ഇറാൻ യുഎസ് യുദ്ധം രണ്ടാമത്തെ മാസത്തിലേക്ക് കടന്നിട്ടും സ്വർണവില തുടർച്ചയായി നഷ്ടത്തിലേക്ക് പോകുന്നത് എന്തുകൊണ്ടാണ്? യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ റെക്കോർഡിലേക്ക് കുതിക്കാറുള്ള സ്വർണം ഇറാൻ വിഷയത്തിൽ റിവേഴ്സ് ഗിയറിയാണ്. സംഘർഷം തുടങ്ങിയതിന് പിന്നാലെ വിലയിടിഞ്ഞത് കുത്തനെ.
എന്നാൽ കഴിഞ്ഞ ആഴ്ചയിൽ സ്വർണം പതിയെ കരകയറുന്ന കാഴ്ചയാണ് വിപണിയിൽ കാണാൻ കഴിയുന്നത്. വമ്പന്‍ സാമ്പത്തിക സ്ഥാപനങ്ങൾ പ്രവചിച്ചതു പോലെ സ്വർണം പുതിയ റെക്കോർഡിലേക്കുള്ള കുതിപ്പിലാണോ? പരിശോധിക്കാം.
ഇത് റെക്കോര്‍ഡ്
ജനുവരി 29ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയാണ് കേരളത്തിലെ റെക്കോർഡ്.
ഏപ്രിൽ നാലിലെ വില ഗ്രാമിന് 13,835 രൂപ. 18 ശതമാനമാണ് റെക്കോർഡിൽ നിന്ന് കുറഞ്ഞത്.
രാജ്യാന്തര വിപണിയിൽ ഔൺസിന് 4,676 ഡോളറാണ് വില. ജനുവരിയിൽ ഔൺസിന് സർവകാല ഉയരമായ 5,500 ഡോളറിന് തൊട്ടടുത്ത് എത്തിയിരുന്നു.
എന്നാൽ പിന്നീട് ക്രമേണ താഴേക്ക് ഇറങ്ങി.
എന്തുകൊണ്ട് സ്വർണം ഇടിയുന്നു?
∙ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി കണക്കാക്കുന്ന ഒന്നാണ് സ്വര്‍ണം. യുദ്ധം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആളുകൾ സ്വർണം വാങ്ങാറുണ്ട്.
എളുപ്പത്തിൽ പണമാക്കി മാറ്റാമെന്നതും സൂക്ഷിക്കാൻ എളുപ്പമായതുമാണ് കാരണം. ഡിമാൻഡ് ഉയരുന്ന സാഹചര്യത്തിൽ സ്വർണവിലയും കൂടും.
∙എന്നാൽ ഇറാനിൽ യുഎസ് – ഇസ്രയേല്‍ ആക്രമണമുണ്ടായതിന് പിന്നാലെ ഹോര്‍മുസ് കടലിടുക്കു വഴിയുള്ള ഗതാഗതം നിലച്ചതും ക്രൂഡ് ഓയിൽ വില കുതിക്കാൻ തുടങ്ങിയതുമാണ് കഥ മാറ്റിയത്.
∙ക്രൂഡ് ഓയിൽ വില ഉയർന്നത് അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്കും വർധിപ്പിച്ചു.
ഇതോടെ മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവ് വർധിച്ചു. ഇതോടെ സ്വർണത്തിന്റെ ഡിമാൻഡും വിലയും കുറഞ്ഞു.
∙എണ്ണ വില കൂടിയത് രാജ്യാന്തര തലത്തിൽ പണപ്പെരുപ്പം ശക്തമാക്കുമെന്ന ആശങ്കയും മറ്റൊരു കാരണമാണ്.
പണപ്പെരുപ്പം നിയന്ത്രിക്കാൻ കേന്ദ്ര ബാങ്കുകൾ, പ്രത്യേകിച്ചും യുഎസ് ഫെഡ് റിസർവ്, അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കില്ല. ഇതോടെ ആളുകൾ സ്വർണത്തിന് പകരം സർക്കാർ ബോണ്ടുകളില്‍ നിക്ഷേപിക്കും.
സ്വാഭാവികമായും ഇവിടെയും സ്വർണത്തിന് ഡിമാൻഡ് കുറവുണ്ടാകും.
തിരിച്ചു വരുമോ?
∙ഇറാൻ യുദ്ധത്തിന് ശേഷം വില ഇടിഞ്ഞെങ്കിലും കഴിഞ്ഞ ആഴ്ച സ്വർണവില വർധിച്ചു. ഏതാണ്ട് രണ്ടു ശതമാനത്തോളമാണ് വർധന.
ഇറാനും യുഎസും സമാധാനത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകളാണ് വീണ്ടും സ്വർണത്തിന്റെ ഡിമാൻഡ് കൂട്ടിയത്. ക്രൂഡ് ഓയിൽ വിലയും ഡോളർ സൂചികയും ഒരൽപം താഴ്ന്നതും കാരണമായി,
∙ഇറാനിൽ ശക്തമായ ആക്രമണം തുടരുമെന്ന ട്രംപിന്റെ പ്രസ്താവനയോടെ കാര്യങ്ങൾ വീണ്ടും മാറിമറിഞ്ഞു.
ക്രൂഡ് ഓയിൽ വില വീണ്ടും കയറ്റത്തിലാണ്. പശ്ചിമേഷ്യയിൽ ഉടൻ സമാധാനം പുലരുമെന്ന പ്രതീക്ഷയും നിക്ഷേപകർക്കില്ല.
അതുകൊണ്ടുതന്നെ അടുത്ത ദിവസങ്ങളിൽ സ്വർണവില സമ്മർദത്തിലാകുമെന്നാണ് വിദഗ്ധർ പറയുന്നത്.
∙പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ ഗതി അനുസരിച്ചാകും സ്വർണവില നിശ്ചയിക്കപ്പെടുക. സമാധാനത്തിന്റെ സൂചനകൾ കണ്ടാൽ വില കുത്തനെ കയറാം.
ഇല്ലെങ്കിൽ ഇടിവ് തുടരും. അടുത്ത ദിവസങ്ങളിൽ വിലയിൽ ശക്തമായ ചാഞ്ചാട്ടമുണ്ടാകാൻ സാധ്യതയുണ്ട്.
യുഎസിൽ നിന്ന് പുറത്തുവരുന്ന സാമ്പത്തിക കണക്കുകളും സ്വർണവിലയെ സ്വാധീനിക്കുമെന്നും വിദഗ്ധർ പറയുന്നു.
വില എങ്ങോട്ട്? വിവിധ പ്രവചനങ്ങൾ
∙ഗോൾഡ്മാൻ സാക്സ് – 5,400 ഡോളർ
∙ജെപി മോര്ഗൻ – 6,300 ഡോളർ
∙ബാങ്ക് ഓഫ് അമേരിക്ക – 6000 ഡോളർ
∙വെൽസ് ഫാർഗോ – 6,100 –6,300 ഡോളർ
∙ബിഎൻപി പാരിബാസ് – 6,250 ഡോളർ
(കണക്കുകളെല്ലാം 2026ന്റെ അവസാനത്തോടെ ഔൺസിന്)
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

