാണ് താൻ ആക്രമണം നീട്ടിവച്ചതെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.
മറുവശത്ത്, നേരത്തെ ഒപ്പുവച്ച കരാറിലെ വ്യവസ്ഥകൾ പാലിക്കാൻ യുഎസ് തയാറാകണമെന്നും നിലവിൽ അമേരിക്കയുമായി ചർച്ചകളൊന്നും നടക്കുന്നില്ലെന്നുമാണ് ഇറാന്റെ നിലപാട്. ഹോർമുസ് വിഷയത്തിൽ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ അനുമതിക്കായി ഇറാൻ കാത്തിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്.
ജൂൺ 17ന് ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പിട്ട കരാർ പ്രകാരം 60 ദിവസത്തേക്ക് ഹോർമുസ് വഴിയുള്ള കപ്പൽ നീക്കം ഇറാൻ അനുവദിക്കണമെന്നാണ് വ്യവസ്ഥ.
പകരം ഇറാനിയൻ കപ്പലുകൾക്ക് മേലുള്ള നാവിക ഉപരോധം യുഎസ് പിൻവലിക്കാനും ധാരണയായിരുന്നു. എന്നാൽ കരാർ പ്രകാരമുള്ള പാതയ്ക്ക് പകരം യുഎസ് സൈന്യം നിശ്ചയിച്ച പാതയിലൂടെ കപ്പലുകൾ പോയതാണ് പുതിയ സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് ഇറാന്റെ ആരോപണം.
ഹോർമുസ് നിയന്ത്രണം
ഹോർമുസിലെ നിയന്ത്രണം ഏറ്റെടുക്കാൻ ഒമാനുമായി കരാറിലെത്തുന്നത് അന്തിമ ഘട്ടത്തിലാണെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി കാസെം ഗരീബാബാദി ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. സമാനമായ പ്രസ്താവന ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായും നടത്തിയിരുന്നു.
ഇറാനും ഒമാനുമായുള്ള കരാർ അന്തിമ ഘട്ടത്തിലാണെന്നും ഇക്കാര്യത്തിൽ മൂന്നാം കക്ഷിക്ക് ഇടപെടൽ അനുവദിക്കില്ലെന്നുമാണ് പ്രസ്താവന. അതിനിടെ സമാധാനത്തിന് ഭീഷണിയായി മേഖലയിൽ ഹൂതികളുടെ ആക്രമണം തുടരുകയാണ്.
ലെബനനിൽ ഇസ്രയേലും ആക്രമണം നടത്തി. ക്രൂഡോയിൽ വിപണി
ഹോർമുസിലൂടെ പശ്ചിമേഷ്യയിലേക്ക് വരുന്ന കപ്പലുകൾ ഇറാൻ പാതയിലൂടെയും തിരിച്ചുള്ള കപ്പലുകൾ ഒമാൻ പാതയിലൂടെയും കടന്നു പോകുമെന്നാണ് നിലവിലെ വിവരം.
ഇതനുസരിച്ചുള്ള കരാർ അന്തിമഘട്ടത്തിലാണെന്ന റിപ്പോർട്ടുകൾ വന്നതോടെ ക്രൂഡോയിൽ വില അൽപം ഉയർന്നു. ബ്രെന്റ് ക്രൂഡോയിൽ 0.64 ശതമാനം ഉയർന്ന് 79.96 ഡോളറിലെത്തി.
ഡബ്ല്യുടിഐ ബാരലിന് 75.64 ഡോളറിലാണ്. മർബൻ 77.94 ഡോളറിലും.
എന്നാൽ എണ്ണവില 80 ഡോളറിൽ താഴെ തുടരുന്നത് വിപണികൾക്ക് ആശ്വാസമാണ്. അതേസമയം, വിവിധയിടങ്ങളിൽ കുടുങ്ങിക്കിടന്ന കപ്പലുകൾ വീണ്ടും ഹോർമുസ് വഴി കടന്നു പോകാനുള്ള ശ്രമത്തിലാണ്.
കൊളംബോ തുറമുഖത്തിൽ കുടുങ്ങിയിരുന്ന കണ്ടെയ്നറുകൾ ദുബായ് തുറമുഖത്തേക്ക് നീങ്ങുന്നതായി അറിയിപ്പു ലഭിച്ചതായി വ്യാപാരികൾ പറയുന്നു. സ്വർണവില മുന്നേറ്റം
പശ്ചിമേഷ്യയിലെ സമാധാന കരാറും എണ്ണവിലയിടിവും സ്വർണവിലയിൽ ആവേശമായി.
ഇന്നലെ 169.60 ഡോളർ ഉയർന്ന് ഔൺസിന് 4246 ഡോളറിലാണ് സ്വർണം ക്ലോസ് ചെയ്തത്. ഇന്ന് 4300 ഡോളറിനു മുകളിലേക്ക് കയറിയ സ്വർണവില നിലവിൽ 4283 ഡോളറിലാണ്.
ഇന്നലെയും ഇന്നും 4 ശതമാനം വീതമാണ് സ്വർണവില ഉയർന്നത്. ഇന്നലെ പുറത്തുവന്ന ജൂലൈ മാസത്തിലെ യുഎസ് സ്വകാര്യ തൊഴിൽ റിപ്പോർട്ട് പ്രതീക്ഷിച്ചതുപോലെ 44,000 തൊഴിലവസരങ്ങളുടെ വർധന മാത്രം രേഖപ്പെടുത്തിയത് സ്വർണത്തിന് അനുകൂലമായി.
തൊഴിൽ വിപണി ദുർബലമായി തുടരുന്നത് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ കാരണമായേക്കുമെന്ന വിലയിരുത്തലിലാണ് വിപണി. പലിശ നിരക്ക് കുറച്ചാൽ സ്വർണത്തിന്റെ ഡിമാൻഡ് വർധിക്കുകയും വില കൂടുന്നതുമാണ് പതിവ്.
വിപണി വിശകലനം
∙അവസാന മിനിറ്റിലെ കുതിപ്പ് ഇന്നലെയും വിപണിയിൽ ആവർത്തിച്ചു. ഇരു സൂചികകളും അവസാനിച്ചത് പച്ചയിൽ.
സെൻസെക്സ് 152 പോയിന്റ് ഉയരത്തിൽ 78,581ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 10 പോയിന്റുകൾ മാത്രം നേട്ടത്തിൽ 24,625ലുമെത്തി.
പുതുതായി അവതരിപ്പിച്ച ക്ലോസിങ് ഓക്ഷൻ സെഷനിലാണ് (സിഎഎസ്) സെൻസെക്സ് 80 പോയിന്റും നിഫ്റ്റി 55 പോയിന്റും കൂട്ടിച്ചേർത്തത്.
∙എന്നാൽ വിശാലവിപണി നേട്ടത്തിലായിരുന്നു. നിഫ്റ്റി സ്മോൾക്യാപ് സൂചിക എക്കാലത്തെയും ഉയരമായ 19,823.65ലെത്തിയെങ്കിലും 19783.70ലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി മിഡ്ക്യാപ് സൂചിക 14 പോയിന്റ് നേട്ടത്തിലും വ്യാപാരം നിർത്തി.
∙ഓട്ടോ ഓഹരികൾ ഇന്നലെ മികച്ച നേട്ടമുണ്ടാക്കി. നിഫ്റ്റി ഓട്ടോ സൂചിക 370.25 പോയിന്റ് (1.29 ശതമാനം) നേട്ടത്തിൽ 29,411.55 ലെത്തി.
ബോഷ്, എക്സൈഡ് ഇൻഡസ്ട്രീസ്, അശോക് ലെയ്ലൻഡ്, ഹീറോ മോട്ടോ കോർപ്, സംവർധന, അപ്പോളോ ടയേഴ്സ്, എംആർഎഫ്, ഭാരത് ഫോർജ്, ടിവിഎസ് മോട്ടോഴ്സ്, മഹിന്ദ്ര ആൻഡ് മഹിന്ദ്ര എന്നീ ഓട്ടോ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
∙നാലാം തവണയും റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ നിലനിർത്താൻ റിസർവ് ബാങ്ക് തീരുമാനിച്ചതും പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവുണ്ടാകുമെന്ന റിപ്പോർട്ടുകളുമാണ് വിപണിക്ക് നേട്ടമായത്. സാഹചര്യങ്ങൾക്കനുസരിച്ച് പലിശ നിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാൻ പണനയ സമിതിക്ക് സ്വാതന്ത്ര്യം നൽകുന്ന ‘ന്യൂട്രൽ സ്റ്റാൻസ്’ തുടരാനും തീരുമാനിച്ചു.
∙അടുത്ത പണനയ യോഗം ഒക്ടോബർ 5 മുതൽ 7 വരെയാണ്.
ഇതിലും നിരക്ക് വർധനയുണ്ടാകില്ലെന്നാണ് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര നൽകുന്ന സൂചന. എന്നാൽ ഡിസംബറിൽ നടക്കുന്ന യോഗത്തിൽ 0.5 മുതൽ 1 ശതമാനം വരെ നിരക്കു വർധനയുണ്ടായേക്കും.
നടപ്പു സാമ്പത്തികവർഷത്തെ വിലക്കയറ്റത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുന്നതുവരെ കാത്തിരിക്കാനാണ് ആർബിഐ തീരുമാനം. രൂപയുടെ മുന്നേറ്റം
അമേരിക്കൻ ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്ക് ഇന്നലെ 20 പൈസ നേട്ടം.
മൂല്യം 95.08 ആയി ഉയർന്നു. അടിസ്ഥാന പലിശനിരക്കിൽ മാറ്റം വരുത്താത്ത റിസർവ് ബാങ്കിന്റെ പണനയവും ക്രൂഡോയിൽ വിലയിടിവുമാണ് രൂപയ്ക്ക് തുണയായത്.
അതേസമയം, റിസർവ് ബാങ്കിന്റെ പണനയം രൂപയുടെ വിനിമയ നിരക്ക് കൂടുതൽ ഉയർത്താൻ സഹായിക്കുമെന്നും അനലിസ്റ്റുകൾ കരുതുന്നു. ഈ വർഷം അവസാനത്തോടെ 90 ലേക്ക് തിരിച്ചെത്താനുള്ള സാധ്യതയുമുണ്ട്.
വിദേശ നിക്ഷേപകർ തിരിച്ചു വരുന്നതും എണ്ണവില കുറയുന്നതും ഗുണകരമാണ്. ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻ യുഎസ് കമ്പനികൾ ഇന്ത്യയിൽ നടത്തുമെന്ന് പ്രഖ്യാപിച്ച നിക്ഷേപങ്ങൾ അടുത്ത വർഷത്തോടെ രാജ്യത്തേക്ക് എത്തും.
ഇതോടെ രൂപ 90ലേക്ക് മെച്ചപ്പെടുമെന്നും വിദഗ്ധർ പറയുന്നു. മറ്റ് വിപണി വിശേഷങ്ങൾ
∙വിപണിയിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച നടപ്പിലാക്കിയ പുതിയ ക്ലോസിങ് സമയവും ക്ലോസിങ് ഓക്ഷൻ സെഷനും സെക്യുരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഉടൻ പരിശോധിക്കില്ലെന്ന് വിവരം.
വിപണിയിലെ പുതിയ പരിഷ്ക്കാരം ക്ലോസിങിന് തൊട്ടുമുൻപുള്ള മിനിറ്റുകളിൽ സൂചികകളെ കുത്തനെ ഉയർത്തുന്നുണ്ട്. ഇത് പലരും ചൂണ്ടിക്കാട്ടിയെങ്കിലും തൽക്കാലം പരിശോധനയിലേക്ക് കടക്കേണ്ടതില്ലെന്നാണ് സെബിയുടെ തീരുമാനമെന്ന് അറിയുന്നു.
പകരം പുതിയ സംവിധാനത്തെക്കുറിച്ച് നിക്ഷേപകർക്ക് അവബോധം നൽകണമെന്ന് സെബി ബ്രോക്കറേജുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
∙ഇന്ന് ഇന്ത്യൻ ഓഹരി വിപണി ജാഗ്രതയോടെ വ്യാപാരം ആരംഭിക്കാനാണ് സാധ്യത. ഗിഫ്റ്റ് നിഫ്റ്റിയിൽ നിലവിൽ 56 പോയിന്റോളം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
∙ഏഷ്യൻ വിപണികളിൽ സമ്മിശ്രമായാണ് വ്യാപാരം.
ജപ്പാനിലെ നിക്കെയ്, കൊറിയൻ കോസ്പി, ഹോങ്കോങ് വിപണികൾ നഷ്ടത്തിലായി. ഹോങ്കോങ് വിപണി നേട്ടത്തിലാണ് വ്യാപാരം.
∙ഇന്നലെ അമേരിക്കൻ ഓഹരി വിപണിയും സമ്മിശ്രമായാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഡോ സൂചിക എക്കാലത്തെയും മികച്ച ഉയരത്തിലെത്തി. കമ്പനികൾ മികച്ച പാദഫലങ്ങൾ പുറത്തുവിട്ടതും എൻവിഡിയ ഓഹരികൾ മുന്നേറിയതുമാണ് സൂചികയ്ക്ക് തിളക്കമായത്.
സ്പേസ് എക്സിന്റെ ഭാവി ഗവേഷണങ്ങൾക്ക് എൻവിഡിയ ചിപ്പുകൾ ഉപയോഗിക്കുമെന്ന് ഇലോൺ മസ്ക് പറഞ്ഞതാണ് ഓഹരികൾക്ക് നേട്ടമായത്. അതേസമയം, ഐപിഒയ്ക്കു ശേഷം ആദ്യ പാദഫലങ്ങൾ പുറത്തുവിട്ട
സ്പേസ് എക്സ് ഓഹരികൾ 13 ശതമാനം ഇടിഞ്ഞു. എസ് ആൻഡ് പി കഴിഞ്ഞ ദിവസം കുറിച്ച റെക്കോർഡിൽ നിന്ന് താഴെ ഇറങ്ങി.
0.17 ശതമാനം നഷ്ടത്തിലാണ് ക്ലോസിങ്. നാസ്ഡാക് സൂചികയും 0.83 ശതമാനം നഷ്ടത്തിലായി.
*(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)*
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

